s
ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നിര്‍മ്മിച്ച ഓരുമുട്ട്

ആലപ്പുഴ : ഓരുവെള്ള ഭീഷണിയിൽ നിന്ന് നാടിനെയും കൃഷിയെയും രക്ഷിക്കാൻ ഓരുമുട്ട് സ്ഥാപിച്ച് മാതൃകയാവുകയാണ് തൊഴിലുറപ്പ് തൊഴിലാളികൾ. ചേന്നം പള്ളിപ്പുറം പഞ്ചായത്തിൽ കൃഷിയുടെ നിലനിൽപ്പിനും ശുദ്ധജല ലഭ്യതയ്ക്കും ഓരുജലം ഭീഷണിയായി വന്ന ഘട്ടത്തിലാണ് സ്ഥിരം തൊഴിലുറപ്പ് ജോലികളിൽ നിന്ന് വ്യത്യസ്തമായി ഓരുമുട്ട് നിർമ്മാണത്തിലേക്ക് തൊഴിലാളികൾ തിരിഞ്ഞത്.

ഗ്രാമപഞ്ചായത്തിലെ 1,2,9,10,13 വാർഡുകളിലായി 72 ഓരുമുട്ടുകളാണ് ഇവർ നിർമിച്ചത്. ഇതോടെ ഏക്കറുകളോളം വരുന്ന നെൽകൃഷിയെ ഓരുവെള്ള ഭീഷണിയിൽ നിന്ന് സംരക്ഷിക്കാനാകും. മാത്രമല്ല, മറ്റു മേഖലകളിലെ പച്ചക്കറി, കുരുമുളക്, ജാതി ,വാഴ എന്നീ കൃഷികൾക്കും സംരക്ഷണമാകും. ജനങ്ങൾക്ക് ശുദ്ധജലം ലഭ്യമാക്കാനും ഓരുമുട്ട് നിർമാണത്തിലൂടെ സാധിക്കും. 20 - 22 പേരടങ്ങുന്ന സംഘങ്ങളായി തിരിഞ്ഞാണ് തൊഴിലുറപ്പ് തൊഴിലാളികൾഓരോ പ്രദേശങ്ങളിലെയും ഓരുമുട്ട് നിർമ്മാണം പൂർത്തീകരിച്ചത്.

2012ലാണ് ആദ്യമായി പള്ളിപ്പുറം പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഓരുമുട്ട് നിർമാണം നടത്തിയത്. തുടർന്നങ്ങോട്ടുള്ള എല്ലാ വർഷങ്ങളിലും തൊഴിലുറപ്പിൽ ഉൾപ്പെടുത്തിയാണ് പഞ്ചായത്തിലെ ഓരുമുട്ട് നിർമാണം. മൈനർ ഇറിഗേഷൻ വകുപ്പിന്റെ നേതൃത്വത്തിലാണ് പല പഞ്ചായത്തുകളിലും ഓരുമുട്ട് നിർമ്മിക്കുന്ന പ്രവൃത്തികൾ ചെയ്യുന്നത്.

2012 : പള്ളിപ്പുറം പഞ്ചായത്ത് തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ ഓരുമുട്ട് നിർമാണം ആദ്യമായി നടത്തിയത്

തൊഴിലുറപ്പ് ജോലികളിൽ ഉൾപ്പെടുത്തി പള്ളിപ്പുറം പഞ്ചായത്തിലെ തൊഴിലാളികൾ ചെയ്യുന്ന ഈ പ്രവൃത്തി എല്ലാവർക്കും മാതൃകയാക്കാൻ പറ്റുന്ന ഒന്നാണ്

ടി.എസ് സുധീഷ്, പ്രസിഡന്റ്

പള്ളിപ്പുറം ഗ്രാമപഞ്ചായത്ത്