fla

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾക്കായി ഒരുങ്ങുന്ന ഫ്‌ളാ​റ്റ് സമുച്ചയത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ജില്ലയിൽ തുടക്കമായി. 204 കുടുംബങ്ങൾക്കാണ് തോട്ടപ്പള്ളി മണ്ണുംപുറം കോളനിയിൽ ഭവന സമുച്ചയമൊരുങ്ങുന്നത്.

കടൽക്ഷോഭത്തിൽ വീടും സ്ഥലവും നഷ്ടപ്പെട്ട അമ്പലപ്പുഴ, പുറക്കാട്, തോട്ടപ്പള്ളി മത്സ്യ ഗ്രാമങ്ങളിലെ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനാണ് ഭവന സമുച്ചയം നിർമിക്കുന്നത്. തിരുവന്തപുരത്തെ മുട്ടത്തറ മാതൃകയിൽ നിർമിക്കുന്ന ബഹുനില ഭവന സമുച്ചയത്തിൽ രണ്ടു കിടപ്പുമുറി, അടുക്കള, ശൗചാലയം, ലിവിംഗ് ഏരിയ ഉൾപ്പടെയുള്ള സൗകര്യങ്ങളാകും ഓരോ കുടുംബത്തിനും ലഭ്യമാക്കുക. ഫ്ളാറ്റ് സമുച്ചയത്തിന് ചു​റ്റുമായി റോഡ്, കുടിവെള്ളം, വൈദ്യുതി, വേസ്​റ്റ് മാനേജ്‌മെന്റ് സംവിധാനങ്ങൾ എന്നിവയുമുണ്ടാകും. നിർമ്മാണം പൂർത്തീകരിച്ചതിന് ശേഷം അങ്കണവാടി സൗകര്യവും ഒരുക്കും.

കെട്ടിട നിർമ്മാണത്തിനുള്ള ആദ്യ ഘട്ട പൈലിംഗ് ജോലികൾ പൂർത്തിയാക്കി. 28 ദിവസം നീണ്ട സാങ്കേതിക പരിശോധനകളും വിജയകരമായി പൂർത്തീകരിച്ചതായി നിർമ്മാണ ചുമതല വഹിക്കുന്ന തീരദേശ വികസന കോർപ്പറേഷൻ അസിസ്​റ്റന്റ് എൻജിനീയർ അറിയിച്ചു.