ആലപ്പുഴ: ബി.ജെ.പി- സി.പിഎം പഴിചാരൽ അവസാനിപ്പിച്ച് ബൈപാസ് അടിയന്തിരമായി നടത്തണമെന്ന് യു.ഡി.എഫ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

സാങ്കേതികത്വം പറഞ്ഞ് ഉദ്ഘാടനം വൈകിപ്പിക്കാൻ ശ്രമിച്ചാൽ ജനകീയ പങ്കാളിത്തത്തോടെ ബൈപാസ് തുറന്നു കൊടുക്കാൻ യു.ഡി.എഫ് നിർബന്ധിതമാകും. 50 ശതമാനം പ്രവൃത്തികളും ഉമ്മൻ‌ചാണ്ടി സർക്കാരിന്റെ കാലത്ത് ആലപ്പുഴയിൽ കെ.സി. വേണുഗോപാൽ എം.പി ആയിരിക്കെയാണ് പൂർത്തിയായത്. 23ന് ജില്ലയിലെ എല്ലാ നിയോജകമണ്ഡലങ്ങളിലും കേന്ദ്ര സർക്കാരിന്റെ നടപടികൾക്കെതിരെ ധർണ നടത്താൻ യോഗം തീരുമാനിച്ചു. ഫെബ്രുവരി 15,16 തീയതികളിൽ സംശുദ്ധം, സദ്ഭരണം എന്ന മുദ്രവാക്യം ഉയർത്തി പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയ്ക്ക് ജില്ലയിൽ വരവേല്പ് നൽകാൻ യോഗം തീരുമാനിച്ചു. ജില്ലാ ചെയർമാൻ സികെ. ഷാജിമോഹൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് എം.ലിജു, യു.ഡി.എഫ് കൺവീനർ ബി. രാജശേഖരൻ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം നിസാർ, കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജേക്കബ് എബ്രഹാം, തോമസ് കുട്ടി മാത്യു, ബാബു വലിയവീടൻ, എ.എ. ഷുക്കൂർ, അഡ്വ. ഡി.സുഗതൻ, കെ.കെ ഷാജു, കളത്തിൽ വിജയൻ, ജോർജ് ജോസഫ്, എസ്.എസ്. ജോളി, ബഷീർ കുട്ടി എന്നിവർ സംസാരിച്ചു.