മാന്നാർ: കൂറ്റൻ കണ്ടയ്നർ ലോറിയുടെ ഡ്രൈവറോട് കാർ ഡ്രൈവറോടെന്നപോലെ വഴി പറഞ്ഞുകൊടുത്തയാൾ കാരണം ലോറി മാന്നാർ സ്റ്റോർമുക്കിൽ കുടുങ്ങി! മുന്നോട്ടും പിന്നോട്ടുമെടുക്കാനാവാത്ത ലോറിക്ക് എന്തെങ്കിലും ചലനം ഉണ്ടാകണമെങ്കിൽ ഇനി കമ്പനിയിൽ നിന്ന് ആളെത്തി കണ്ടെയ്നർ അഴിക്കണം.
കഴിഞ്ഞ 11 ന് പൂനെയിൽ നിന്നും ഹ്യുണ്ടായ് കാറുകളുമായി കോട്ടയത്തെത്തി അവിടത്തെ ഷോറൂമിൽ കുറച്ച് കാറുകൾ ഇറക്കിയ ശേഷം കൊല്ലത്തെ ഷോറൂമിലേക്ക് പോകുന്നതിനിടെ ചങ്ങനാശേരിയിൽ വച്ചു ഡ്രൈവർ ഒരാളോട് വഴി ചോദിച്ചു. മാന്നാർ- കായംകുളം വഴി പോയാൽ മതിയെന്നാണ് ഇയാൾ പറഞ്ഞത്. ഇന്നലെ പുലർച്ചെ 5ഓടെയാണ് ഏറെ ബുദ്ധിമുട്ടി സ്റ്റോർ മുക്കിലെത്തിയത്. തുടർന്ന് മുന്നോട്ടു നീങ്ങാനാവാത്ത അവസ്ഥയായി. പൊലീസ്, ഇലക്ട്രിസിറ്റി അധികൃതരുമായി ഡ്രൈവർ ബന്ധപ്പെട്ടപ്പോൾ വന്നവഴിയിലൂടെ നീങ്ങാൻ ബുദ്ധിമുട്ടാണെന്നായിരുന്നു മറുപടി.