ആലപ്പുഴ: ജില്ലയിലെ കഴിഞ്ഞദിവസം പക്ഷിപ്പനി സ്ഥിരീകരിച്ച കൈനകരിയിലെ പ്രദേശങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള പക്ഷികളെ കൊന്നു നശിപ്പിക്കുന്ന കള്ളിംഗ് ആരംഭിച്ചു. പഞ്ചായത്തിലെ 10,11 വാർഡുകളിലായി 305 താറാവ്, 223 കോഴി, രണ്ട് പേത്ത, 42 കിലോ തീറ്റ എന്നിവ ഇന്നലെ നശിപ്പിച്ചു. കള്ളിംഗ് ഇന്നും തുടരും. അഞ്ച് ആർ.ആർ.റ്റികളാണ് ഇന്നലെ കള്ളിംഗ് ജോലികളിൽ ഏർപ്പെട്ടത്. പി.പി.ഇ. കിറ്റ് ധരിച്ചായിരുന്നു പ്രവർത്തനം. പക്ഷികളെ കൊന്ന ശേഷം വിറക്, ഡീസൽ, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളിൽ കത്തിച്ച് കളയുകയാണ് ചെയ്യുക. കത്തിക്കൽ പൂർത്തിയായതിന് ശേഷം പ്രത്യേക ആർ.ആർ.ടി സംഘമെത്തി സാനിറ്റേഷൻ നടപടികൾ സ്വീകരിക്കും. ജില്ല മൃഗസംരക്ഷണ ഓഫീസർ ഡോ.പി.കെ. സന്തോഷ് കുമാർ എന്നിവർ നേതൃത്വം നൽകി.