s

കൂട്ടമരണം പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം

ആലപ്പുഴ: കുട്ടനാട്ടിൽ താറാവുകൾക്ക് പുറമേ കോഴികളും കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചു. മറ്റ് പക്ഷികളിലേക്കും മനുഷ്യരിലേക്കും രോഗവ്യാപനം തടയാൻ ജില്ലയിൽ ജാഗ്രതയോടെയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു.

കൈനകരി തോട്ടുവാത്തല ഭാഗത്ത് കോഴികൾ കൂട്ടത്തോടെ ചത്തു. കഴിഞ്ഞ 17ന് ചത്ത കോഴികളിൽ നിന്ന് എടുത്ത സാമ്പിൾ ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി ആനിമൽ ഡിസീസ് ലാബിൽ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 19ന് വൈകിട്ട് ലഭിച്ച റിസൾട്ടിനെ തുടർന്ന് രോഗ നിയന്ത്രണം അടിയന്തരമായി നടപ്പാക്കുന്നതിന് കളക്ടർ എ.അലക്സാണ്ടറുടെ അദ്ധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു സ്ഥിതി വിലയിരുത്തി. രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റർ ചുറ്റളവിലെ പക്ഷികളെ കൊന്ന് സംസ്കരിക്കാൻ തീരുമാനിച്ചു. കോഴി, താറാവ് എന്നിവയെയും അലങ്കാര പക്ഷികളെയും കൊന്നൊടുക്കാൻ ജില്ലാ മൃഗസംരക്ഷണ വകുപ്പിന് നിർദേശം നൽകി.

തോട്ടുവാത്തലയിലെ കെ.സി.ആന്റണിയുടെ ഫാമിലും മൂന്ന് വീടുകളിലും വളർത്തിയ 748 മുട്ടക്കോഴികൾ കണ്ണുകൾ നീലിച്ച് കാഴ്ച മങ്ങി ചുണ്ട് വിറപ്പിച്ച് കറങ്ങിവീണാണ് ചത്തത്. ചത്ത കോഴികളിൽ നിന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പാണ് സാമ്പിൾ ശേഖരിച്ച് ഭോപ്പാലിലെ ലാബിൽ പരിശോധനയ്ക്ക് അയച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ഒരുകിലോമീറ്റർ ചുറ്റളവിലുള്ള 2500 കോഴികളെയും താറാവുകളെയും കൊന്നൊടുക്കാൻ തീരുമാനിച്ചു. പ്രദേശത്ത് ദേശാടന പക്ഷികളുടെ സാന്നിദ്ധ്യം കൂടുതലാണ്.

ഈമാസം ആദ്യവാരത്തിലാണ് പള്ളിപ്പാട്, കരുവാറ്റ, ചമ്പക്കുളം, നെടുമുടി, തലവടി, തകഴി ഭാഗങ്ങളിൽ താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കാൽലക്ഷത്തിൽ അധികം താറാവുകൾ ചത്തതിനെ തുടർന്നാണ് ഭോപ്പാലിലെ ലാബിൽ പരിശോധിച്ചത്. മൂന്നു ദിവസംകൊണ്ട് 4,9,958 താറാവുകളെയും 620 കോഴികളെയും കൊന്ന് നശിപ്പിച്ചു. 32,550 മുട്ടകളും നശിപ്പിച്ചുരുന്നു.

താറാവുകളിലും വൈറസ്

തോട്ടുവാത്തലയിൽ ചത്ത കോഴികളിൽ രോഗം പകർത്തിയത് താറാവുകളിൽ കണ്ട അതേ വൈറസാണ്. താറാവുകൾ ചത്തത് പക്ഷിപ്പനി പരത്തുന്ന എച്ച്-5 എൻ-8 വൈറസ് മൂലമായിരുന്നു. രോഗം മനുഷ്യരിലേക്ക് പകരില്ലെങ്കിലും രൂപമാറ്റത്തിലൂടെ അപകടകാരികളായ വൈറസ് ആകാനുള്ള സാദ്ധ്യത കണക്കിലെടുത്താണ് കൂട്ടക്കുരുതി നടത്തുന്നത്. പക്ഷികളെ കൊന്ന് പ്രത്യേക മാർഗ്ഗ നിർദ്ദേശ പ്രകാരം കത്തിക്കും. ഇതിനുള്ള ടീമംഗങ്ങൾക്ക് എച്ച് വൺ എൻ വൺ പ്രതിരോധ മരുന്ന് നൽകി. റാപ്പിഡ് റസ്‌പോൺസ് ടീം നേതൃത്വത്തിലാണ് പക്ഷികളെ കൊന്നത്. ഒരു വെറ്ററിനറി ഡോക്ടർ തലവനായി 10 പേർ ടീമിൽ അംഗങ്ങളാണ്. ഒരു ദിവസം കൊണ്ട് ജോലികൾ പൂർത്തിയാക്കാനായി അഞ്ച് ആർ.ആർ.ടിയെ ആണ് നിയോഗിച്ചത്.

നഷ്ടപരിഹാരം 24ന്

പക്ഷിപ്പനി മൂലം ചത്തതും കൊന്നതുമായ താറാവുകൾക്കുള്ള നഷ്ടപരിഹാര തുക 24ന് ഉച്ചയ്ക്ക് രണ്ടിന് ജില്ലാ പഞ്ചായത്ത് ഹാളിൽ വിതരണം ചെയ്യും. 1.05 കോടിയാണ് നഷ്ടപരിഹാരമായി ആദ്യഘട്ടത്തിൽ അനുവദിച്ചത്. 21 താറാവ് കർഷകർക്കും അഞ്ച് കോഴി കർഷകർക്കുമാണ് തുക വിതരണം ചെയ്യുന്നത്. മന്ത്രി അഡ്വ. കെ.രാജു നഷ്ടപരിഹാര തുക വിതരണോദ്ഘാടനം നിർവഹിക്കും. മന്ത്രി ഡോ. ടി.എം.തോമസ് ഐസക് അദ്ധ്യക്ഷത വഹിക്കും. മന്ത്രി ജി.സുധാകരൻ മുഖ്യപ്രഭാഷണം നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, എ.എം.ആരിഫ് എം.പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി, ആലപ്പുഴ നഗരസഭ ചെയർപേഴ്സൺ സൗമ്യരാജ് തുടങ്ങിയവർ പങ്കെടുക്കും. 30 ദിവസത്തിന് താഴെ പ്രായമുള്ളവയ്ക്ക് 100 രൂപയും മുകളിൽ പ്രായമുള്ളവയ്ക്ക് 200രൂപയുമാണ് നഷ്ടപരിഹാരം.

...........................

കോഴികളുടെ സാമ്പിൾ പരിശോധനഫലം പോസിറ്റീവായതോടെ രോഗവ്യാപനം തടയാനാണ് കൂട്ടത്തോടെ കൊന്നത്. തോട്ടുവാത്തലയ്ക്ക് ചുറ്റളവിലുള്ള ഒരു കിലോമീറ്ററിൽ 2500 കോഴികളെയും താറാവുകളെയും അലങ്കാര പക്ഷികളെയും കളളിംഗ് നടത്തി

ഡോ. സന്തോഷ് കുമാർ, ജില്ലാ മൃഗസംരക്ഷണ വകുപ്പ് ആഫീസർ