ആലപ്പുഴ: കൊവിഡ് ലക്ഷണമുണ്ടോയെന്ന പരിശോധനയ്ക്ക് നൂതന ഉപകരണം നിർമ്മിച്ച് പുന്നപ്ര കാർമൽ എൻജിനീയറിംഗ് കോളേജ് വിദ്യാർത്ഥികൾ. മെക്കാനിക്കൽ എൻജിനിയറിംഗ് വിദ്യാർഥികളായ ആദർശ്, സുരേഷ്, കെ. കിരൺ, എസ്. വിഷ്ണു, ജസ്റ്റിൻ ജോസ് എന്നിവരാണ് അസിസ്റ്റന്റ് പ്രൊഫ. രാഹുലിന്റെ നേതൃത്വത്തിൽ രണ്ടുമാസം നടത്തിയ ഗവേഷണത്തിനൊടുവിൽ സി.ടി.ഡി.എസ് 2 കെ 20 (കണ്ടെയ്ൻമെന്റ് സോൺ ട്രാക്കിംഗ് ഡിക്ടക്ഷൻ സിസ്റ്റം 2 കെ 20) എന്ന ഉപകരണം വികസിപ്പിച്ചത്.
ശരീര ഊഷ്മാവ് അളക്കുന്ന ഒരു സെൻസറും സാനിട്ടൈസറും കണ്ടെയ്ൻമെന്റ് സോണിൽ നിന്നുള്ളയാളാണോ എന്നത് കണ്ടെത്താനുള്ള ഉപകരണങ്ങളും ഈ സംവിധാനത്തിലുണ്ട്. ആദ്യഘട്ടത്തിൽ ശരീര ഊഷ്മാവ് അളക്കും. നിലവിൽ ഗൺ തെർമോമീറ്റർ ഉപയോഗിച്ചാണ് പരിശോധിക്കുന്നത്. ഇതിന് പകരം നിശ്ചിത ഉയരത്തിൽ സെൻസറിന്റെ സഹായത്തോടെയാണ് ഊഷ്മാവ് അളക്കുന്നത്. മിനിമം ഊഷ്മാവിനേക്കാൾ കൂടുതലാണെങ്കിൽ പ്രത്യേക ശബ്ദത്തോടെ ചുവന്ന ലൈറ്റ് തെളിയും. രണ്ടാം ഘട്ടത്തിൽ സാനിട്ടൈസിംഗ്, തുടർന്ന് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് എത്തുന്നവരെ കണ്ടെത്താനുള്ള സംവിധാനം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. ഉപകരണത്തിന് 10,000 രൂപയാണ് നിർമ്മാണ ചെലവ്. ഇത് സർക്കാർ ഏറ്റെടുത്ത് കോളേജുകളിൽ സ്ഥാപിക്കാനുള്ള നടപടിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാർത്ഥികൾ.
പരീക്ഷകളും മറ്റും കൊവിഡ് മാനദണ്ഡങ്ങളോടുകൂടി നടത്താൻ ഉപകരണം ഏറെ സഹായകരമാവും. മൂന്ന്ഘട്ട പരിശോധന നടത്തിയ ശേഷമാവും ഒരാൾക്ക് പരീക്ഷാ ഹാളിൽ പ്രവേശനം ലഭിക്കുകയെന്നും വിദ്യാർത്ഥികളും അസി. പ്രൊഫ. രാഹുലും വാർത്താസമ്മേളനത്തിൽ പറഞ്ഞു.