മാവേലിക്കര: ചെട്ടികുളങ്ങര ഏഴാം വാർഡിൽ നടന്ന ഉപ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് സ്ഥാനാർഥി സി.പി.എമ്മിലെ രോഹിത് എം.പിള്ള 464 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. 1048 വോട്ടുകൾ പോൾ ചെയ്തതിൽ 664 വോട്ടുകൾ നേടിയാണ് രോഹിത് എം.പിള്ള വിജയിച്ചത്. യു.ഡി.എഫ് സ്ഥാനാർത്ഥി വർഗീസ്.കെയ്ക്ക് 200 വോട്ടും ബി.ജെ.പി സ്ഥാനാർത്ഥി മഹേശന് 184 വോട്ടുമാണ് ലഭിച്ചത്. 21 വാർഡുകളുള്ള പഞ്ചായത്തിൽ ഇതോടെ ഭരണകക്ഷിയായ സി.പി.എമ്മിന് 13, ബി.ജെ.പി 6, കോൺ​ഗ്രസ് 1 എന്നിങ്ങനെയാണ് കക്ഷിനില.

പൊതുതിരഞ്ഞെടുപ്പിന്റെ തലേ ദിവസമായ ഡിസംബർ 6ന് എൽ.ഡി.എഫ് സ്ഥാനാർഥിയായിരുന്ന ഈരേഴ തെക്ക് ചെമ്പോലിൽ മഹാദേവൻപിള്ള കുഴഞ്ഞു വീണു മരിച്ചതിനെത്തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കുകയായിരുന്നു. തുടർന്ന് അദ്ദേഹത്തിന്റെ മകനായ രോഹിത് എം.പിള്ളയെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയാക്കുകയായിരുന്നു.