മാവേലിക്കര: പ്രായിക്കര ധന്വന്തരി ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിന്റെ തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന 2 ഓട്ടുരുളികളും ഗണപതി കോവിലിന് മുന്നിൽ വെച്ചിരുന്ന കാണിക്ക വഞ്ചിയും നഷ്ടപ്പെട്ടു. നാലമ്പലത്തിന്റെ മതിൽ ചാടിയാണ് മോഷ്ടാവ് അകത്തു കടന്നതെന്ന് കരുതുന്നു. മോഷ്ടാവ് ഉപയോഗിച്ചതെന്ന് കരുതുന്ന സിമന്റ് പുരണ്ട കമ്പിപ്പാര മതിൽക്കെട്ടിന് പുറത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ പൂജയ്ക്കായി മേൽശാന്തി എത്തിയപ്പോഴാണ് മോഷണം ശ്രദ്ധയിൽപ്പെട്ടത്.