ampadavam-padam
നൂറനാട് ഇടപ്പോൺ അമ്പടവം പാടശേഖരത്തെ വിത ഉത്സവം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ബ്ളോക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനൂഖാൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു.

ചാരുംമൂട്: വെള്ളം കയറി ഞാറു നശിച്ച നൂറനാട് ഇടപ്പോൺ ആമ്പടവം പാടശേഖരത്ത് വീണ്ടും വിത്ത് വിത. നൂറ് ഏക്കർ വരുന്ന പാടശേഖരത്ത് മഴയും അച്ചൻ കോവിലാറ്റിൽ നിന്നുള്ള വെള്ളം കയറിയും ഒരാഴ്ച മുമ്പാണ് ഞാറ് നശി​ച്ചത്. രണ്ടാഴ്ച മുൻപാണ് വി​ത കഴി​ഞ്ഞത്. ഇതോടെ ദുരിതത്തിലായ കർഷകർക്ക് സഹായ വാഗ്ദാനവുമായി ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുമടങ്ങുന്ന സംഘം കഴിഞ്ഞ ദിവസം പാട ശേഖരം സന്ദർശിച്ചിരുന്നു. 25 ഹെക്ടറിലേക്ക് കൃഷിവകുപ്പ് സൗജന്യമായി 2000 കിലോ വിത്താണ് കർഷകർക്ക് നൽകിയത്.

ഇന്നലെ നടന്ന വിത ഉത്സവം നൂറനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന സുരേഷ്, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിനൂഖാൻ എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്തംഗം ജി.പുരുഷേത്തമൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്തംഗം എ.അജികുമാർ , ചാരുംമൂട് കൃഷി അസി.ഡയറക്ടർ പി. രജനി, കൃഷി ഓഫീസർ അശ്വതി, പാടശേഖര സമിതി സെക്രട്ടറി ഭാർഗവൻ, ഗകർഷകരായ കൃഷ്ണൻകുട്ടി, രാജൻ, മംഗളൻ തുടങ്ങിവർ പങ്കെടുത്തു. വെള്ളം നിയന്ത്രിക്കുന്നതിന് ഷട്ടർ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള സഹായങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും കർഷകർക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.