നിയമസഭാ തിരഞ്ഞെടുപ്പെന്ന യാഥാർത്ഥ്യം അടുത്തു വരുംതോറും ആലപ്പുഴ ജില്ലയിലെ യു.ഡി.എഫ് , എൽ.ഡി.എഫ് മുന്നണികളിലെ ചില നേതാക്കളുടെ ചങ്കിടിപ്പ് കൂടുകയാണ്. പലർക്കും ഉറക്കമില്ല, ചിലരാണങ്കിൽ ഉറക്കത്തിൽ പിച്ചുംപേയും പറഞ്ഞ് ചിരിക്കുന്നു, മറ്റു ചിലരാണെങ്കിൽ ഉറക്കത്തിൽ എണീറ്റു നടക്കുന്നു... എല്ലാവരും ചിന്തിക്കുന്നത് ഒരേ കാര്യം. കുട്ടനാട് നിയമസഭാ സീറ്റിലെ സ്ഥാനാർത്ഥിത്വം.'ചക്ക വീണ് മുയൽ ചത്ത' ഒരു പഴഞ്ചൊല്ലാണ് എല്ലാവരുടെയും പിടിവള്ളി. രണ്ട് മുന്നണികളിലെയും നേതാക്കൾക്ക് ഇത്തരത്തിൽ ചിന്തകൾ കാടുകയറാൻ പ്രത്യേക കാരണമുണ്ട്. യു.ഡി.എഫിലെ പ്രധാന ഘടകക്ഷികളിലൊന്നും വളരും തോറും പിളരുകയും പിളരുന്തോറും വളരുകയും ചെയ്യുന്ന സ്വഭാവവുമുള്ള കേരള കോൺഗ്രസിലെ ഏറ്റവുമൊടുവിലത്തെ പിളർപ്പാണ് ചിലരുടെ മനസിനെ കുളിർപ്പിക്കുന്നത്. എൽ.ഡി.എഫിലെ ഘടകക്ഷിയായ എൻ.സി.പിയിലെ ഭിന്നതയാണ് ആ വിഭാഗത്തിലെ ചില നേതാക്കളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്നതും. മുൻമന്ത്രി കൂടിയായ തോമസ് ചാണ്ടിയുടെ ആകസ്മിക വിയോഗത്തോടെ കുട്ടനാട് മണ്ഡലമാവട്ടെ അനാഥവുമാണ്. മുന്നണി നേതൃത്വം തന്ത്രപൂർവം കളിച്ചാൽ താൻ കുട്ടനാടിന്റെ നാഥനാവുമെന്ന് പല നേതാക്കളും സ്വയം വിലയിരുത്തുന്നു. രാഷ്ട്രീയമല്ലേ, എപ്പോഴും എന്തും സംഭവിക്കാവുന്ന മേഖലയാണല്ലോ.
കഴിഞ്ഞ മൂന്ന് തിരഞ്ഞെടുപ്പുകളിലായി തോമസ് ചാണ്ടിയാണ് കുട്ടനാടിനെ പ്രതിനിധീകരിച്ചിരുന്നത്. 2006-ൽ ഡി.ഐ.സി പ്രതിനിധിയായി മത്സരിച്ച് ഡോ.കെ.സി ജോസഫിനെ തോൽപ്പിച്ചാണ് ചാണ്ടി ആദ്യ വിജയം നേടിയത്.അന്ന് അദ്ദേഹം യു.ഡി.എഫിന്റെ ഭാഗമായിരുന്നു. പിന്നീട് ഡി.ഐ.സി എൻ.സി.പിയിൽ ലയിച്ചതോടെ എൽ.ഡി.എഫ് പക്ഷത്തായി. 2011-ൽ വീണ്ടും കെ.സി ജോസഫിനെ തോൽപ്പിച്ചു.2016-ൽ കേരള കോൺഗ്രസിലെ ജേക്കബ് എബ്രഹാമിനെ തോൽപ്പിച്ച് മൂന്നാമതും സഭയിലെത്തി. അങ്ങനെ എൽ.ഡി.എഫ് പക്ഷത്തും യു.ഡി.എഫ് പക്ഷത്തും സഭയിൽ ഇരിക്കാൻ ഭാഗ്യം ലഭിച്ച സാമാജികനുമായി തോമസ് ചാണ്ടി.
തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഉപതിരഞ്ഞെടുപ്പ് വരുമ്പോൾ സ്വാഭാവികമായും എൻ.സി.പിക്ക് തന്നെ കുട്ടനാട് സീറ്റ് നൽകുമെന്ന് ഇടതുമുന്നണി അനൗദ്യോഗികമായി ഉറപ്പു നൽകിയതുമാണ്. ചാണ്ടിയുടെ സഹോദരൻ തോമസ് എം.എൽ.എ ആയി സത്യപ്രതിജ്ഞ ചെയ്യാൻ വീട്ടിൽ രഹസ്യമായി റിഹേഴ്സലും നടത്തിയെന്നാണ് ചിലർ പ്രചരിപ്പിച്ചത്. നിർഭാഗ്യവശാൽ ഉപതിരഞ്ഞെടുപ്പ് ചിന്ത 'മലപോലെ വന്ന് മഞ്ഞു പോലെ പോയി' എന്നു പറയും പോലെയായി. തോമസ് തോമസ് ഒരു പരിത്യാഗിയെ പോലെ സ്വപ്നത്തിലെ നിയമസഭ ഉപേക്ഷിച്ചു. അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് തനിക്ക് കിട്ടുമെന്ന് ഏറെക്കുറെ ഉറപ്പിച്ചപ്പോഴാണ്, 'ഇടിവെട്ടിയവന്റെ തലയിൽ പാമ്പു കടിച്ചെന്ന് 'പറയുമ്പോലെ എൻ.സി.പിയിൽ ചില സൗന്ദര്യ പിണക്കങ്ങൾ ഉടലെടുത്തത്. പാലയെച്ചൊല്ലി മാണി.സി കാപ്പൻ ഉടക്കു തുടങ്ങിയതോടെ എൻ.സി.പി കലഹം മുറുകി. ചാണ്ടിയുടെ സഹോദരൻ യു.ഡി.എഫ് പക്ഷത്തേക്ക് നീങ്ങുമെന്ന് ഒരു ധാരണയും പരന്നു. ഇങ്ങനെയൊക്കെ സംഭവിച്ചാൽ കുട്ടനാട് സീറ്റ് സി.പി.എം ഏറ്റെടുത്തേക്കുമെന്ന രാഷ്ട്രീയ ചിന്തയ്ക്ക് ജീവൻവച്ചത് ഈ ഘട്ടത്തിലാണ്. അതോടെ ചില നേതാക്കൾ സ്വയം യോഗ്യതകൾ വിലയിരുത്തിത്തുടങ്ങി. നിലക്കണ്ണാടിക്ക് മുന്നിൽ നിന്ന് അവരൊക്കെ എം.എൽ.എ വേഷം അഭിനയിച്ച് നോക്കി. താനാണ് കുട്ടനാട്ടേക്ക് പരമയോഗ്യൻ എന്ന് തെളിയിക്കാൻ പലവിധ വേലകളും ഇറക്കി. വേല വിജയിച്ചാൽ താൻ തന്നെ സ്ഥാനാർത്ഥി എന്ന മട്ടിലാണ് ഇക്കൂട്ടർ ഉറങ്ങുന്നതും ഉണരുന്നതും.
ഇടക്കാലത്ത് പിളരൽ ഒന്നൊഴിവാക്കി നിന്ന കേരള കോൺഗ്രസിലെ ജോസഫ് അനുകൂലിയായ ജേക്കബ് ഏബ്രഹാമാണ് കഴിഞ്ഞ തവണ യു.ഡി.എഫ് പ്രതിനിധിയായി കുട്ടനാട്ടിൽ മത്സരിച്ച് പരാജയഭാരം ഏറ്റുവാങ്ങിയത്.വീണ്ടും തനിക്ക് തന്നെ അവസരം വന്നുചേരുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിച്ചു. കുട്ടനാട്ടിലെ മടവീണ സ്ഥലങ്ങളിൽ ഒറ്റയ്‌ക്കുപോയി നിന്ന് വിലപിച്ച് , സ്വന്തം വീഡിയോ എടുത്ത് , വാട്സ് ആപ്പ് വഴി പ്രചരിപ്പിച്ച് തന്റെ എം.എൽ.എ ആയുള്ള സേവനത്തെക്കുറിച്ച് ഒരു ട്രെയിലർ അദ്ദേഹം ഇറക്കി. കുട്ടനാടിനെക്കുറിച്ച് തനിക്കുള്ള അവഗാഹം വ്യക്തമാക്കുന്ന മറ്റ് ചില വെളിപ്പെടുത്തലുകളും അദ്ദേഹം സോഷ്യൽ മീഡിയ വഴി നടത്തി. ഇങ്ങനെ 'ഉഴിച്ചിലും പിഴിച്ചിലും' നടത്തുന്നതിനിടയിലാണ് കേരള കോൺഗ്രസിൽ വീണ്ടും പിളർപ്പ് പ്രത്യക്ഷപ്പെട്ടത്. ജോസ് കെ.മാണി യു.ഡി.എഫ് വിട്ട് ഇടത് കൂടാരത്തിലേക്ക് കയറിയതോടെ കോൺഗ്രസ് നേതൃത്വത്തിലെ ചിലർക്ക് കുട്ടനാടിന് അവകാശമുന്നയിക്കാൻ അവസരം തുറന്നു. പിളർപ്പോടെ കേരള കോൺഗ്രസിന് കുട്ടിനാട്ടിലുള്ള സ്വാധീനം കുറഞ്ഞു എന്നു സ്ഥാപിച്ചെടുക്കാൻ അവർക്ക് ഏറെ പ്രയത്നിക്കേണ്ടിയും വന്നില്ല. കോൺഗ്രസ് സീറ്റ് ഏറ്റെടുത്താൽ താൻ തന്നെ സ്ഥാനാർത്ഥി എന്ന സ്വപ്നം സ്വയം നെയ്യാൻ പലരും തുടങ്ങിയത് ഇങ്ങനെ. മാദ്ധ്യമങ്ങളുടെ സേവപിടിച്ച് ഇക്കാര്യം പൊതുജന മദ്ധ്യത്തിലേക്ക് ഒന്നു കൊണ്ടുവരാൻ വലിയ ത്യാഗമാണ് ഇവർ നടത്തുന്നത്. അവരും നെയ്യുകയാണ് , കുട്ടനാടിനെ ചുറ്റിപ്പറ്റി ചില സ്വപ്നങ്ങൾ.
ഇതുകൂടി കേൾക്കണേ
എല്ലാരും കൂടിക്കുഴഞ്ഞ് കുട്ടനാടിനെ പിച്ചി ചീന്താൻ നോക്കുമ്പോൾ ഒതുങ്ങി നിന്ന് തന്നാലാവുന്ന പരിശ്രമം നടത്തുകയാണ് അഞ്ചു തവണ ഇവിടെ ജയിച്ച് എം.എൽ.എ ആയിട്ടും കുട്ടനാടിനെ സേവിച്ചു മതിവരാത്ത പാവം ഡോ.കെ.സി. ജോസഫ്.