s

ഹരിപ്പാട്: വൃക്ക രോഗം ബാധിച്ച യുവാവിന്റെ ചികിത്സയ്ക്ക് സഹായം കണ്ടെത്താനായി പള്ളിപ്പാട് നടുവട്ടം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായ്മയായ ഓർമ്മക്കൂട്ടം -96 ന്റെ നേതൃത്വത്തിൽ ചെടിയും ചട്ടിയും ചലഞ്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 30, 31 തീയതികളിൽ പള്ളിപ്പാട്ടെ ജനപ്രതിനിധികളുടെ സഹകരണത്തോടെയാണ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ഇരു വൃക്കകളും തകരാറിലായി ജീവിതം വഴിമുട്ടിയ പള്ളിപ്പാട് തെക്കേക്കര കിഴക്ക് പത്തിശേരിൽ വീട്ടിൽ സുമതിയുടെ മകൻ അനിൽകുമാറിന്റെ ചികിത്സാചെലവുകൾ കണ്ടെത്തുന്നതിനും വീടിനായി എടുത്ത ലോൺ തുക അടച്ചു തീർക്കുന്നത്തിനുമായാണ് വ്യത്യസ്ത ചലഞ്ചുമായി ഓർമ്മക്കൂട്ടം രംഗത്ത് എത്തിയത്.

പഞ്ചായത്തിലെ ഓരോ വീട്ടിലും ഒരു ചെടിയും ചട്ടിയും എത്തിക്കും. ഇതിനായി ഓരോ കുടുംബവും നൽകുന്ന തുക സമാഹരിച്ചു അനിൽകുമാറിനും കുടുംബത്തിനും എത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഗുരുതരമായ വൃക്ക രോഗത്തെത്തുടർന്ന് 2016ൽ പ്രവാസജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തിയ അനിൽകുമാർ ഭാര്യ ഉപേക്ഷിച്ചതിനെ തുടർന്ന് 70 വയസുള്ള അമ്മയുടെ കരുതലിലാണ്. 12, 15 വയസുള്ള രണ്ട് മക്കളും ഒപ്പമുണ്ട്. വീടിനായി പള്ളിപ്പാട് എസ്. ബി. ഐ ശാഖയിൽ നിന്നും ലോൺ എടുത്ത 2.5 ലക്ഷം രൂപയും ഈ കുടുംബത്തിന്റെ ദുരിതം ഇരട്ടിപ്പിക്കുന്നു. അനിൽകുമാറിന്റെ വൃക്ക മാറ്റിവെയ്ക്കൽ ഉൾപ്പെടെയുള്ള തുടർ ചികിത്സയ്ക്കും കടം തീർക്കുന്നതിനുമായി ചലഞ്ചിലൂടെ ലഭിക്കുന്ന തുക വിനിയോഗിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്തസമ്മേളനത്തിൽ കീച്ചേരിൽ ശ്രീകുമാർ, രാജീവ്‌ സ്പെക്ട്ര, രമേശ്‌ സംസ്കൃതി, ശ്രീജിത്ത്‌, സജീവ്, നിബു വർഗീസ് എന്നിവർ പങ്കെടുത്തു.