saree-1

ഭാഷാ പ്രചാരണത്തിന് പുതുവഴികളുമായി മലയാളം മിഷൻ

ആലപ്പുഴ: മലയാള അക്ഷരങ്ങൾ ആലേഖനം ചെയ്ത കേരള സാരി, കൊവിഡിനെ തുരത്താനുള്ള ഭാഷാ മാസ്‌ക്, സമ്മാനമായി കൊടുക്കാവുന്ന ഗിഫ്റ്റ് മഗ്... മാതൃഭാഷയുടെ പ്രചാരണത്തിന് പുതുവഴികൾ തേടുകയാണ് സാംസ്കാരിക വകുപ്പിനു കീഴിലുള്ള മലയാളം മിഷൻ.

അക്ഷരങ്ങൾ ആലേഖനം ചെയ്ത കേരള സാരിക്ക് ആയിരം രൂപയാണ്. ആവശ്യം അനുസരിച്ചാണ് സാരി

തയ്യാറാക്കി നൽകുന്നത്. കേരള മിഷന്റെ ഉത്പന്നങ്ങൾ വാങ്ങിയവരിൽ കൂടുതലും സാംസ്കാരിക രംഗത്തു പ്രവർത്തിക്കുന്നവരാണ്. ഓൺലൈൻ ഓർഡറുകൾ ഒരാഴ്ചയ്ക്കുള്ളിൽ നൽകും. കൊവിഡിനെ പ്രതിരോധിക്കുന്നതോടോപ്പം ഭാഷാ സ്നേഹം പ്രതിഫലിപ്പിക്കാൻ കൂടിയാണ് ഭാഷാ മാസ്കുകൾ ഇറക്കിയത്. അക്ഷരക്കൂട്ടവും കവിതാശകലങ്ങളും ഉദ്ധരണികളും കൊണ്ട് മനോഹരമാക്കിയ മാസ്കുകളാണ് വിപണനത്തിന് തയ്യാറാക്കിയിട്ടുള്ളത്. കുഞ്ഞുണ്ണി മാഷ്, ഒ.എൻ.വി കുറുപ്പ്, സുഗതകുമാരി എന്നിവരുടെ കവിതാ ശകലങ്ങൾ എഴുതിച്ചേർത്ത അലങ്കാര കപ്പുകൾ, അക്ഷരങ്ങൾ പ്രിന്റ് ചെയ്ത ടി ഷർട്ട്, ബാഗ്, ദുപ്പട്ട, കലണ്ടർ എന്നിവയും മലയാളം മിഷൻ വില്പന നടത്തുന്നുണ്ട്. മലയാള ഭാഷാപ്രചാരണം എന്ന ലക്ഷ്യത്തോടെയാണ് ആശയം പ്രാവർത്തികമാക്കിയത്. ഡിസൈനിംഗിനും നിർമ്മാണത്തിനും ചെലവാകുന്ന തുക മാത്രമാണ് ഈടാക്കുന്നതെന്ന് മലയാളം മിഷൻ അധികൃതർ പറഞ്ഞു.

ലോകമെമ്പാടും മലയാള ഭാഷയും സംസ്‌കാരവും പ്രചരിപ്പിക്കാനായി കേരള സർക്കാർ ആരംഭിച്ച സംരംഭമാണ് മലയാളം മിഷൻ. 41 രാജ്യങ്ങളിലും 24 ഇന്ത്യൻ സംസ്ഥാനങ്ങളിലും മലയാളം മിഷൻ പ്രവർത്തിക്കുന്നുണ്ട്. 'എവിടെയെല്ലാം മലയാളി, അവിടെയെല്ലാം മലയാളം' എന്ന സാംസ്കാരിക വകുപ്പിന്റെ മുദ്രാവാക്യം ഫലത്തിലെത്തിക്കുകയാണ് ലക്ഷ്യം.

ശുദ്ധം, വ്യക്തം

കൈത്തറി, ഖാദി സാരികളിലാണ് അക്ഷരങ്ങൾ പ്രിന്റ് ചെയ്യുന്നത്. ഗുണമേന്മയുള്ള കോട്ടൺ തുണിയിലെ മാസ്ക് മലയാളം മിഷന്റെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് തയ്യാറാക്കുന്നത്. രണ്ട് ലെയർ മാസ്കാണ്. ഓർഡർ ചെയ്യുന്നവർക്ക് കൊറിയറായി എത്തിക്കും. തിരുവന്തപുരത്തുള്ള മലയാളം മിഷന്റെ ഓഫീസിൽ നേരിട്ടെത്തിയും വാങ്ങാം. മാജിക് കപ്പാണ് മറ്റൊന്ന്. ചൂടുള്ള പദാർത്ഥം കപ്പിലൊഴിപ്പിക്കുമ്പോൾ കവിതകൾ തെളിയും. ബുക്ക് മാർക്കിന് ആവശ്യക്കാർ ഏറെയാണ്.

വില

 സാരി: 1000

 മാസ്ക്: 40

 കപ്പ്: 225-300

 ബുക്ക് മാർക്ക്: 10

 ബാഗ്: 100-250

...........................

മലയാള ഭാഷാപ്രചാരണം എന്ന ലക്ഷ്യത്തോടെയാണ് ആശയം പ്രാവർത്തികമാക്കുന്നത്. മറുനാടൻ മണ്ണിൽ ഭാഷവളർച്ചയ്ക്ക് ഈ തരത്തിലുള്ള സംഭാവനകളിലൂടെ ചുവടുറപ്പിക്കാൻ കഴിയും. ലോകത്ത് എവിടെയും മലയാളികളുണ്ട്. വ്യത്യസ്ത രീതിയിൽ മലയാളഭാഷയെ വളർത്തിയെടുക്കാനുള്ള മാർഗം കൂടിയാണിത്

(സുജ സൂസൺ ജോർജ്, മലയാള മിഷൻ ഡയറക്ടർ)