ജില്ലയിലെ അമൃതം പൊടി യൂണിറ്റുകൾക്ക് എ ഗ്രേഡ് അംഗീകാരം
ആലപ്പുഴ: അങ്കണവാടികളിലേക്ക് അമൃതംപൊടി നൽകുന്ന, ജില്ലയിലെ മുഴുവൻ കുടുംബശ്രീ യൂണിറ്റുകൾക്കും എ ഗ്രേഡ് ആംഗീകാരം.
എ,ബി,സി എന്നിങ്ങനെയായിരുന്നു ഗ്രേഡിംഗ്. പോഷക സമ്പുഷ്ടമായ അമൃതം ന്യൂട്രിമിക്സ് തയ്യാറാക്കുന്നതിനാണ് അംഗീകാരം ലഭിച്ചത്. കുടുംബശ്രീ ജില്ലാ മിഷന്റെ കീഴിലുള്ള 14 ന്യൂട്രിമിക്‌സ് യൂണിറ്റുകൾ വഴിയാണ് ഇവ നിർമ്മിക്കുന്നത്. ഓരോ യൂണിറ്റിലും ഏഴു മുതൽ പത്ത് വരെ കുടുംബശ്രീ അംഗങ്ങളാണ് സംരംഭ മാതൃകയിൽ അമൃതംപൊടി ഉത്പാദിപ്പിക്കുന്നത്. വനിത, ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ, എല്ലാ ന്യൂട്രിമിക്‌സ് യൂണിറ്റുകളിലും ഉത്പാദിപ്പിക്കുന്ന അമൃതംപൊടിയുടെ ഗുണമേൻമയിൽ യാതൊരു കുറവുമുണ്ടാവരുതെന്ന് അടുത്തിടെ നിർദ്ദേശം വന്നിരുന്നു.
പോഷക സമ്പുഷ്ടത യാഥാർത്ഥ്യമാക്കാൻ ആദ്യം എല്ലാ യൂണിറ്റുകളുടെയും ഗ്രേഡിംഗ് പൂർത്തിയാക്കുകയും തുടർന്ന് നൂറു കിലോ ശേഷിയുള്ള ബ്ലെൻഡർ സ്ഥാപിക്കുകയും ചെയ്തു. ശേഷം ടെൻഡർ വഴി മൈക്രോ ന്യൂട്രിയന്റ്‌സിന്റെ ലഭ്യത ഉറപ്പാക്കുകയും യൂണിറ്റ് അംഗങ്ങൾക്ക് പരിശീലനം നൽകുകയും ചെയ്തു. പുതിയ പാക്കിംഗ് കവർ നിർമ്മിച്ചു. ആറ് മാസം മുതൽ മൂന്നു വയസുവരെയുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴിയാണ് അമൃതംപൊടി വിതരണം ചെയ്യുന്നത്. ഗോതമ്പ്, സോയ, പഞ്ചസാര, കപ്പലണ്ടി, കടലപ്പരിപ്പ് എന്നിവ ചേർത്ത അമൃതം ഭക്ഷ്യമിശ്രിതം വികസിപ്പിച്ചെടുത്തത് കാസർകോട് സെന്റർ പ്‌ളാന്റേഷൻ ഫോർ ക്രോപ്‌സ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ്. മാംസ്യം, കൊഴുപ്പ്, അന്നജം, കാൽസ്യം, ഇരുമ്പ്, കരോട്ടിൻ, തയാമിൻ, റൈബോഫ്‌ളേവിൻ, നിയാസിൻ തുടങ്ങി വിവിധ പോഷകങ്ങൾ അമൃതം പൊടിയിൽ അടങ്ങിയിട്ടുണ്ട്.
ഗ്രേഡ് തിളക്കം
ഭരണിക്കാവ്, പള്ളിപ്പാട്, കുമാരപുരം, അമ്പലപ്പുഴ, നെടുമുടി, രാമങ്കരി, ആര്യാട്, ചേർത്തല, തുറവൂർ, കുത്തിയതോട്, മാന്നാർ, മുഹമ്മ, പത്തിയൂർ, തണ്ണീർമുക്കം പഞ്ചായത്തുകളിൽ നിന്നായി 137 കുടുംബശ്രീ അംഗങ്ങളാണ് ജില്ലയിലേക്കാവശ്യമായ അമൃതം പൊടി തയ്യാറാക്കുന്നത്. ഉത്പാദന യൂണിറ്റിന്റെ നിലവാരം അനുസരിച്ചാണ് ഗ്രേഡിംഗ്. യൂണിറ്റുകളുടെ ശുചിത്വം, ഉത്പന്നത്തിന്റെ ഗുണനിലവാരം, യൂണിറ്റിന്റെ പ്രവർത്തന ശൈലി എന്നിവയായിരുന്നു ഗ്രേഡിംഗിന്റെ അടിസ്ഥാനം. ഐ.സി.ഡി.എസ് ഉദ്യോഗസ്ഥർ, ഫുഡ്സേഫ്ടി ഓഫീസർ, കുടുംബശ്രീ കോ ഓർഡിനേറ്റർമാർ എന്നിവർ ചേർന്നാണ് ഗ്രേഡ് നിർണയിക്കുന്നത്. ജില്ലയിലെ എല്ലാ യൂണിറ്റുകളും മികച്ച പ്രവർത്തനമാണ് നടത്തുന്നത്.
ഓർഡറുകളുണ്ട്
ഓരോ മാസവും ഐ.സി.ഡി.എസാണ് യൂണിറ്റുകൾക്ക് ഓർഡറുകൾ നൽകുന്നത്. മാസം 10,000ത്തോളം ഓർഡറുകൾ ഓരോ യൂണിറ്റിനും നൽകുന്നുണ്ട്. കുടുംബശ്രീ സ്റ്റാർട്ടപ്പ് ഫണ്ട് ഉപയോഗിച്ചാണ് വനിത സംരംഭക യൂണിറ്റ് തുടങ്ങിയത്. പ്രളയത്തിൽ ചില യൂണിറ്റിലെ മെഷീനുകൾ വെള്ളം കയി ഉപയോഗശൂന്യമായിരുന്നു. ഇവിടെ കുടുംബശ്രീയുടെ നേതൃത്വത്തിൽ 'സേവ് ദ ചിൽഡ്രൻ' ഫണ്ടിൽ നിന്ന് സൗജന്യമായി മെഷിനറികൾ വിതരണം ചെയ്തു.
..............................
ജില്ലയിലേക്കാവശ്യമായ അമൃതം ന്യൂട്രിമിക്‌സ് 14 യൂണിറ്റുകളിലാണ് ഉത്പാദിപ്പിക്കുന്നത്. എല്ലാ യൂണിറ്റുകളുടെയും പ്രവർത്തനം മികച്ചതാണ്. നൽകുന്ന ഓർഡറുകളുടെ അടിസ്ഥാനത്തിൽ യൂണിറ്റുകൾക്ക് ഐ.സി.ഡി.എസ് ഫണ്ട് നൽകും. യൂണിറ്റ് ആരംഭിക്കുന്നതിന് മുമ്പ് കുടുംബശ്രീയുടെ നേതൃത്വത്തിൽ അംഗങ്ങൾക്ക് പരിശീലനം നൽകിയിരുന്നു
(പ്രശാന്ത്, കുടുംബശ്രീ ജില്ലാ കോ ഓർഡിനേറ്റർ)