അരൂരിൽ 500 കിലോ മത്സ്യം വിളവെടുപ്പിന് ഒരുങ്ങുന്നു
ആലപ്പുഴ: തുറവൂർ ഫിഷറീസ് യൂണിറ്റിന്റെ കീഴിൽ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി അരൂർ ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താവ് ആരംഭിച്ച ബയോഫ്ളോക് മത്സ്യകൃഷി വിളവെടുപ്പിന് ഒരുങ്ങുന്നു. അരൂർ പഞ്ചായത്ത് എട്ടാം വാർഡിൽ കണ്ടത്തിപ്പറമ്പ് സദാനന്ദന്റെ പുരയിടത്തിലാണ് പ്ലാന്റ് ഒരുക്കിയിരിക്കുന്നത്. ബയോഫ്ളോക് മത്സ്യ കൃഷിക്ക് ആവശ്യമായ തുകയുടെ 40 ശതമാനം പഞ്ചായത്തും ഫിഷറീസ് വകുപ്പും ചേർന്ന് സബ്സിഡിയായി നൽകി. ബാക്കി 60 ശതമാനം ഗുണഭോക്താവും വഹിച്ചാണ് പദ്ധതി നടപ്പാക്കിയത്. 1250 ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങളെയാണ് ഇവിടെ നിക്ഷേപിച്ചിരിക്കുന്നത്. ആറുമാസ കാലയളവാണ് വിളവെടുപ്പിന് എടുത്തത്.
തുറവൂർ ഫിഷറീസ് യൂണിറ്റിന്റെ കീഴിൽ വരുന്ന വിവിധ പഞ്ചായത്തുകളിലായി 126 യൂണിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.
ബയോഫ്ളോക് മത്സ്യ കൃഷി
കർഷകരെ സഹായിക്കാനും മത്സ്യ ഉത്പാദനം വർദ്ധിപ്പിക്കാനും ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന മൂന്ന് പ്രധാനപ്പെട്ട പദ്ധതികളിൽ ഒന്നാണ് ബയോ ഫ്ളോക് മത്സ്യകൃഷി. ഒരു യൂണിറ്റിൽ 1,250 ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങളെ വളർത്താൻ സാധിക്കും. ഏറ്റവും കുറഞ്ഞ ജല വിനിയോഗ നിരക്ക്, ഉയർന്ന വളർച്ചാനിരക്ക്, മീനുകൾക്ക് സ്വസിദ്ധമായ രോഗപ്രതിരോധ ശക്തി എന്നിവയാണ് ഈ കൃഷി രീതിയുടെ സവിശേഷതകൾ. ഒരു യൂണിറ്റ് തുടങ്ങുന്നതിന് അരസെന്റ് സ്ഥലം മാത്രം മതി എന്നതാണ് ബയോഫ്ളോക് മത്സ്യ കൃഷിയുടെ പ്രധാന പ്രത്യേകത.
........................
1250
1250 ഗിഫ്റ്റ് തിലോപ്പിയ കുഞ്ഞുങ്ങളെയാണ്
ഒരു യൂണിറ്റിൽ നിക്ഷേപിക്കുന്നത്
126
തുറവൂർ ഫിഷറീസ് യൂണിറ്റിന്റെ കീഴിലെ വിവിധ പഞ്ചായത്തുകളിലായി
126 യൂണിറ്റുകളാണ് ഒരുക്കിയിരിക്കുന്നത്.
.......................
........
# പഞ്ചായത്ത് തിരിച്ചുള്ള യൂണിറ്റ് കണക്ക്
*കടക്കരപ്പള്ളി..........14
* വയലാർ..................10
* പട്ടണക്കാട്................25
* തുറവൂർ ......................5
* കുത്തിയതോട്...............5
* കോടംതുരുത്ത്.............. 3
* എഴുപുന്ന..........................5
* അരൂർ..................................17
*അരൂക്കുറ്റി............................4
* പാണാവള്ളി........................ 8
* തണ്ണീർമുക്കം............................20
* മാരാരിക്കുളം നോർത്ത്..........10
........
"ഏകദേശം 500 കിലോയുടെ മത്സ്യം ലഭിക്കുമെന്നാണ് പ്രതീക്ഷ. ചെലവ് കുറഞ്ഞതും നൂതനവും പരിസ്ഥിതിയുമായി ഇണങ്ങിയതുമായ ഈ കൃഷി രീതി വഴി കൂടുതൽ ഉത്പാദനക്ഷമത കൈവരിക്കാൻ കർഷകന് സാധിക്കും.
(ലീന ഡെന്നീസ് ,
അക്വാകൾച്ചർ തുറവൂർ യൂണിറ്റ് ഓഫീസർ)