പൂച്ചാക്കൽ: പിതാവിനോടൊപ്പം തരിശ് ഭൂമിയിൽ കൃഷി ചെയ്ത് ശ്രദ്ധേയനായ എട്ടാംക്ളാസുകാരനെ അദ്ധ്യാപകരും മാനേജ്മെന്റും ചേർന്ന് ആദരിച്ചു.
അരൂക്കുറ്റി വടുതല നദ് വത്തുൽ ഇസ്ലാം ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥി മുഹമ്മദ് റസിനാണ് സ്കൂളിന്റെ അംഗീകാരം. പച്ചക്കറി, നെൽകൃഷി, മീൻ, കോഴി, ആട് വളർത്തൽ എന്നിവയായിരുന്നു കൃഷി. കൊവിഡ് കാരണം പഠനം മുടങ്ങിയപ്പോൾ അദ്ധ്യപകനായ പിതാവ് പി.എം. സുബൈറിനൊപ്പം റസിൻ കൂടുകയായിരുന്നു. കൃഷിക്കായി ഒരേക്കറോളം വരുന്ന തരിശുഭൂമി ഏറ്റെടുത്തു. സുബൈറും റസിനും ചേർന്നാണ് കൃഷിയിടം ഒരുക്കിയെടുത്തത്. നെല്ലിനും പച്ചക്കറിക്കും നല്ല വിളവ് ലഭിച്ചു.
വീട്ടിലെത്തിയാൽ പഠനത്തോടൊപ്പം പേപ്പർ ബാഗ് നിർമ്മാണം, പാചകം എന്നിവയിലും റസിൻ സജീവമാണ്. സ്ക്കൂളിൽ നടന്ന യോഗത്തിൽ സമാജം സെക്രട്ടറി അബ്ദുൽ ഖാദർ ഉപഹാരം നൽകി. പ്രിൻസിപ്പൽ ഷെമീർ, മാനേജ്മെന്റ് അംഗം അജാസ് തേലാപ്പിള്ളി, വൈസ് പ്രിൻസിപ്പൽ റെമീന, അദ്ധ്യാപകരായ സുലോചന, സ്മിത ബാലകൃഷ്ണൻ, സുമിഷ തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികളെയും ആദരിച്ചു.