ആലപ്പുഴ : ലോക്ക് ഡൗൺ നാളുകളിൽ ആരംഭിച്ച പ്രതിസന്ധിയിൽ നിന്ന് കരകയറാനാവാതെ വിഷമിക്കുകയാണ് ജില്ലയിലെ കുപ്പിവെള്ള വിതരണ ഏജൻസികൾ. കുടിൽവ്യവസായം കണക്കെ ആർ.ഒ പ്ലാന്റുകൾ സജീവമായതും മേഖലയ്ക്ക് തിരിച്ചടിയായതോടെ ഉപജീവനത്തിനായി മറ്റ് തൊഴിൽ മേഖലകൾ അന്വേഷിക്കേണ്ട അവസ്ഥയിലാണ് തങ്ങളെന്ന് കുപ്പിവെള്ള വിതരണക്കാർ പറയുന്നു.
വിവിധ ജില്ലകളിലെ ജലശുദ്ധീകരണ ശാലകളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വെള്ളത്തിന് ടൂറിസം മേഖലയിലാണ് കൂടുതൽ ആവശ്യക്കാരുണ്ടായിരുന്നത്. കൊവിഡ് മൂർച്ഛിച്ച് മാസങ്ങളോളം ഹൗസ് ബോട്ടുകളും റിസോർട്ടുകളും നിശ്ചലമായതോടെ വെള്ളത്തിന്റെ വിതരണം നിലച്ചു. ഇപ്പോൾ, ടൂറിസം രംഗത്ത് ഉണർവ് പ്രകടമായെങ്കിലും, കുറഞ്ഞ വിലയ്ക്ക് ആർ.ഒ പ്ലാന്റുകളിലെ ജലം ലഭിക്കുന്നതിനാൽ ജാർ വെള്ളത്തിന് ഡിമാൻഡ് കുത്തനെ ഇടിഞ്ഞു. മുമ്പ് ദിവസം 20 ലിറ്ററിന്റെ 250 ജാർ വെള്ളം ചിലവായിരുന്ന സ്ഥാനത്ത് ഇപ്പോൾ പരമാവധി 15 മുതൽ 20 ജാറുകളാണ് വിറ്റുപോകുന്നത്. ഒഴിഞ്ഞ ജാറുകൾ നൽകുന്നതനുസരിച്ചാണ് പുതിയ വെള്ളം കമ്പനിയിൽ നിന്ന് ലഭിക്കുന്നത്. ഇതോടെ ഇറക്കുമതി ചെയ്യുന്ന ലോഡും ഗണ്യമായി കുറഞ്ഞു. 20 ലിറ്ററിന്റെ ജാറിന് ഏജൻസികൾ 50 രൂപ ഈടാക്കുമ്പോൾ, ആർ.ഒ പ്ലാന്റുകളിൽ നിന്ന് ലിറ്ററിന് ഒരു രൂപ നിരക്കിൽ ജലം ലഭിക്കും. ഇതാണ് മേഖലയ്ക്ക് പ്രധാന തിരിച്ചടിയായത്.
പോക്കറ്റിലെത്തുന്നത്
തുച്ഛലാഭം
ആലുവ, കിഴക്കമ്പലം പ്രദേശങ്ങളിലെ ജലശുദ്ധീകരണ കമ്പനികളിൽ നിന്നാണ് ജില്ലയിൽ ഭൂരിഭാഗം ഏജൻസികളും കുടിവെള്ളം വില്പനക്കായി എത്തിക്കുന്നത്. ഒരു ജാർ വെള്ളത്തിന് 30 രൂപ നിരക്കിലാണ് ഇവിടെ നിന്ന് വാങ്ങുന്നത്. വിൽക്കുന്നത് 50 രൂപയ്ക്കും. വെള്ളം വിതരണം ചെയ്യുന്ന ആൾക്ക് ജാർ ഒന്നിന് 5 രൂപ നൽകണം. കൂടാതെ വെള്ളം കൊണ്ടുപോകുന്ന വാഹനത്തിന്റെ ഡീസൽ ചിലവ് വേറെയും. വെള്ളം നിറയ്ക്കുന്ന ജാറുകളും ഏജൻസികൾ സ്വന്തമായി വാങ്ങണം. ഇതിന് ഒരെണ്ണത്തിന് 150 രൂപ വിലവരും. കൊവിഡിന് മുമ്പ് പ്രളയകാലത്തും മേഖലയിൽ നഷ്ടം നേരിട്ടിരുന്നു. ആയിരക്കണക്കിന് ജാറുകളാണ് പ്രളയത്തിൽ നഷ്ടപ്പെട്ടത്.
"ഓർഡറുകൾ പഴയപോലെ ലഭിക്കുന്നില്ല. ടൂറിസം മേഖലയിലുൾപ്പടെ ആർ.ഒ പ്ലാന്റുകളെയാണ് ഇപ്പോൾ ആശ്രയിക്കുന്നത്. കുറഞ്ഞ വിലയ്ക്ക് വെള്ളം കിട്ടുന്നിടത്തേക്ക് ജനം പോകുന്നത് സ്വാഭാവികമാണ്. പക്ഷേ ജില്ലയിൽ എത്ര ആർ.ഒ പ്ലാന്റുകളിൽ ശരിയായ രീതിയിൽ ജല ശുദ്ധീകരണം നടക്കുന്നുണ്ടോയെന്ന് ആന്വേഷിക്കണം
- റോജി മാത്യു, പാറുശേരിൽ ഏജൻസീസ്, പുന്നമട