വള്ളികുന്നം: വർക്ക്‌ഷോപ്പ് ജീവനക്കാരും യുവാവും തമ്മിലുണ്ടായ സംഘർഷം വീടാക്രമണത്തിൽ കലാശിച്ചു. വള്ളികുന്നം വട്ടയ്ക്കാട് ദേവീവിലാസത്തിൽ രാജീവിന്റെ (ഭാസി- 40) വീടിനു നേരെയാണ് ശനിയാഴ്ച രാത്രി 10.30 ഓടെ ആക്രമണം നടന്നത്. പോർച്ചിൽ സൂക്ഷിച്ചിരുന്ന രണ്ട് ഇരുചക്രവാഹനങ്ങളും ഒപ്പം ജനാലകളും ഗൃഹോപകരണങ്ങളും അക്രമിസംഘം തകർത്തു.
വീടിന്റെ പുനർനിർമ്മാണത്തിനായി ഇറക്കി വച്ചിരുന്ന സാധന സാമഗ്രികളും നശിപ്പിച്ചു. ശനിയാഴ്ച വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. ഓച്ചിറയ്ക്ക് സമീപമുള്ള വർക്ക്‌ഷോപ്പിൽ വച്ച് രാജീവും വർക്ക്‌ഷോപ്പ് ജീവനക്കാരായ സലീം, നിസാർ എന്നിവരുമായുണ്ടായ സംഘട്ടനത്തിൽ മൂന്നു പേർക്കും പരിക്കേറ്റിരുന്നു. ഇതിന്റെ തുടർച്ചയായിട്ടാണ് രാത്രി 10.30 ഓടെ രാജീവിന്റെ വീടാക്രമിച്ചത്. ബൈക്കുകളിൽ മാരകായുധങ്ങളുമായി എത്തിയ 20 അംഗ സംഘമാണ് അക്രമണം നടത്തിയതെന്ന് സഹോദരൻ വള്ളികുന്നം പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. ആദ്യം നടന്ന തർക്കത്തിൽ പരിക്ക് പറ്റിയ രാജീവിനെ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. വള്ളികുന്നം പൊലീസ് കേസെടുത്തു.