എടത്വാ: പ്രീഫയർ ഓൺലൈൻ കളിയിൽ വിദ്യാർത്ഥിയുടെ ഐഡി ഉപയോഗിച്ച് പണം തട്ടിയതായി പരാതി. തലവടി സ്വദേശിയായ വിദ്യാർഥിയാണ് തട്ടിപ്പിന് ഇരയായത്.
ഈ വിദ്യാർഥി പ്രീഫയർ ഓൺലൈൻ കളിക്ക് പേര് രജിസ്റ്റർ ചെയ്തിരുന്നു. ആധാർകാർഡ്, ഫോട്ടോ, ഫോൺനമ്പർ എന്നിവ നൽകിയതോടെ ഓൺലൈനിൽ കളിക്കാൻ ഐഡി ലഭിച്ചു. ഓൺലൈൻ കളിയിൽ പരാജയപ്പെട്ട വിദ്യാർത്ഥി ഐഡി മറിച്ചുവിൽക്കാൻ തീരുമാനിച്ചു. മറ്റൊരാൾ 1000 രൂപ നൽകി ഐഡി വാങ്ങാൻ തയ്യാറായി. ഐഡിയുടെ പണം ലഭിച്ചില്ലെന്ന് മാത്രമല്ല ആധാർകാർഡും, ഫോട്ടോയും ഉപയോഗിച്ച് ഇയാൾ പലരിൽ നിന്നും പണം വാങ്ങിയിരുന്നു. മൂവാറ്റുപുഴ സ്വദേശിയുടെ 4000 രൂപയും ഇക്കൂട്ടത്തിൽ പെടുന്നു. പണം നഷ്ടപ്പെട്ട മൂവാറ്റുപുഴ സ്വദേശി ആധാർ കാർഡിലെ അഡ്രസ് കണ്ടെത്തി തലവടിയിൽ എത്തിയപ്പോഴാണ് വിദ്യാർത്ഥിയും വീട്ടുകാരും വിവരം അറിയുന്നത്. വിദ്യാർത്ഥിയുടെ കുടുംബം ആലപ്പുഴ സൈബർ സെല്ലിൽ പരാതി നൽകി. പൊലീസ് അന്വേഷണം ആരംഭിച്ചു.