t

ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷമുള്ള കൊവിഡ് വ്യാപനവും പക്ഷിപ്പനിയും ജില്ലയിലെ തൊഴിൽ മേഖലകളിൽ വീണ്ടും പ്രതിസന്ധി സൃഷ്ടിക്കുന്നു.

പക്ഷിപ്പനി ബാധിച്ച വളർത്തുപക്ഷികളെ മൃഗസംരക്ഷണവകുപ്പിന്റെ നേതൃത്വത്തിൽ കൊന്നെങ്കിലും ആശങ്ക ഒഴിഞ്ഞിട്ടില്ല. പച്ചക്കറി വില പതിയെ ഉയർന്നു തുടങ്ങിയിട്ടുണ്ട്. കൊവിഡ് വ്യാപനത്തിൽ അല്പം കുറവു വന്നപ്പോൾ ടൂറിസം മേഖലയ്ക്ക് ജീവൻ വച്ചിരുന്നു. ഹൗസ്ബോട്ട് സഞ്ചാരത്തിനും ആളെത്തിത്തുടങ്ങി. എന്നാൽ പക്ഷിപ്പനി സംബന്ധിച്ച പ്രചാരണങ്ങൾ സഞ്ചാരികളെ അകറ്റുകയാണ്.

ക്രിസ്മസ്-ന്യൂ ഇയർ സീസണിൽ ഹൗസ് ബോട്ടുകൾ തിരിച്ചുവരവിന്റെ പാതയിലായിരുന്നു. കുട്ടനാടൻ മേഖലയിലെ ആകർഷണമായ കള്ളുഷാപ്പുകളിൽ ഭക്ഷണ കച്ചവടം കുറഞ്ഞു. താറാവും കരിമീനുമായിരുന്നു നിലവാരമുള്ള ഷാപ്പുകളിലെ പ്രധാന ഇനങ്ങൾ. ജില്ലയിൽ അതിതീവ്ര കൊവിഡിന്റെ സാന്നിദ്ധ്യം കണ്ടതോടെ അന്യസംസ്ഥാന ടൂറിസ്റ്റുകളുടെ വരവും ഇടിഞ്ഞിട്ടുണ്ട്. കുടുംബശ്രീ നേതൃത്വത്തിൽ സ്ത്രീകൾ നടത്തിയിരുന്ന കുടിൽ വ്യവസായങ്ങളും പ്രതിസന്ധിയിലായി. പഞ്ചായത്തുകളിൽ നിന്ന് കുടുംബശ്രീ വഴി വിതരണം ചെയ്തിരുന്ന കോഴികളേയും താറാവുകളേയും വളർത്തി മുട്ടയും ഇറച്ചിയും വിറ്റിരുന്ന വീട്ടമ്മമാർ പ്രതിസന്ധിയിലാണ്. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ മുട്ട, മാംസം എന്നിവയുടെ വിപണനം പാടേ നിറുത്തി. കൊവിഡ് വ്യാപനത്തോടെ തിരിച്ചെത്തിയ വിദേശ മലയാളികളിൽ പലരും മത്സ്യം, കോഴി, താറാവ് വളർത്തലാണ് പുതിയ വഴിയായി കണ്ടെത്തിയത്. ഇവർക്ക് കൂനിന്മേൽ കുരുവായി പക്ഷിപ്പനി. വഴിയോരങ്ങളിൽ മുട്ടക്കച്ചവടം നടത്തുന്ന സ്ത്രീ തൊഴിലാളികൾക്കും പക്ഷിപ്പനി ഇരുട്ടടിയായിട്ടുണ്ട്.

 തൊഴിൽ നഷ്ടം

പക്ഷിപ്പനിയോടെ കുട്ടനാട്ടിലെയും അപ്പർകുട്ടനാട്ടിലെയും നൂറുകണക്കിനാളുകൾക്കാണ് തൊഴിൽ നഷ്ടമായത്. ഇറച്ചിക്കായി ശേഖരിച്ച താറാവുകളുടേയും കോഴികളുടേയും വില്പന തടഞ്ഞതിനാൽ വലിയ നഷ്ടമാണ് പലർക്കുമുണ്ടായത്. ചെറുകിട ഇറച്ചിക്കടകളിലും കോൾഡ് സ്റ്റോറേജുകളിലുമൊക്കെ ജോലി ചെയ്തിരുന്നവർ വീട്ടിലിരിപ്പായി. അന്യസംസ്ഥാന തൊഴിലാളികളും മടങ്ങി.

പക്ഷിപ്പനി കുട്ടനാടൻ മേഖലയിൽ സ്ത്രീകളുടെ തൊഴിൽ നഷ്ടപ്പെടുത്തി. ധാരാളം സ്ത്രീകൾ കുടുംബശ്രീ യൂണിറ്റുകളിൽ നിന്ന് വായ്പയെടുത്ത് താറാവ് കൃഷി നടത്തിയിരുന്നു. മുട്ട വില്പനയായിരുന്നു പ്രധാനം. വല്ലാത്ത പ്രതിസന്ധിയാണിപ്പോൾ

(ഉഷാകുമാരി,കർഷക, മങ്കൊമ്പ്)