പ്രതിഷേധവുമായി കർഷകരും പൊതുപ്രവർത്തകരും
ആലപ്പുഴ: ജില്ലാക്കോടതി പാലം പുനർനിർമ്മിക്കുമ്പോൾ, പാലത്തിനു സമീപത്തെ ജില്ലാ മൃഗാശുപത്രി മാറ്റരുതെന്ന കാര്യത്തിൽ കർഷകർക്കും പൊതുപ്രവർത്തകർക്കും ഏകസ്വരം.
കുട്ടനാട്ടിൽ നിന്നുള്ളവരാണ് മരുന്നുവാങ്ങാനും മറ്റുമായി ഇവിടെ കൂടുതലായി എത്തുന്നത്. ജലഗതാഗത വകുപ്പിന്റെ യാത്രാബോട്ടിലും വള്ളങ്ങളിലുമൊക്കെ മൃഗാശുപത്രിക്ക് സമീപംവരെ എത്താനാവും. ബോട്ട് ജെട്ടിയിൽ നിന്ന് 100 മീറ്ററോളം മാത്രം അകലമേയുള്ളൂ ആശുപത്രിയിലേക്ക്. കിടാരികൾ, ആട് എന്നിവയെ ചെറു വള്ളങ്ങളിൽ എത്തിച്ച് ചികിത്സ നൽകാറുണ്ട്. സീവ്യൂ വാർഡിലേക്ക് ആശുപത്രിയുടെ പ്രവർത്തനം മാറ്റിയാൽ കുട്ടനാടൻ മേഖലകളിൽ നിന്നെത്തുന്നവർക്ക് ബുദ്ധിമുട്ടാകും. പാലം പുനർനിർമാണം നടപ്പാക്കുമ്പോൾ ആശുപത്രിയുടെ മുന്നിലെ പാർക്കിംഗ് ഏരിയ നഷ്ടമാകുന്നതാണ് പ്രശ്നം.
ജില്ലയിലെ കാലികളുടെയും പക്ഷികളുടെയും കണക്ക് പരിശോധിച്ചാൽ മൂന്നിൽ രണ്ട് ഭാഗവും കുട്ടനാട് താലൂക്കിലാണ്. ആശുപത്രി നഗരത്തിൽ നിന്ന് മാറുന്നതോടെ ഓട്ടോയിലോ ടാക്സിയിലോ പോകേണ്ടിവരുമെന്നത് അധിക സാമ്പത്തിക ബാദ്ധ്യതയാണ്. 1,40,395 പശു, ആട്, പന്നി, പോത്ത്, എരുമ ഉൾപ്പെടെയുള്ള വളർത്തുമൃഗങ്ങളാണ് 2019ലെ കണക്കെടുപ്പ് പ്രകാരം ജില്ലയിലുള്ളത്. ഓരോ വർഷവും കാലികളുടെ എണ്ണം മറ്റ് താലൂക്കുകളിൽ കുറയുമ്പോൾ കുട്ടനാട്ടിൽ വലിയ പ്രശ്നങ്ങളുണ്ടായിട്ടില്ല.
.......................................
ജില്ലയിലെ 72 ഗ്രാമപഞ്ചായത്തുകളിലുള്ള പ്രാദേശിക മൃഗാശുപത്രികളിലെ ഡോക്ടർമാരുടെ സംശയനിവാരണ കേന്ദ്രവും മികച്ച ലാബ്, പോസ്റ്റ്മോർട്ടം, ശസ്ത്രക്രിയ, മോട്ടോർ ബോട്ട് വെറ്ററിനറി ആശുപത്രി എന്നിവ ഉൾപ്പെടയുള്ള ആധുനിക സജ്ജീകരണവുമുള്ള ആശുപത്രിയാണ് ജില്ലാ ആസ്ഥാനത്ത് പ്രവർത്തിക്കുന്നത്. പ്രതിമാസ അവലോകന യോഗങ്ങളിൽ ജീവനക്കാർക്ക് ബുദ്ധിമുട്ടില്ലാതെ എത്തിച്ചേരാനും കഴിയും. നഗരസഭ ഈ സ്ഥലം നേരത്തെ ഏറ്റെടുക്കാൻ ഒരുങ്ങിയപ്പോൾ കർഷകർ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഭാവിയിൽ റോഡ് വികസനം വരുമ്പോൾ അടിഭാഗം പാർക്കിംഗിന് ഉപയോഗിക്കാൻ കഴിയുന്ന തരത്തിലായിരുന്നു പുതിയ കെട്ടിടം നിർമ്മിച്ചത്. അതുകൊണ്ടുതന്നെ വെറ്ററിനറി കേന്ദ്രം നഗരത്തിൽ നിലനിറുത്താൻ നടപടി സ്വീകരിക്കണം
ഡോ. എം.പി. വിജയകുമാർ (റിട്ട. ഡി.ഡി, മൃഗസംരക്ഷണ വകുപ്പ്)
ചെയർമാൻ, എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ
...........................................
നിലവിലെ ജില്ലാ ആശുപത്രിയുടെ മെച്ചപ്പെട്ട സേവനം വേഗത്തിൽ കർഷകർക്ക് ലഭിക്കാൻ ജില്ലാ ആശുപത്രി നിലവിലെ ഭാഗത്ത് തന്നെ നിലനിറുത്തണം. കുട്ടനാട്ടിൽ നിന്നുള്ളവർക്ക് ഇത് ആശ്വാസകരമാകും
രാജപ്പൻ, ക്ഷീരകർഷകൻ, കുട്ടനാട്
2019ലെ കണക്ക്
പശു, ആട്, പന്നി, പോത്ത്, എരുമ-1,40,395
നായ-65,156
പൂച്ച-6,422
കോഴി ഉൾപ്പെടെയുള്ള വളർത്തു പക്ഷികൾ- 9,64,012
താറാവ്-7,74,955