s

ആലപ്പുഴ: യു.ഡി.എഫ് പിന്തുണയോടെ ലഭിച്ച ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്പിക്കാനുള്ള സി.പി.എം ജില്ലാ നേതൃത്വത്തിന്റെ ശ്രമം പാളി.ഭൂരിപക്ഷം വോട്ടർമാരും സ്ഥാനം രാജിവയ്ക്കേണ്ടെന്ന അഭിപ്രായക്കാരാണെന്ന നിലപാട് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ സ്വീകരിച്ചതോടെയാണ് പാർട്ടി പ്രതിസന്ധിയിലായത്. ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും രാജിവയ്ക്കാൻ തയ്യാറാവാത്ത പ്രസിഡന്റിനെതിരെ ജില്ലാ നേതൃത്വവും അനങ്ങിയിട്ടില്ല. തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാമെന്ന് ചില നേതാക്കൾ ചൂണ്ടിക്കാട്ടുന്നുമുണ്ട്.

പട്ടികജാതി വനിതാ സംവരണമാണ് ഇവിടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം. എൻ.ഡി.എയ്ക്കും യു.ഡി.എഫിനും ആറ് സീറ്റുകൾ വീതം കിട്ടിയപ്പോൾ എൽ.ഡി.എഫിന്റെ അംഗസംഖ്യ അഞ്ചായിരുന്നു. പുറമെ കോൺഗ്രസ് റിബലായി മത്സരിച്ച ഒരു സ്വതന്ത്രനും.എന്നാൽ യു.ഡി.എഫിന് പട്ടികജാതി വനിതാ അംഗം ഇല്ലാതെ വന്നതോടെ, ബി.ജെ.പി അധികാരത്തിൽ വരുന്നതൊഴിവാക്കാൻ എൽ.ഡി.എഫിനെ പിന്തുണച്ചതെന്നായിരുന്നു അവരുടെ വാദം.പകരം കോൺഗ്രസിൽ നിന്നുള്ള രവികുമാറിനെ വൈസ് പ്രസിഡന്റുമാക്കി. ഇതിനെതിരെ ഏറെ വിമർശനമുയർന്നതോടെയാണ്

പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കാൻ സി.പി.എം ജില്ലാ കമ്മി​റ്റി നിർദ്ദേശിച്ചത്.

പ്രതിപക്ഷ നേതാവിന്റെ പഞ്ചായത്തിൽ കോൺഗ്രസ് പിന്തുണയോടെ സി.പി.എം പ്രതിനിധി പ്രസിഡന്റ് പദത്തിലെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. എൽ.ഡി.എഫും യു.ഡി.എഫും ധാരണയിലാണെന്ന വിധത്തിലായിരുന്നു പ്രചാരണം.ജനാധിപത്യ മഹിളാ അസോസിയേഷൻ ചെന്നിത്തല വില്ലേജ് കമ്മി​റ്റി അംഗവും സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ് വിജയമ്മ ഫിലേന്ദ്രൻ.

പഞ്ചായത്തിലെ കക്ഷിനില

യു.ഡി.എഫ്: 6

ബി.ജെ.പി: 6

എൽ.ഡി.എഫ്: 5

സ്വത: 1

മാന്നാറിലും പ്രതിസന്ധി

മാന്നാർ ഗ്രാമപഞ്ചായത്തിലും ഇതേ പ്രതിസന്ധി നേരിടുകയാണ് സി.പി.എം. യു.ഡി.എഫിന് ഒമ്പതും എൽ.ഡി.എഫിന് എട്ടും അംഗങ്ങളാണുള്ളത്. ബി.ജെ.പിക്ക് ഒന്നും. പ്രസിഡന്റ് സ്ഥാനം വനിതാ സംവരണമാണ്. യു.ഡി.എഫ് പക്ഷത്തുള്ള അംഗത്തിന്റെ പിന്തുണയോടെയാണ് സി.പി.എം അംഗം ടി.വി. രത്നകുമാരി ഇവിടെ പ്രസിഡന്റായത്. കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച സുനിൽപ്രദ്ദേയത്തെ പ്രത്യുപകാരമായി വൈസ് പ്രസിഡന്റുമാക്കി.സുനിൽ പ്രദ്ദേയം കോൺഗ്രസിൽ നിന്ന് രാജി വച്ച് സി.പി.എമ്മിൽ ചേർന്നുവെന്നാണ് ഇതിന് നിരത്തുന്ന ന്യായം.ഇതും പാർട്ടി ജില്ലാ നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്.കഴിഞ്ഞ ജില്ലാ കമ്മിറ്റിയിൽ ഇതിനെതിരെ കടുത്ത വിമർശനവുമുയർന്നിരുന്നു.ഇതേക്കുറിച്ച് പ്രതികരണത്തിന് പാർട്ടി ജില്ലാ നേതൃത്വം തയ്യാറായിട്ടുമില്ല.

മാന്നാറിലെ കക്ഷിനില

യു.ഡി.എഫ് ...9

എൽ.ഡി.എഫ്..8

ബി.ജെ.പി ..1

(കോൺഗ്രസിൽ നിന്ന് ഒരംഗം കൂറുമാറി എൽ.ഡി.എഫിന് പിന്തുണ നൽകി)