മാർച്ചിൽ പൂർത്തീകരിക്കാൻ കളക്ടറുടെ നിർദ്ദേശം
ആലപ്പുഴ: പ്രളയ ഭീഷണിയിൽ നിന്നു കാർഷിക മേഖലയെ രക്ഷിക്കാൻ വീയപുരം മുതൽ തോട്ടപ്പള്ളി വരെയുള്ള ലീഡിംഗ് ചാനലിന്റെയും തോട്ടപ്പള്ളി സ്പിൽവേ - ടി.എസ് കനാൽ വരെയുള്ള ഭാഗത്തെയും ആഴം വർദ്ധിപ്പിക്കൽ ജോലികൾ മാർച്ചിൽ പൂർത്തീകരിക്കാൻ തീരുമാനം. വേലിയേറ്റവുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ കളക്ടർ എ.അലക്സാണ്ടറാണ് പദ്ധതി നടത്തിപ്പ് ചുമതല വഹിക്കുന്ന മേജർ ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എൻജിനിയർക്ക് നിർദേശം നൽകിയത്.
ഒൻപത് മാസം മുമ്പാണ് വീയപുരം മുതൽ തോട്ടപ്പള്ളി വരെ 11 കിലോമീറ്ററിൽ ലീഡിംഗ് ചാനലിന്റെ ആഴം വർദ്ധിപ്പിക്കൽ ആരംഭിച്ചത്. വീയപുരം തുരുത്തേൽ പാലത്തിന് സമീപത്തും പാണ്ടിപാലത്തിന് സമീപവുമായിരുന്നു ആദ്യം ജോലി ആരംഭിച്ചതെങ്കിലും മണലിൽ സിലിക്കയുടെ അളവ് കൂടുതലാണെന്ന കണ്ടെത്തലിനെ തുടർന്ന് നീക്കം ചെയ്ത 8,000 ക്യുബിക് മീറ്റർ മണൽ കൊണ്ടുപോകാൻ കഴിയാത്തതിനാൽ കരാറുകാരൻ ജോലി നിർത്തി. നിലവിലെ തടസം നീക്കി ജോലി ഈമാസം അവസാനം പുനരാരംഭിക്കാനാണ് ജലസേചനവകുപ്പിന്റെ തീരുമാനമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ സജീവ് കേരളകൗമുദിയോടു പറഞ്ഞു.
സിലിക്കയും നിരക്കിലെ തർക്കവും
ക്യുബിക് മീറ്ററിന് 362 രൂപ നിരക്കിൽ മണൽ നീക്കാനായിരുന്നു ആദ്യം കരാർ. പുറമേ 80 രൂപ റോയൽറ്റിയും വരും. പദ്ധതിയുടെ ചുമതലയുള്ള ജലസേചന വകുപ്പ് എറണാകുളത്തെ കമ്പനിയുമായിട്ടാണ് 3.12 ലക്ഷം ക്യുബിക് മീറ്റർ മണലും ചെളിയും നീക്കാൻ കരാർ ഉറപ്പിച്ചത്. ഇതനുസരിച്ച് 11.29 കോടി രൂപ കരാറുകാരൻ ജലസേചന വകുപ്പിൽ കെട്ടിവച്ചു. മണൽ ഖനനം തുടങ്ങിയ ശേഷമാണ് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് രംഗത്തെത്തിയത്. മണൽ പരിശോധിച്ചപ്പോൾ സിലിക്കയുടെ അളവ് 97 ശതമാനം വരെയുള്ളതിനാൽ കേന്ദ്ര സർക്കാർ നിരക്കായ 2250 രൂപ നിരക്കിൽ പുനർ നിർണ്ണയം നടത്തണമെന്ന് മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ആവശ്യപ്പെട്ടു. ജലസേചന വകുപ്പ് 1200രൂപ നിരക്കിൽ വില പുനർ നിർണ്ണയം നടത്തി സർക്കാരിന്റെ അനുമതിക്കായി മൂന്ന് മാസം മുമ്പ് സമർപ്പിച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. ഇതിന് പുറമേ റോയൽറ്റിയും കരാറുകാരൻ അടയ്ക്കേണ്ടി വരും. പുതുക്കിയ വിലയനുസരിച്ച് മണലെടുക്കാൻ കരാറുകാരൻ തയ്യാറാവുമോ എന്നും സംശയമുണ്ട്. നിലവിലെ കരാറുകാരൻ ജോലി തുടരാൻ വിസമ്മതിച്ചാൽ വീണ്ടും ടെണ്ടർ വിളിക്കേണ്ടി വരും.
362 രൂപ : ക്യുബിക് മീറ്റർ മണലിന് ആദ്യം നിശ്ചയിച്ച തുക
2250 രൂപ : മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് ക്യുബിക് മീറ്റർ മണലിന് നിർദ്ദേശിച്ച തുക
1200രൂപ : ജലസേചന വകുപ്പ് പുനർ നിർണ്ണയിച്ച് അനുമതിക്കായി നൽകിയ വില
55,000 : ലീഡിംഗ് ചാനലിൽ നിന്ന് ഇതുവരെ 55,000ക്യുബിക് മീറ്റർ മണലാണ് നീക്കം ചെയ്തത്
ലീഡിംഗ് ചാനലിൽ ആഴം കുറഞ്ഞു
ലീഡിംഗ് ചാനലിൽ കിഴക്കൻ വെള്ളത്തിന്റെ വരവിൽ മണലും എക്കലും അടിഞ്ഞ് ആഴം കുറഞ്ഞതിനെ തുടർന്നാണ് ഡ്രഡ്ജിംഗ് ആരംഭിച്ചത്. വീയപുരം പാണ്ടി ഭാഗത്തായിരുന്നു തുടക്കം. ഇവിടെ നിന്നു നീക്കംചെയ്ത മണലിലാണ് സിലിക്കയുടെ അടവ് കൂടുതലെന്ന് കണ്ടെത്തിയത്. ഇപ്പോൾ സ്പിൽവേ പാലത്തിനും ടി.എസ് കനാലിനും ഇടയിലുള്ള ജലാശയത്തിലെ ആഴം വർദ്ധിപ്പിക്കൽ ജോലി നടക്കുന്നു. ചവറ കെ.എം.എം.എല്ലിന് കരാർ നൽകിയ ധാതുമണലുള്ള പൊഴിമുഖത്തെ ആഴം വർദ്ധിപ്പിക്കൽ രണ്ട് മാസം മുമ്പ് പൂർത്തികരിച്ചു.
"2018ലെ പ്രളയത്തിൽ അടിഞ്ഞ മണൽ നീക്കുമെന്ന് സർക്കാർ പറഞ്ഞെങ്കിലും കാര്യമായ ഇടപെടൽ നടത്താത്തതിനാൽ ആയിരക്കണക്കിന് ഏക്കർ കൃഷിയാണ് നശിച്ചത്. കർഷകർക്കും ജനങ്ങൾക്കും ഗുണകരമാകും വിധത്തിൽ ലീഡിംഗ് ചാനലിന്റെ ആഴംവർദ്ധിപ്പിച്ച് നീരോഴുക്ക് ശക്തമാക്കണം.
പി.സുരേന്ദ്രൻ, വൈസ് ചെയർമാൻ, കരിനില വികസന ഏജൻസി, പുറക്കാട്