ആലപ്പുഴ: ജില്ലയിൽ ഇന്നലെ ഒൻപത് കേന്ദ്രങ്ങളിലായി 530 പേർക്ക് വാക്‌സിൻ നൽകി. ഇതോടെ രണ്ട് ദിവസത്തിനുള്ളിൽ 1146 പേരാണ് വാക്സിൻ സ്വീകരിച്ചത്.
രണ്ട് ദിവസം 1800 പേർക്കായിരുന്ന വാക്സിൽ നൽകാൻ ലിസ്റ്റ് തയ്യാറാക്കിയത്. ആദ്യദിവസം 616 പേർ എത്തി. ഇന്നലെ കായംകുളം താലൂക്ക് ആശുപത്രി -58,ചെങ്ങന്നൂർ ജില്ല ആശുപത്രി-61, മാവേലിക്കര ജില്ല ആശുപത്രി-75, ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി-61, ചേർത്തല സേക്രഡ് ഹാർട്ട് ആശുപത്രി-69, ആലപ്പുഴ ജനറൽ ആശുപത്രി -49, ചെട്ടികാട് ആർ.എച്ച.ടി.സി-61, ചെമ്പുംപുറം സാമൂഹികാരോഗ്യകേന്ദ്രം-41, പുറക്കാട് പി.എച്ച്.സി-55 എന്നിങ്ങനെയാണ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം.
ഓരോ കേന്ദ്രത്തിലും 100 പേരുടെ വീതം ലിസ്റ്റാണ് തയ്യാറാക്കിയത്. വാക്‌സിൻ എടുത്ത ഒരാൾക്കുപോലും പാർശ്വഫലങ്ങൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. വിവിധ ആശുപത്രികളിലെ ഡോക്ടർമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഫീൽഡ് വിഭാഗം ജീവനക്കാർ, ആശ പ്രവർത്തകർ, അങ്കണവാടി പ്രവർത്തകർ എന്നിവർ വാക്സിൻ സ്വീകരിച്ചു
കളക്ടറേറ്റിലെ ഉദ്യോഗസ്ഥർക്കും
കളക്ടറേറ്റിലെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് കൊവിഡ് പരിശോധന നടത്തി. കളക്ടർ എ.അലക്‌സാണ്ടറുടെ നിർദ്ദേശ പ്രകാരം ജില്ല മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിത കുമാരിയുടെ നേതൃത്വത്തിലാണ് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയത്. കൊവിഡ് വ്യാപനം തടയുന്നതിനായി പരിശോധനകളുടെ എണ്ണം കൂട്ടുന്നതിന്റെ ഭാഗമായാണ് കളക്ടറേറ്റിലും പരിശോധന നടത്തിയത്. ഉദ്ഘാടനം കളക്ടർ നിർവഹിച്ചു. ഡോ. ഗോപിക, സ്റ്റാഫ് നഴ്‌സ് സുനിത, ഡബ്ല്യു ആൻഡ് സി സ്റ്റാഫ് നഴ്‌സുമാരായ അഞ്ജു, നയന, ജയലക്ഷ്മി, ലാബ് ടെക്‌നീഷ്യൻ ഭവ്യ, അസിസ്റ്റന്റ് സിദ്ദിഖ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.