fire

ആലപ്പുഴ: നഗരത്തിൽ എസ്.ഡി.വി സെൻട്രൽ സ്കൂളിന് സമീപത്തെ കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്‌ചറിംഗ് ഫാക്ടറിയിൽ തീപിടിത്തം. ഇന്നലെ വൈകിട്ട് അഞ്ചോടെ, കമ്പനി കോമ്പൗണ്ടിൽ പെയിന്റും മറ്റ് വസ്തുക്കളും സൂക്ഷിക്കുന്ന മുറിയിലാണ് തീ ആളിപ്പടർന്നത്.

ഈ മുറിക്ക് മുകളിലായി സ്റ്റോറേജ് സൗകര്യം വർദ്ധിപ്പിക്കാൻ വെൽഡിംഗ് ജോലി നടക്കുന്നുണ്ട്. ഇവിടെ നിന്നു തീപ്പൊരി പെയിന്റിലേക്കും തിന്നറിലേക്കും തെറിച്ചതാകാം അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. വിലപിടിപ്പുള്ള മെഷിനറികൾ മറ്റ് ഭാഗത്തായതിനാൽ വലിയ നഷ്ടമുണ്ടായിട്ടില്ലെന്ന് കമ്പനി ചെയർമാൻ കെ.പ്രസാദ് പ്രതികരിച്ചു. തീ ആളിക്കത്തി മിനുട്ടുകൾക്കകം അഗ്നിശമന സേനയ്ക്ക് സ്ഥലത്തെത്താൻ സാധിച്ചതിനാൽ പെട്ടെന്ന് അണയ്ക്കാൻ സാധിച്ചു. ഫോം ടെൻഡർ ഉൾപ്പെടെയുള്ള അത്യാധുനിക വാഹനങ്ങളുടെ സഹായത്താലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കയർ മെഷിനറികളുടെ നിർമ്മാണ സാമഗ്രികളായ മോട്ടോറുകൾ, ഗിയർബോക്സുകൾ, വിവിധ തരം ബെയറിംഗുകൾ, കപ്പികൾ, ഓയിൽ, പെയിന്റ്, തിന്നർ മുതലായവ സൂക്ഷിച്ചിരുന്നതിനാൽ നേരിട്ട് വെള്ളം ഉപയോഗിച്ച് തീ അണയ്ക്കാൻ ശ്രമിച്ചാൽ ആളിപ്പടരുമായിരുന്നു. ആലപ്പുഴ സ്റ്റേഷൻ ഓഫീസർ ഡി.ബൈജു, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ വാലന്റയിൻ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.