ആലപ്പുഴ : കായിക പ്രേമികളുടെ സ്വപ്നമായ ഇ.എം.എസ് സ്റ്റേഡിയത്തിന്റെ നിർമ്മാണം യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ ആലപ്പുഴ നഗരസഭയുടെ പ്രഥമ കൗൺസിൽ യോഗം ഐകകണ്‌ഠേന തീരുമാനിച്ചു. വ്യാജ രേഖകൾ ചമച്ച് ഭൂമി സ്വന്തമാക്കാൻ മാഫിയകൾ നടത്തുന്ന ശ്രമങ്ങളെ ചെറുക്കും. രേഖയിൽ ഉൾപ്പെടാത്ത പുറമ്പോക്ക് ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണുള്ളത്. ഭൂമിയുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാൻ ഹൈക്കോടതി ജില്ല കളക്ടറെ ചുമതലപ്പെടുത്തിയിരുന്നു. നഗരസഭ സമർപ്പിച്ച രേഖകളും സർവേ ഡെപ്യൂട്ടി ഡയറക്ടറുടെ റിപ്പോർട്ടും സ്‌കെച്ചും പരിശോധിച്ചശേഷം വിഷയത്തിൽ തീർപ്പ് കൽപിക്കാൻ അമ്പലപ്പുഴ തഹസിൽദാർക്ക് കൈമാറിയ സാഹചര്യത്തിലാണ് വിഷയം അജണ്ടയിൽ ഉൾപെടുത്തി ചർച്ച ചെയ്തത്. കെട്ടിട നിർമാണം അടക്കമുള്ളവ പൂർത്തിയാക്കിയ ഇ.എം.എസ് സ്റ്റേഡിയം നഗരസഭയുടെ ഉടമസ്ഥതയിലുള്ളതാണെന്നും ഇതുമായി ബന്ധപ്പെട്ട് 14 പ്രമാണങ്ങളുണ്ടെന്നും മുനിസിപ്പൽ എൻജിനിയർ ആർ.എസ്.അനിൽകുമാർ കൗൺസിലിൽ അറിയിച്ചു.

ആലപ്പുഴ നഗരസഭ പരിധിയിൽ രൂക്ഷമായ തെരുവ് നായ ശല്യം പരിഹരിക്കുന്നതിന് എ.ബി.സി പദ്ധതി ഏറ്റെടുത്ത് നടപ്പാക്കുവാനും യോഗം തീരുമാനിച്ചു. ടേക്ക് എ ബ്രേക്ക് പദ്ധതി പ്രൈവറ്റ് ബസ് സ്റ്റാന്റിലും, മിനി സിവിൽസ്റ്റേഷനിലും നടപ്പാക്കും. ദൂരയാത്ര കഴിഞ്ഞു വരുന്നവർക്ക് വിശ്രമിക്കാനുള്ള പദ്ധതിയാണിത്.1500 സ്‌ക്വയർഫീറ്റ് ഭൂമിയെങ്കിലും ഇതിനായി വേണം. അമ്പലപ്പുഴ താലൂക്കിലെ ആര്യാട് തെക്ക്, പഴവീട് എന്നിവിടങ്ങളിൽ താമസിക്കുന്ന 25 കുടുംബങ്ങളുടെ രേഖകൾ പരിശോധിച്ച് പട്ടയം നൽകാൻ സർക്കാരിനോട് ശുപാർശ ചെയ്യാനും യോഗം തീരുമാനിച്ചു. ചെയർപേഴ്‌സൺ സൗമ്യരാജ്, വൈസ് ചെയർമാൻ പി.എസ്.എം.ഹുസൈൻ, സെക്രട്ടറി കെ.കെ.മനോജ് തുടങ്ങിയവർ പങ്കെടുത്തു.