ആലപ്പുഴ: സംഘടനാ വിരുദ്ധ പ്രവർത്തനങ്ങളെ ഗൗരവത്തിൽ കണ്ട് നടപടി സ്വീകരിക്കണമെന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന നേതൃസംഗമത്തിൽ ആവശ്യം.

കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി വിശ്വനാഥന്റെ സാന്നിദ്ധ്യത്തിലാണ് അമ്പലപ്പുഴ, കുട്ടനാട് നിയോജക മണ്ഡലങ്ങളിലെ കോൺഗ്രസ് നേതാക്കളുടെ യോഗം നടന്നത്. ഡി.സി.സി ഓഫീസിലായിരുന്നു അമ്പലപ്പുഴ മണ്ഡലത്തിലെ യോഗം. തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥികളെ തോൽപ്പിക്കാൻ ശ്രമിച്ച കോൺഗ്രസ് പ്രവർത്തകർക്കും നേതാക്കൾക്കുമെതിരെ കർശന നടപടി സ്വീകരിക്കണമെന്നും അഭിപ്രായമുയർന്നു. സംഘടനാ സംവിധാനത്തിന് നിരക്കാത്ത മറ്റു പ്രവർത്തനങ്ങൾ നടത്തിയവരോട് വിശദീകരണം ചോദിക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.

ജില്ലയിലെ മുതിർന്ന നേതാക്കളുമായി ഒറ്റയ്ക്കും വിശ്വനാഥൻ ചർച്ച നടത്തി. സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് തങ്ങളുടെ അഭിപ്രായങ്ങൾ വേണ്ടവിധത്തിൽ പരിഗണിച്ചില്ലെന്ന പരാതിയും ചിലർ ഉന്നയിച്ചു. വൈകിട്ടാണ് കുട്ടനാട് മണ്ഡലത്തിലെ നേതൃയോഗം രാമങ്കരിയിൽ ചേർന്നത്. കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ പാലോട് രവി, എ.എ.ഷുക്കൂർ, ഡി.സി.സി പ്രസിഡന്റ് എം.ലിജു, അമ്പലപ്പുഴ മണ്ഡലത്തിന്റെ ചാർജ്ജ് സെക്രട്ടറി കമ്പറ നാരായണൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു.