അതിതീവ്ര ഹെഡ് ലൈറ്റുകൾ നീക്കാൻ നടപടിയില്ല
ആലപ്പുഴ: വാഹനങ്ങളിലെ കൂളിംഗ് ഫിലിമുകൾ മോട്ടോർ വാഹന വകുപ്പ് 'ഓപ്പറേഷൻ സ്ക്രീൻ' വഴി അതിവേഗം അഴിച്ചുമാറ്റുമ്പോഴും അതിതീവ്ര ഹെഡ് ലൈറ്റിന് തടയിടാനാവുന്നില്ല. കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുമിട്ട് ഡിമ്മടിക്കാതെ പ്രധാന വീഥികളിൽ പായുന്ന വാഹനങ്ങൾ അപകടം ക്ഷണിച്ചുവരുത്തുകയാണ്.
ഇത്തരം ലൈറ്റുകൾ ഘടിപ്പിച്ച വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുമെന്ന് രണ്ടുവർഷം മുമ്പ് അധികൃതർ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും, പേരിന് പിഴയൊടുക്കി നിയമലംഘകർ സ്വൈര്യവിഹാരം തുടരുകയാണ്. ഹെവി വാഹനം ഓടിക്കുന്നവർക്ക് ചെറു വാഹനങ്ങളെ കണ്ടാൽ ലൈറ്റ് ഡിം ചെയ്യാൻ മടിയാണെന്നാണ് ഭൂരിഭാഗം വാഹന യാത്രക്കാരുടെയും പരാതി. ഇരുചക്ര വാഹനങ്ങളടക്കം ചെറു വാഹനങ്ങളിൽ സഞ്ചരിക്കുന്നവർക്കാണ് രാത്രിയിൽ വലിയ വാഹനങ്ങളുടെ ഹെഡ് ലൈറ്റ് പ്രശ്നമാവുന്നത്. ഏതു വാഹനമായാലും, രാത്രിയിൽ എതിർ ദിശയിൽ വാഹനം വരുമ്പോൾ ലൈറ്റ് ഡിം ചെയ്യണമെന്നാണ് മോട്ടോർ വാഹന വകുപ്പ് ചട്ടം.
അമിത പ്രകാശം ഉണ്ടാക്കുന്ന അപകടങ്ങൾ വാഹന നിയമ ലംഘന അപകടങ്ങളിൽ വളരെ കൂടുതലാണെന്നും മോട്ടോർ വാഹനവകുപ്പ് ചൂണ്ടിക്കാട്ടുന്നു. ഓട്ടോമോട്ടീവ് ഇൻഡസ്ട്രി സ്റ്റാൻഡേർഡ് പ്രകാരം, ഇരട്ട ഫിലമെന്റുള്ള ഹാലൊജൻ ബൾബുകളുടെ ഹൈ ബീം 60ഉം ലോ ബീം 55 വാട്‌സും കവിയാൻ പാടില്ല. പ്രധാന കാർ നിർമ്മാതാക്കളെല്ലാം 55- 60 വാട്‌സ് ഹാലൊജൻ ബൾബുകളാണ് ഉപയോഗിക്കുന്നത്. എച്ച്.ഐ.ഡി (ഹൈ ഇൻഡൻസിറ്റി ഡിസ്ചാർജ് ലാമ്പ്) ലൈറ്റുകളിൽ 35 വാട്‌സിൽ അധികമാകാനും പാടില്ലെന്നാണ് ചട്ടം.
എച്ച്.ഐ.ഡി ദുരുപയോഗം
ചട്ടങ്ങൾ ലംഘിച്ച് ഇറക്കുമതി ചെയ്യുന്ന തീവ്രതയുള്ള എച്ച്.ഐ.ഡി ലൈറ്റുകൾ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. വാഹന നിർമ്മാമാതാക്കൾ നൽകുന്ന ഹെഡ് ലൈറ്റ് ബൾബ് മാറ്റി പ്രത്യേക വയറിംഗ് കിറ്റോടെ ലഭിക്കുന്ന എച്ച്.ഐ.ഡി ലൈറ്റുകളാണ് പലരും ഘടിപ്പിക്കുന്നത്. ഓഫ് റോഡ് മേഖലകളിലും റാലികളിലും ഓടുന്ന വാഹനങ്ങൾക്കായി പ്രത്യേകം തയ്യാറാക്കിയിട്ടുള്ള ഉയർന്ന പ്രകാശ തീവ്രതയുള്ള ലൈറ്റുകളാണിവ. ഇത്തരം ലൈറ്റുകൾ അപകടസാദ്ധ്യത വൻ തോതിൽ വർദ്ധിപ്പിക്കുകയാണ്.
....................................
മോട്ടോർ വാഹന വകുപ്പിന്റെ പരിശോധനാ വാഹനത്തിൽ അതിതീവ്ര പ്രകാശമുള്ള ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങൾ കണ്ടുപിടിക്കാൻ ഉപകരണമുണ്ട്. പരിശോധന കർക്കശമാക്കിയിട്ടും വാഹനങ്ങളിൽ തീവ്രത കൂടിയ ലൈറ്റ് ഘടിപ്പിക്കുന്നവരുടെ എണ്ണം കൂടുതലാണ്. ഇവർ നിരത്തിലിറങ്ങുന്നത് റോഡിലെ മറ്റ് യാത്രക്കാർക്കാണ് ഭീഷണി ഉയർത്തുന്നത്
മോട്ടോർ വാഹന വകുപ്പ്