s

സർക്കാർ അംഗീകാരമില്ലാത്ത അദ്ധ്യാപകർക്ക് തുച്ഛ ശമ്പളം

ആലപ്പുഴ: പ്രീപ്രൈമറി മേഖലയിൽ പ്രവർത്തിക്കുന്ന അദ്ധ്യാപകർക്കും ആയമാർക്കും നിയമനാംഗീകാരമെന്ന എൽ.ഡി.എഫ് പ്രകടന പത്രികയിലെ വാഗ്ദാനം സർക്കാരിന്റെ അവസാന ബഡ്ജറ്റിലും അവഗണിക്കപ്പെട്ടതിൽ കടുത്ത നിരാശ.

സർക്കാർ സ്കൂളുകളിലെ പ്രീപ്രൈമറി അദ്ധ്യാപകർക്ക് 2012 മുതൽ, ഹൈക്കോടതി ഉത്തരവ് പ്രകാരം ശമ്പളം അനുവദിച്ചിരുന്നു. എന്നാൽ എയ്ഡഡ് മേഖലയിൽ നിയമം ബാധകമായില്ല. എയ്ഡഡ് പ്രീപ്രൈമറി അദ്ധ്യാപകർക്കും സർക്കാർ ശമ്പളം നൽകണമെന്ന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവും പാലിക്കപ്പെട്ടിട്ടില്ല. കേരളത്തിൽ ആകെ 54 പ്രീ പ്രൈമറി അദ്ധ്യാപകരെ മാത്രമാണ് പി.എസ്.സി വഴി നിയമിച്ചിട്ടുള്ളത്. അല്ലാതെ നിയമനം ലഭിച്ച 2400 അദ്ധ്യാപകരെ 2012ൽ കോടതി ഉത്തരവിനെ തുടർന്ന് സർക്കാർ അംഗീകരിച്ചിരുന്നു. പിന്നീട് സർക്കാർ മേഖലയിലും എയ്ഡഡ് മേഖലയിലും ആയിരക്കണക്കിന് അദ്ധ്യാപകരും ആയമാരും നിയമിക്കപ്പെട്ടെങ്കിലും, പി.ടി.എയോ മാനേജ്മെന്റോ നിയമിച്ച ഇവരിൽ ആർക്കും ആനുകൂല്യങ്ങളോ അവകാശങ്ങളോ ലഭ്യമല്ല. കുട്ടികളുടെ ഫീസ് വിഹിതത്തിൽ നിന്ന് മിച്ചം പിടിക്കുന്ന 2000 മുതൽ 5000 രൂപ വരെയാണ് അദ്ധ്യാപകർക്ക് ലഭിക്കുന്ന വേതനം.

മാസം 750 മുതൽ 1000 രൂപ വരെയാണ് ആയമാർക്ക് ലഭിക്കുന്നത്. സർക്കാർ അംഗീകാരം ലഭിച്ച പത്ത് വർഷത്തിലധികം സർവീസുള്ള ജീവനക്കാർക്കാണ് ഇത്തവണത്തെ ബഡ്ജറ്റിൽ ആയിരം രൂപ വർദ്ധിപ്പിച്ച് ഓണറേറിയം11,000 ആയത്. ഇ.പി.എഫ്, ഇ.എസ്‌.ഐ തുടങ്ങിയ ആനുകൂല്യങ്ങളും നിയമപ്രകാരമുള്ള അവധിയും ഗവൺമെന്റ്-എയ്ഡഡ് സ്‌കൂളുകളിലെ പ്രീപ്രൈമറി ജീവനക്കാർക്ക് ലഭിക്കുന്നില്ല. അക്കാദമിക് യോഗ്യതകളോടെ ജോലി ചെയ്യുന്ന ഇവർക്ക് പി.എസ്‌.സി വഴി നിയമനം ലഭിച്ചവർക്ക് ലഭിക്കുന്ന അതേ ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കാൻ അവകാശമുണ്ട്.

......................

 ജില്ലയിലെ അംഗീകൃത പ്രീ പ്രൈമറികൾ: 156

 അദ്ധ്യാപകർ: 226

 ആയമാർ: 156

.........................

എൽ.ഡി.എഫ് പ്രകടന പത്രികിലെ വാഗ്ദാനമായിരുന്നു പ്രീ പ്രൈമറിയെ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമായി അംഗീകരിക്കുമെന്നത്. എന്നാൽ അവസാന ബഡ്ജറ്റിലും പ്രതീക്ഷയോടെ കാത്തിരുന്ന ഞങ്ങൾ കടുത്ത അവഗണനയാണ് നേരിട്ടത്. കൊവിഡ് കാലത്ത് എല്ലാ വിഭാഗക്കാർക്കും സഹായം പ്രഖ്യാപിച്ചപ്പോഴും ഞങ്ങളെ മറന്നു

സുബൈദ, ജില്ലാ പ്രസിഡന്റ്, പ്രീ പ്രൈമറി ടീച്ചേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ഓർഗനൈസേഷൻ