s

ജില്ലയിലെ സൈക്കിൾ റിക്ഷകൾ ഓർമ്മയിലേക്ക്

ആലപ്പുഴ: പ്രതാപകാലത്ത് ജില്ലയുടെ പ്രതീകങ്ങളിലൊന്നായിരുന്ന സൈക്കിൾ റിക്ഷകൾ ഓർമ്മയാവുന്നു. ആലപ്പുഴ നഗരത്തിൽ വിരലിലെണ്ണാവുന്ന സൈക്കിൾ റിക്ഷക്കാർ സ്കൂൾ കുട്ടികളുമായി പോവുന്നൊരു കാഴ്ചയുണ്ടായിരുന്നു. കൊവിഡ് എത്തിയതോടെ അതും അപ്രത്യക്ഷമായി. ശാരീരിക അവശതകളുള്ള സൈക്കിൾ റിക്ഷക്കാർ ലോട്ടറി വില്പന അടക്കമുള്ള മറ്റ് തൊഴിലുകളിലേക്ക് ചേക്കേറുകയും ചെയ്തു.

ഭൂപ്രകൃതിയിലെ പ്രത്യേകതയാണ് ആലപ്പുഴയിൽ ഒരു കാലത്ത് സൈക്കിൾ സവാരിക്കാരുടെ എണ്ണം വർദ്ധിപ്പിച്ചത്. മറ്റ് ജില്ലകളെ അപേക്ഷിച്ച് കയറ്റിറക്കങ്ങളോ, പാറയിടുക്കുകളോ ഇല്ലാത്തതിനാൽ സുഖമായി സൈക്കിൾ ചവിട്ടാമെന്നതാണ് കാരണം. കാലം മാറിയതോടെ വംശനാശം സംഭവിച്ച സൈക്കിൾ റിക്ഷയുടെ സ്ഥാനം ഓട്ടോറിക്ഷകൾ സ്വന്തമാക്കി. ആലപ്പുഴയിൽ ഇനിയൊരു സൈക്കിൾറിക്ഷക്കാലം ഉണ്ടാവാനിടയില്ല. ചിലവ് കുറവ്, മലീനകരണമില്ല തുടങ്ങിയ ഗുണങ്ങൾ എടുത്തു പറയാമെങ്കിലും വേഗമേറിയ കാലത്ത് സൈക്കിൾ റിക്ഷകൾ ഏറെ പിന്നിലായിപ്പോയി. ആലപ്പുഴ പൈതൃക പദ്ധതിയുടെ ഭാഗമായെങ്കിലും സൈക്കിൾ റിക്ഷകളെ നിലനിറുത്തണമെന്ന ആവശ്യം ഉയരുന്നുണ്ട്. വിനോദ സഞ്ചാരികൾക്ക് വേണ്ടി ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റിക്ഷാ സർവീസ് നടത്തിയാൽ ഈ മേഖലയിൽ ഉപജീവനം തേടിയിരുന്നവർക്ക് ഏറെ ആശ്വാസകരമാകും.

ഉണ്ടായിരുന്നു, ഗ്ളൈഡർ!

സൈക്കിളിന് ഏറെ ഡിമാൻഡുണ്ടായിരുന്ന കാലത്ത് ആലപ്പുഴ നഗരത്തിൽ 'ആലപ്പി ഗ്ലൈഡർ ഫാക്ടറി' എന്ന പേരിൽ ഒരു സൈക്കിൾ നിർമ്മാണ കമ്പനി പ്രവർത്തിച്ചിരുന്നു എന്നത് പുതു തലമുറയ്ക്ക് പുതിയ അറിവായിരിക്കും. ലക്ഷക്കണക്കിന് രൂപയുടെ മെഷിനറികളും അവശിഷ്ടങ്ങളും കുന്നുകൂടി വഴിച്ചേരിയിൽ അനാഥമായി കിടക്കുകയാണ് കമ്പനിയുടെ 1.21 ഏക്കർ ഭൂമി. ആസ്പിൻവാൾ അടക്കം പൂട്ടിപ്പോയ കയർ കമ്പനികളിൽ നിന്നു പിരിഞ്ഞ ഇരുനൂറിൽ പരം തൊഴിലാളികൾ സംഘടിച്ച് 200 രൂപ ഷെയറിൽ 1961ൽ ആലപ്പി സൈക്കിൾ സൊസൈറ്റി എന്നപേരിൽ സംഘം രൂപീകരിച്ചാണ് ഫാക്ടറിക്ക് തുടക്കമിട്ടത്. ടി.വി. തോമസിന്റെ നേതൃത്വത്തിലായിരുന്നു എല്ലാം. പ്രാരംഭ ദശയിൽ നല്ല നിലയിൽ മുന്നേറിയ സംഘത്തിൽ 'ഗ്ലൈഡർ' എന്ന പേരിലാണ് സൈക്കിളാണ് നിർമ്മിച്ചിരുന്നത്. സൈക്കിൾ റിക്ഷകളും സ്പെയർ പാർട്സുകളും ഉത്പാദിപ്പിച്ചിരുന്നു. കുറഞ്ഞ കാലയളവിനുള്ളിൽ ഗ്ലൈഡറിന് അഭ്യന്തര വിപണിയിൽ വൻ ഡിമാൻഡായി. എന്നാൽ പിന്നീട് വന്ന നേതൃമാറ്റങ്ങളും തൊഴിലാളി തർക്കങ്ങളും മൂലം ഉത്പാദനം നിലച്ച കമ്പനി രണ്ടര പതിറ്റാണ്ടു മുമ്പ് പൂട്ടി. കോടികൾ വിലമതിക്കുന്ന ഭൂമിയിലേക്ക് തിരിഞ്ഞു നോക്കാൻ അധികൃതർ മെനക്കെടുന്നില്ല. സംരംഭകർക്ക് പാട്ടത്തിന് നൽകിയോ, പുത്തൻ വ്യവസായത്തിന് തുടക്കമിട്ടോ ഈ സ്ഥലം പ്രയോജനപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

............................

കയർ കമ്പനിയിലെ ജീവനക്കാർക്ക് സാങ്കേതിക പരിശീലനം നൽകിയാണ് സൈക്കിൾ കമ്പനി ജീവനക്കാരായി മാറ്റിയത്. നിലനിന്നിരുന്നെങ്കിൽ ഇന്ന് ആലപ്പുഴയുടെ മുഖഛായ തന്നെ മാറ്റുന്ന പ്രസ്ഥാനമായേനെ. കോടികൾ വിലമതിക്കുന്ന ഭൂമി ഇനിയെങ്കിലും വ്യാവസായികമായി പ്രയോജനപ്പെടുത്തിയാൽ തൊഴിൽരഹിതരായ നിരവധിപ്പേർക്ക് ഉപജീവനമാർഗം നൽകാൻ സാധിക്കും. അന്ന് ടി.വി.തോമസ് കാണിച്ച ഇച്ഛാശക്തി പിന്നീടൊരു നേതാക്കളും കാണിച്ചിട്ടില്ല

അശോകൻ അക്ഷരമാല (ഗ്ലൈ‌ഡർ സൈക്കിൾ കമ്പനിയിൽ ട്രെയിനി ആയി

രുന്നു)