ജില്ലയിൽ പൂർത്തിയാക്കിയത് 17,588 വീടുകൾ
ആലപ്പുഴ: ലൈഫ് മിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്ത് രണ്ടരലക്ഷം വീടുകൾ പൂർത്തിയായതിന്റെ പ്രഖ്യാപനം 28ന് മുഖ്യമന്ത്റി പിണറായി വിജയൻ നടത്തും. എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും നടക്കുന്ന ചടങ്ങിൽ ഓൺലൈനായാണ് മുഖ്യമന്ത്റി പ്രഖ്യാപനം നടത്തുന്നത്.
ജില്ലയിൽ 72 ഗ്രാമപഞ്ചായത്തുകളിലും 6 മുനിസിപ്പാലിറ്റികളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചുകൊണ്ട് ഗുണഭോക്താക്കളുടെ സംഗമങ്ങൾ നടക്കും. വിവിധ സർക്കാർ വകുപ്പുകളിൽ നിന്നു ലൈഫ് ഗുണഭോക്താക്കൾക്ക് ലഭിക്കേണ്ട മറ്റ് സേവനങ്ങൾ സംബന്ധിച്ച അപേക്ഷകളും, പരാതികളും സ്വീകരിക്കാൻ ഈ സംഗമങ്ങളിൽ സംവിധാനമൊരുക്കും. ഇത്തരം അപേക്ഷകളും പരാതികളും കളക്ടറുടെ അദാലത്തുകളിൽ പ്രത്യേകമായി പരിഗണിച്ച് നടപടികൾ സ്വീകരിക്കും. അദാലത്തിൽ സമർപ്പിക്കേണ്ട അപേക്ഷകളുടെ ഫോറങ്ങൾ ഗുണഭോക്താക്കളുടെ വീടുകളിൽ എത്തിച്ചുകൊടുക്കും. പ്രഖ്യാപന ചടങ്ങുകളുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനതലത്തിൽ സംഘാടക സമിതികൾ രൂപീകരിച്ചു വരുന്നു.
ജില്ലയിൽ ലൈഫ് മിഷനിൽ വിവിധ ഘട്ടങ്ങളിലായി ഇതിനോടകം 17,588 വീടുകൾ പൂർത്തീകരിച്ചു. 3125 വീടുകൾ നിർമ്മാണ ഘട്ടത്തിലാണ്. നിർമ്മാണ ഘട്ടത്തിലുള്ള വീടുകളിൽ ഭൂരിഭാഗവും മുഖ്യമന്ത്റിയുടെ രണ്ടാംഘട്ട 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി മാർച്ചിൽ പൂർത്തിയാകും. എസ്.സി, എസ്.ടി, ഫിഷറീസ് അഡീഷണൽ ലിസ്റ്റിൽ 2954 പേരാണ് ജില്ലയിൽ നിലവിലുള്ളത്. ഇതിൽ രേഖകൾ ഹാജരാക്കുന്ന എല്ലാവരുമായും കരാറുണ്ടാക്കി വീട് നിർമ്മാണം ഈ മാസം തന്നെ ആരംഭിക്കും.
നാല് ഫ്ളാറ്റുകൾ
ഭൂരഹിതർക്കായി നാല് ഫ്ളാറ്റുകൾക്കാണ് ജില്ലയിൽ ഇതുവരെ ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ ആലപ്പുഴ പറവൂർ, മണ്ണഞ്ചേരി, പള്ളിപ്പാട് ഭവന സമുച്ചയങ്ങളുടെ നിർമ്മാണം ആരംഭിച്ചു. തഴക്കരയിൽ സഹകരണ വകുപ്പിന്റെ കെയർ ഹോം പദ്ധതിയുടെ ഭാഗമായി ഫ്ളാറ്റ് നിർമ്മിക്കും.
28ലെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ജില്ലാതലത്തിൽ മോണിറ്ററിംഗ് കമ്മിറ്റി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ജി. രാജേശ്വരി, കളക്ടർ എ. അലക്‌സാണ്ടർ, ജില്ലാ ദാരിദ്റ്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടർ വി. പ്രദീപ്കുമാർ, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീകുമാർ, നഗരകാര്യ റീജിയണൽ ജോയിന്റ് ഡയറക്ടർ, ലൈഫ് മിഷൻ ജില്ലാ കോ ഓർഡിനേറ്റർ പി.പി. ഉദയസിംഹൻ എന്നിവരാണ് മോണിറ്ററിംഗ് കമ്മിറ്റിയിലുള്ളത്.