ആലപ്പുഴ: ഉദ്ഘാടന പുലരിക്കായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ആലപ്പുഴ ബൈപ്പാസിന്റെ ഇരു പ്രവേശന കവാടങ്ങളിലും സുരക്ഷ കർശനമാക്കി. ഉദ്ഘാടനത്തിനു മുമ്പ് ബൈപ്പാസ് വഴി വാഹനങ്ങൾ കടന്നുപോകാതിരിക്കാനാണ്, കൊച്ചി മേൽപ്പാലത്തിലെ അനുഭവം മുൻനിറുത്തിയുള്ള നടപടി.
വൈദ്യുതി ദീപങ്ങൾ ഉൾപ്പെടെ സജ്ജമാക്കി മനോഹരമായ ബൈപ്പാസിലേക്ക് സെൽഫി മോഹവുമായി ആവേശത്തോടെ എത്തുന്ന യുവാക്കളാണ് നിരാശരാവുന്നത്. മേൽപ്പാലത്തിൽ കയറി കടലിന് അഭിമുഖമായി നിന്നൊരു സെൽഫി എടുത്ത് സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്യുക എന്നതാണ് പലരുടെയും ലക്ഷ്യം. പക്ഷേ, നാഷണൽ ഹൈവേ അതോറിട്ടിയുടെ സുരക്ഷാ ജീവനക്കാരെ മറികടന്ന് ബൈപ്പാസിൽ പ്രവേശിക്കാനാവില്ല.
ബീച്ചിന് സമീപത്തുകൂടിയുള്ള മേൽപ്പാലം ആലപ്പുഴ ബൈപ്പാസിന്റെ മാത്രം പ്രത്യേകതയാണ്. 3.2 കിലോമീറ്ററാണ് മേൽപ്പാലത്തിന്റെ നീളം.
1978- ബൈപ്പാസിന് ബഡ്ജറ്റിൽ ടോക്കൺ
1979- സ്ഥലം ഏറ്റെടുക്കാനുള്ള സർവേയ്ക്ക് തുടക്കം
1980- റവന്യു വകുപ്പ് സ്ഥലം ഏറ്റെടുത്തു
1990- കേന്ദ്ര ഉപരിതല ഗതാഗത മന്ത്രിയായിരുന്ന കെ.പി. ഉണ്ണിക്കൃഷ്ണൻ തറക്കല്ലിട്ടു
2008- ദേശീയപാത അതോറിട്ടിയുടെ പദ്ധതിയിൽ ബൈപ്പാസിനെയും ഉൾപ്പെടുത്തി
2010- ആലപ്പുഴ ബൈപ്പാസിനെ സ്പെഷ്യൽ പ്രോജക്ടായി കേന്ദ്രം പ്രഖ്യാപിച്ചു
2015- ബൈപ്പാസ് നിർമ്മാണം കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു
2017- ഫണ്ട് ലഭിക്കാതെ പണി തടസപ്പെട്ടതോടെ ജനകീയ പ്രക്ഷോഭം
2018- മേൽപ്പാലം നിർമ്മാണത്തിനുള്ള അനുമതി റെയിൽവേ നിഷേധിച്ചു
2020- ഗർഡറുകൾ സ്ഥാപിക്കാൻ റെയിൽവേ അനുമതി നൽകി
2021 - ജനുവരി 28ന് ഉദ്ഘാടനം
.............................
ആകെ 348.43 കോടി. പദ്ധതി തുക കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തുല്യമായി പങ്കിട്ടു
...............................
കൊമ്മാടി മുതൽ കളർകോട് വരെ 6.8 കി.മീറ്റർ
എലിവേറ്റഡ് ഹൈവേ 3.2 കി.മീറ്റർ
ജി.സുധാകരൻ പൊതുമരാമത്തു മന്ത്രിയായി ചുമതല ഏറ്റെടുത്തതോടെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലായി. റെയിൽവേ മേല്പാലങ്ങൾ നിർമ്മിക്കുന്നതിനുൾപ്പെടെ നിർണായക ഇടപെടൽ നടത്തി. ബൈപാസിലെ വഴിവിളക്കുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് സംസ്ഥാന ഫണ്ടിൽ നിന്ന് തുക അനുവദിച്ചു