ആലപ്പുഴ: വായനയും കവിതയെഴുത്തും ഹൃദയത്തോട് ചേർത്തുവയ്ക്കുന്ന മന്ത്രി ജി.സുധാകരന്റെ പക്കൽ ലൈബ്രറികളെ കാത്തിരിക്കുന്നത് 14 ലക്ഷം രൂപയോളം മൂല്യമുള്ള പുസ്തകങ്ങൾ! ലൈബ്രറികളിൽ സാധാരണ ലഭിക്കാത്ത പുസ്തകങ്ങളാണ് വീതംവച്ചു നൽകാൻ മന്ത്രി തീരുമാനിച്ചിട്ടുള്ളത്.
ഏതെല്ലാം ലൈബ്രറികൾക്കാണ് ഇവ നൽകേണ്ടതെന്ന് പിന്നാലെ തീരുമാനിക്കും. 6000ത്തോളം പുസ്തകശേഖരത്തിന്റെ ഉടമയാണ് മന്ത്രി. നിയമസഭ പ്രസംഗങ്ങളിൽ മിക്കപ്പോഴും ഇവയിൽ നിന്നുള്ള ഉദ്ധരണികൾ അദ്ദേഹം പ്രയോഗിക്കാറുമുണ്ട്. ആംഗലേയ സാഹിത്യത്തിൽ ബിരുദാനന്തര ബിരുദമുള്ള സുധാകരൻ കമ്യൂണിസത്തെക്കുറിച്ചും സാമ്പത്തിക ശാസ്ത്രത്തെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചും ഇടതടവുമില്ലാതെ സംസാരിക്കാറുമുണ്ട്. മന്ത്രിയായ ശേഷം തനിക്ക് പൊതുജനങ്ങളിൽ നിന്നു ലഭിച്ച പൊന്നാടകൾ വയോജനങ്ങൾക്ക് വിതരണം ചെയ്യാൻ ഇന്നലെ തൂക്കുകുളത്തെ ഓഫീസിൽ നടത്തിയ ചടങ്ങിലാണ് പുസ്തക കൈമാറ്റ കാര്യംപറഞ്ഞത്.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ 9000 ത്തോളം പൊന്നാടകളാണ് പൊതുചടങ്ങുകളിൽ അദ്ദേഹത്തിന് സ്നേഹപ്രതീകമായി ലഭിച്ചത്. അതിൽ 6000 പൊന്നാടകൾ രണ്ട് വർഷം മുമ്പ് വിതരണം ചെയ്തിരുന്നു. മണ്ഡലത്തിലെ 75 വയസിനു മുകളിലുള്ള അമ്മമാർക്കാണ് ഇവ നൽകുന്നത്. തൂക്കുകുളം ഓഫീസിൽ നടന്ന ചടങ്ങിൽ 85 വയസുകാരി കൊച്ചുപെണ്ണിനും 83 വയസുകാരി രാജമ്മയ്ക്കും പൊന്നാട നൽകിയാണ് ഉദ്ഘാടനം ചെയ്തത്.
2006-2011 കാലഘട്ടം മുതൽ പൊന്നാടകൾ കൂട്ടിവച്ചു അർഹർക്ക് വിതരണം ചെയ്യുന്ന പതിവുണ്ട്. വിവിധ യോഗങ്ങളിലും സമ്മേളനങ്ങളിലും പങ്കെടുക്കുമ്പോൾ ലഭിച്ചിട്ടുള്ള ബാഡ്ജ്, കാർഡുകൾ, ട്രോഫി എന്നിവയുടെയെല്ലാം വലിയ ശേഖരം ഓഫീസായി പ്രവർത്തിക്കുന്ന തൂക്കുകുളത്തെ വീട്ടിൽ സൂക്ഷിച്ചിരുന്നു. പുസ്തക വായനപോലെ നിഷ്ഠകളിലൊന്നാണ് ലഭിക്കുന്ന ബാഡ്ജുകളും മൊമെന്റോകളും സൂക്ഷിക്കുന്നത്. അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷ്, പുന്നപ്ര വടക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത സതീഷ്, വാർഡ് മെമ്പർ വിനോദ് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.