t

ആലപ്പുഴ: പ്രധാനമന്ത്രി എത്തിയാലും ഇല്ലെങ്കിലും ആലപ്പുഴ ബൈപാസ് നിയമസഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം വരും മുമ്പ് ഉദ്ഘാടനം ചെയ്തേക്കും. ഉദ്ഘാടനത്തിനായി പ്രധാനമന്ത്രിയെ സ്വാഗതം ചെയ്തും തീയതി അറിയിക്കണമെന്നും കാട്ടി ശനിയാഴ്ച മന്ത്രി ജി.സുധാകരൻ കേന്ദ്ര ഉപരിതല മന്ത്രാലയത്തിന് കത്തയച്ചു.

ആലപ്പുഴ നിവാസികൾക്ക് പുതുവത്സര സമ്മാനമായി ബൈപാസ് സമർപ്പിക്കുമെന്നായിരുന്നു നേരത്തെ മന്ത്രി പറഞ്ഞിരുന്നത്. ഇത് മുൻനിറുത്തി വേഗത്തിലാണ് പെയിന്റിംഗ്, ലൈറ്റുകൾ സ്ഥാപിക്കൽ, ഭാരശേഷി പരിശോധന, പൈപ്പ് സ്ഥാപിക്കൽ തുടങ്ങി അവസാനഘട്ട ജോലികൾ തീർത്തത്. ബൈപ്പാസ് ഉദ്ഘാടനം നിർവഹിക്കാൻ പ്രധാനമന്ത്രിക്ക് താത്പര്യമുണ്ടെന്ന് അറിയിച്ചു കൊണ്ട് ഉപരിതല ഗതാഗതവകുപ്പിന്റെ കത്ത് നവംബറിൽ സംസ്ഥാന സർക്കാരിന് ലഭിച്ചിരുന്നു. എന്നാൽ പിന്നീട് ഒരു വിധ അറിയിപ്പും പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്ന് ലഭിച്ചില്ല. ജോലികൾ എല്ലാം തീർത്ത സ്ഥിതിക്ക് ഉദ്ഘാടനം വൈകിച്ചാൽ അത് പ്രതിഷേധത്തിന് വഴിവയ്ക്കുമെന്ന് സർക്കാർ കരുതുന്നു. അതുകൊണ്ടാണ് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുംമുമ്പ് ഉദ്ഘാടനം നടത്താൻ ആലോചിക്കുന്നത്.1980ൽ സ്ഥലം ഏറ്റെടുക്കൽ തുടങ്ങിയെങ്കിലും പലവിധ കാരണങ്ങളാൽ പണികൾ തുടങ്ങാൻ വൈകി. 2015 ലാണ് കേന്ദ്രമന്ത്രി നിതിൻഗഡ്കരി നിർമ്മാണം ഉദ്ഘാടനം ചെയ്തത്. റെയിൽവെ മേൽപ്പാലം തീർക്കാൻ റെയിൽവെയുടെ അനുമതി കിട്ടാൻ വൈകിയത് പിന്നെയും തടസങ്ങളുണ്ടാക്കി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി ജി.സുധാകരനും നടത്തിയ വലിയ പരിശ്രമമാണ് തടസങ്ങൾ നീക്കി കാര്യങ്ങൾ വേഗത്തിലാക്കയത്.

കളർകോട് ജംഗ്ഷൻ മുതൽ കൊമ്മാടി വരെ 6.8 കിലോ മീറ്റർ നീളത്തിലാണ് ബൈപാസ്. ഇതിൽ 3.4 കിലോമീറ്റർ ഫ്ളൈ ഓവറായാണ് പോകുന്നത്. 349 കോടിയാണ് നിർമ്മാണ ചെലവ്. കേന്ദ്രവും സംസ്ഥാനവും തുല്യ പങ്കാളിത്തമാണ് വഹിക്കുന്നത്. കുതിരപ്പന്തിയിലും മാളികമുക്കിലുമായാണ് രണ്ട് റെയിൽവെ ഓവർബ്രിഡ്‌ജുകൾ.കളർകോട്ടും കൊമ്മാടിയിലും ജംഗ്ഷൻ വികസനത്തിന് പൊതുമരാമത്ത് വകുപ്പിന്റെ ഫണ്ടാണ് ഉപയോഗിച്ചത്. ബൈപാസിൽ കൂടുതൽ ലൈറ്റുകൾ സ്ഥാപിച്ചതും പൊതുമരാമത്ത് വകുപ്പാണ്.

ബൈപാസ് ഉദ്ഘാടനത്തിന് പ്രധാനമന്ത്രി പങ്കെടുക്കാനുള്ള സൗകര്യം ആരാഞ്ഞ് കേന്ദ്രത്തിന് കത്തയച്ചിട്ടുണ്ട്. കുറച്ചു ദിവസങ്ങൾ കൂടി കാക്കും.കഴിഞ്ഞ നവംബർ 20 നാണ് പ്രധാനമന്ത്രിക്ക് ഉദ്ഘാടന ചടങ്ങിന് എത്താനുള്ള താത്പര്യം കാട്ടി ഉപരിതല ഗതാഗത വകുപ്പിന്റെ കത്ത് സംസ്ഥാനത്തിന് ലഭിച്ചത്. ഇപ്പോൾ രണ്ടു മാസം തികയാറായി.എന്നിട്ടും ഒരു മറുപടിയും ലഭിച്ചിട്ടില്ല. നിർമ്മാണത്തുക കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യമായി വഹിക്കാനായിരുന്നു ധാരണ.എന്നിട്ടും അപ്രോച്ച് റോഡ്, മോടിപിടിപ്പിക്കൽ,റെയിൽവെ മേൽപ്പാലത്തിന് അനുമതി കിട്ടാനുള്ള ഏഴ് കോടി അടക്കം 25 കോടി സംസ്ഥാന സർക്കാരിന് അധികം ചെലവായിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പാണ് നിർമ്മാണ ചുമതല നിർവഹിച്ചത്.ഉദ്ഘാടനം അധികനാൾ നീട്ടിക്കൊണ്ടു പോകാൻ സാധിക്കില്ല.

ജി.സുധാകരൻ (പൊതുമരാമത്ത് വകുപ്പ് മന്ത്രി)