പൂച്ചാക്കൽ: ഓട്ടോഡ്രൈവറായിരുന്ന ഗൃഹനാഥൻ കാൻസർ ബാധിതനായതോടെ പാതിവഴിയിൽ നിലച്ച ലൈഫ് വീടുനിർമ്മാണം പൂർത്തിയാക്കാൻ കുടുംബത്തിന് ഒറ്റപ്പുന്ന ആദരം സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയും വൺ ഇന്ത്യ വൺ പെൻഷൻ സമിതി പള്ളിപ്പുറം യൂണിറ്റും കൈത്താങ്ങാവുന്നു. പള്ളിപ്പുറം പഞ്ചായത്ത് 12 -ാം വാർഡ് കൊടുങ്കാളിക്കൽ വേലിക്കകത്ത് താമസക്കാരനായിരുന്ന സെബാസ്റ്റ്യനാണ് (58) ജീവകാരുണ്യ പ്രവർത്തകരായ ഒ.സി. വക്കച്ചനും സുഹൃത്തുക്കളും സാന്ത്വനമേകുന്നത്.
രണ്ടു വർഷം മുമ്പ് കോളനിയിലുണ്ടായിരുന്ന നാലു സെന്റും വീടും വിറ്റാണ് മൂത്ത മകളുടെ വിവാഹത്തിന് പണം കണ്ടെത്തിയത്. പിന്നീട് വാടക വീട്ടിലേക്ക് താമസം മാറ്റി. സെബാസ്റ്റ്യന്റെ അവസ്ഥ മനസിലാക്കിയ തിരുനല്ലൂർ ഐ.എച്ച്.എം കോൺവെന്റ് മൂന്നര സെന്റ് വീട് വയ്ക്കാനായി നൽകി. ലൈഫ് പദ്ധതി പ്രകാരം കിട്ടിയ വീടിന്റെ പണി പുരോഗമിക്കുന്നതിനിടയിലാണ് സെബാസ്റ്റ്യൻ കാൻസർ ബാധിതനായത്. വീടിന്റെ മൂന്നാം ഘട്ടം പണിയാൻ കിട്ടിയ പണം ഉൾപ്പെടെ ചികിത്സയ്ക്ക് ചെലവായി. നാട്ടുകാരുടെ സഹായത്തോടെയാണ് ഇപ്പോൾ തുടർ ചികിത്സ നടത്തുന്നത്. ജോലിയിൽ നിന്നുള്ള വരുമാനം നിലയ്ക്കുകയും ഒപ്പം ചികിത്സയ്ക്കു പണം കണ്ടെത്തേണ്ട അവസ്ഥയുമായപ്പോൾ വീട്ടിലെ കാര്യങ്ങൾ താളം തെറ്റി. മകൻ പത്താംക്ളാസ് വിജയിച്ചെങ്കിലും തുടർ പഠനം മുടങ്ങി. ഇളയ മകൾ സ്കൂൾ വിദ്യാർത്ഥിനിയാണ്. വൃദ്ധയായ മാതാവിനേയും രോഗിയായ ഭർത്താവിനേയും ശുശ്രൂഷിക്കേണ്ടി വരുന്നതിനാൽ തൊഴിലുറപ്പു ജോലി പോലും ചെയ്യാൻ പറ്റുന്നില്ലെന്ന് സെബാസ്റ്റ്യന്റെ ഭാര്യ കുഞ്ഞുമോൾ പറയുന്നു.
കുടുംബത്തിന്റെ ദുരവസ്ഥ മനസിലാക്കിയ ആദരം സാന്ത്വനം പ്രവർത്തകർ വീട് പൂർത്തിയാക്കിക്കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു. പള്ളിപ്പുറം 16-ാം വാർഡിലെ പല്ലുവേലി ഹരിജൻ കോളനിയിലെ സിനിക്ക് ആദരം സാന്ത്വനം പ്രവർത്തകർ സൗജന്യമായി നിർമ്മിച്ചു കൊടുക്കുന്ന വീടിന്റെ താക്കോൽദാനം 30ന് നടക്കുമെന്ന് ഒ.സി.വക്കച്ചൻ പറഞ്ഞു.