ആലപ്പുഴ: തെരുവുനായ്ക്കളെ വീട്ടിൽ കൊണ്ടുപോകാതെ റോഡിൽ ഭക്ഷണം വിളമ്പി വളർത്തുന്നവർക്ക് എതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി. ഇത്തരം നടപടി​കൾ തെരുവുനായ്ക്കൾ പെരുകുന്നതി​ന് കാരണമാകും. തെരുവു നായ് ഭീഷണി​ വീണ്ടും വർദ്ധി​ക്കും.

ഈ ദുരി​തം കാണുന്നി​ല്ലേ?

ജനപ്രതിനിധികൾ, വിദേശികൾ ഉൾപ്പെടെയുള്ളവരെ ആണ് ആലപ്പുഴ പട്ടണത്തിൽ തെരുവ് നായ്ക്കളുടെ കടിയേറ്റത്. കഴിഞ്ഞ ദിവസം സഹോദരങ്ങളായ കുട്ടികൾ ഉൾപ്പെടെ അഞ്ചുപേർക്കാണ് കാളാത്ത് വാർഡിൽ തെരുവ് നായ് കടിച്ച് കീറിയത്.
മനുഷ്യ ജീവനെ കടിച്ചു കീറുന്ന തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകുന്നവർക്ക് എതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് നഗരസഭാ ഭരണകർത്താക്കൾ ഉൾപ്പെടെുള്ളവരും വിദേശവനിതയും തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായി.

കഴിഞ്ഞ പത്തു വർഷത്തിനിടയിൽ കുഞ്ഞുങ്ങൾക്കുൾപ്പടെ നൂറിൽ അധികം പേർ അക്രമണത്തിന് ഇരയായി. വിലയേറിയ വീട്ടുപകരണങ്ങളും ചെരിപ്പുകൾ ഉൾപ്പടെയുള്ള നിത്യോപയോഗ സാധനങ്ങളും നശിപ്പിക്കപ്പെട്ടു. വാഹനത്തിനു കുറുകെ ചാടി ആൾക്കാരെ അപകടത്തിൽപ്പെടുത്തി പരിക്കേൽപ്പിച്ചു. തലനാഴിരയ്ക്കു മരണത്തിൽ നിന്നു രക്ഷപ്പെട്ടവർ നിരവധി പേരാണ്.

വളർത്തുനായ്ക്കളെ വഴിയിൽ തള്ളുന്നു

വൻതുകയ്ക്ക് വാങ്ങി വീട്ടിൽ മുന്തിയ ഭക്ഷണം നൽകി വളർത്തുന്ന നായ്ക്കളെ അനുസരണക്കേടിന്റെ പേരിൽ തെരുവോരത്ത് തള്ളുക പതിവാണെന്ന് പറയുന്നു. ഉടമകൾ വാഹനത്തിൽ കയറ്റി തെരുവോരത്ത് തള്ളുകയാണ് പതിവ്. ഇത്തരം നായ്ക്കൾ വിശക്കുമ്പോൾ സമീപത്ത് കൂടി പോകുന്ന മനുഷ്യരെയോ മറ്റ് നായ്ക്കളെയോ അക്രമിക്കുന്നത് പതിവാണ്. റോഡിൽ തീറ്റി തിന്നു കൊഴുക്കുന്ന പട്ടികളുടെ രാത്രികാല കിടപ്പ് സമീപ വീടുകളിലാണ്. അവിടെ ഉറക്കവും വിസർജനവും നടത്തും. എഴുന്നേറ്റു പോകും വഴി പുറത്തു കിടക്കുന്ന ചെരുപ്പും ഷൂസും ചവിട്ടുമെത്തയും കടിച്ചുകൊണ്ടു പോകുകയും ചെയ്യും. പട്ടി ചാട്ടശല്യം മൂത്തപ്പോൾ മതിലുകൾ പലരും ഉയർത്തി കെട്ടിയിട്ടും പ്രയോജനമില്ലാത്ത സ്ഥി​തി​യുണ്ട്. .

...................

'തെരുവ് നായ്ക്കൾക്ക് വാസസ്ഥലം ഏർപ്പെടുത്തണം. നടുറോഡിൽ ഭക്ഷണം വിളമ്പുന്നവരുടെ പേരിൽ നിയമനടപടിയും നായ്ക്കളുടെ ലൈസൻസ് എടുപ്പിക്കുകയുമാണ് വേണ്ടത്.

തത്തംപള്ളി റസിഡന്റ്സ് അസോസിയേഷൻ