ജില്ലയിലും വലവിരിച്ച് ഹണി ട്രാപ്പ് (തേൻ കെണി) സംഘങ്ങൾ
ആലപ്പുഴ: ഓൺലൈൻ ഹണി ട്രാപ്പ് സംഘങ്ങൾ വ്യാപകമാകുന്നതിനാൽ ജില്ലയിലും കരുതൽ നിർദ്ദേശവുമായി പൊലീസ്. പലരും ട്രാപ്പിൽ പെട്ടിട്ടുണ്ടെങ്കിലും പരാതിപ്പെടാൻ തയ്യാറായിട്ടില്ല. യുവാക്കളാണ് വലയിൽ വീഴുന്നവരിൽ കൂടുതലും.
സാമൂഹിക മാദ്ധ്യമങ്ങൾ ഉപയോഗിച്ചാണ് ഇരകളെ കണ്ടെത്തുന്നത്. പണം തട്ടലാണ് പ്രധാന ലക്ഷ്യം . അന്യസംസ്ഥാന സ്വദേശികളാണ് പിന്നിൽ. ചതിക്കുഴിയിൽ അകപ്പെട്ട് പലരുടെയും പണം പോയ കേസുകൾ മുമ്പ് ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. വാട്സാപ്പ്, ഫേസ്ബുക്ക് മുഖേന സ്ത്രീകളുടെ ചിത്രവും ശബ്ദവും ഉപയോഗിച്ച് ചാറ്റ് ചെയ്ത് യുവാക്കളുമായി സൗഹൃദം സ്ഥാപിച്ചാണ് ഹണിട്രാപ്പിലൂടെ പണം തട്ടുന്നത്. ചാറ്റിംഗിനിടയിൽ യുവാക്കളുടെ കുടുംബവിവരങ്ങൾ ചോർത്തും. പിന്നീട് അശ്ലീല സന്ദേശം, ദൃശ്യങ്ങൾ എന്നിവ പ്രചരിപ്പിക്കും. ഇതിൽ അകപ്പെടുന്നരെ വലയിലാക്കും. ചാറ്റ് ചെയ്യുന്നയാളുടെ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും ശേഖരിക്കും. ഇത് ഉപയോഗിച്ചാണ് ഭീഷണി.
വീഡിയോ കാൾ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ട് ദൃശ്യങ്ങൾ കുടുംബാംഗങ്ങൾക്കിടയിൽ പ്രചരിപ്പിക്കാതെയിരിക്കണമെങ്കിൽ പണം നൽകണമെന്നാണ് ആവശ്യം. പണം നൽകാൻ തയ്യാറായില്ലെങ്കിൽ യുവാവിന്റെ ചിത്രമടക്കം സാമൂഹിക മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നാണു അടുത്ത ഭീഷണി. കുടുംബമായി ജീവിക്കുന്നവർ നാണക്കേട് ഒഴിവാക്കാനാണ് പണം നൽകി തടിയൂരുന്നത്. പലർക്കും ലക്ഷങ്ങളാണ് ഈ രീതിയിൽ നഷ്ടമായത്.
ചെറുതല്ല തട്ടിപ്പ്
പാർട്ട് ടൈം ജോലി നൽകാമെന്ന വാട്‌സാപ്പ് സന്ദേശം കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലും ഒട്ടേറെ പേർക്ക് ലഭിച്ചിരുന്നു. മണിക്കൂറിന് 1000 രൂപ വരെ നൽകാമെന്നാണ് വാഗ്ദാനം. ജോലിക്കാര്യമായതിനാൽ പലരും ഈ അറിയിപ്പ് മറ്റ്ഗ്രൂപ്പുകളിലേക്ക് അയച്ചു. ജോലി വിവരങ്ങൾക്കായി ലിങ്ക് ഓപ്പൺ ചെയ്യണമെന്നാണു സന്ദേശം. ഓപ്പൺ ചെയ്താൽ ഫോൺ നമ്പറുമായി ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണിലെ ഡേറ്റയും ഹാക്കർമാർ കവരും. ഇത്തരം ഹൈടെക് തട്ടിപ്പുകളാണ് വ്യാപകം
..........................
സമൂഹമാദ്ധ്യമങ്ങൾ വഴി ചതിക്കുഴിയിൽ വീഴുന്ന ആളുകൾ ഭയക്കാതെ പൊലീസിൽ പരാതി നൽകണം. ഫേസ്ബുക്കിലും വാട്‌സാപ്പിലും വരുന്ന അപരിചിത സന്ദേശങ്ങൾ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. അനാവശ്യ സന്ദേശങ്ങളോട് പ്രതികരിക്കരുത്
പൊലീസ്