subha

ആലപ്പുഴ: സാക്ഷരതാ മിഷൻ നടത്തിയ ഗുഡ് ഇംഗ്ലീഷ് കോഴ്‌സിന്റെ അവസാന ദിവസത്തെ പരീക്ഷ കഴിഞ്ഞിറങ്ങുമ്പോൾ സുഭാഷിണി ചേച്ചിയുടെ മുഖം പ്രസന്നമായിരുന്നു. 'ഗുഡ് ഇംഗ്ലീഷ് ഈസ് വെരിഗുഡ് കോഴ്‌സ് ' എന്നായിരുന്നു ആദ്യ 'ഇംഗ്ളീഷ്' പ്രതികരണം.
ജില്ലയിലെ ഏ​റ്റവും പ്രായം കൂടിയ പരീക്ഷാർത്ഥിയായിരുന്നു 70 കാരിയായ സുഭാഷിണി. കലവൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് സുഭാഷിണി ഗുഡ് ഇംഗ്ലീഷ് കോഴ്‌സിന്റെ പരീക്ഷ എഴുതിയത്. ജില്ലയിലാകെ 39 പേരാണ് പരീക്ഷ എഴുതിയത്.
മണ്ണഞ്ചേരി പഞ്ചായത്ത് പതിനാറാം വാർഡിൽ അരക്കംപള്ളി വെളിയിൽ സുഭാഷിണിക്ക് ചെറുപ്പത്തിൽ പഠനം ഉപേക്ഷിക്കേണ്ടി വന്നെങ്കിലും സാക്ഷരതാ മിഷനിലൂടെ പത്താം ക്ലാസും ഹയർ സെക്കൻഡറിയും ജയിച്ചാണ് പഠനമികവ് തെളിയിച്ചത്. തുല്യതാ പഠിതാക്കൾക്കായി നടത്തിയ ജില്ലാതുടർ വിദ്യാഭ്യാസ കലോത്സവത്തിൽ കവിതാ രചനയിൽ ഒന്നാം സ്ഥാനം നേടിയിരുന്നു.
പൊതു വിദ്യാഭ്യാസ വകുപ്പ് സാക്ഷരതാ മിഷൻ വഴി മൂന്ന് സർട്ടിഫിക്ക​റ്റ് കോഴ്‌സുകളാണ് നടത്തുന്നത്. പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അച്ഛീ ഹിന്ദി. താൻ എഴുതിയ പരീക്ഷ ഉറപ്പായും ജയിക്കുമെന്നും അടുത്ത ബാച്ചിൽ പച്ച മലയാളം കോഴ്‌സിന് ചേരുമെന്നും സുഭാഷിണി പറഞ്ഞു.