അമ്പലപ്പുഴ : പുറത്തു നിന്നെത്തിയ സംഘം ഐ.ടി.ഐ കാമ്പസിൽ നടത്തിയ ആക്രമണത്തിൽ 5 വിദ്യാർത്ഥികൾക്ക് പരിക്കേറ്റു. പുന്നപ്ര അറവുകാട് ഐ.ടി.ഐ വിദ്യാർത്ഥികളായ ആലപ്പുഴ വലിയ മരം വാർഡിൽ താരിഖ് മൻസിലിൽ താരീഖ് (18), പുന്നപ്ര കിഴക്കേ തയ്യിൽ അരുൺ (19), പുന്നപ്ര കുണ്ടത്തിൽ അരോമൽ (17), ചെമ്പുംപുറം നെല്ലിശേരി വീട്ടിൽ ജോൺസൺ (18), ചെമ്പുംപുറം തൈശേരി വീട്ടിൽ ഷാറൂൺ ജോസഫ് (20) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം. ഐ.ടി.ഐയിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിയുമായുളള മുൻ വൈരാഗ്യമാണ് ആക്രമണത്തിനു കാരണമെന്ന് പറയപ്പെടുന്നു. വിദ്യാർത്ഥികളുടെ കരച്ചിൽ കേട്ട് ഓടി എത്തിയ അദ്ധ്യാപകരും, മറ്റു വിദ്യാർത്ഥികളും ചേർന്ന് പരിക്കേറ്റ കുട്ടികളെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തിനു ശേഷം രക്ഷപ്പെട്ട അക്രമിസംഘത്തിനായി പുന്നപ്ര പൊലീസ് അന്വേഷണം ഊർജിതമാക്കി.