s

ആലപ്പുഴ:

നീരൊഴുക്ക് നിയന്ത്രിക്കുന്നതിനായി തോട്ടപ്പള്ളി സ്പിൽവേയിൽ ഘടിപ്പിച്ചിട്ടുള്ള ഷട്ടറുകളുടെ നവീകരണത്തിന് കരാർ നൽകിയ ഏജൻസിക്ക് ടെർമിനേഷൻ നോട്ടീസ് നൽകി. 3.20കോടി രൂപയുടെ നവീകരണ പദ്ധതി ഏറ്റെടുത്ത് ഏഴുമാസം പിന്നിട്ടിട്ടും ജോലികൾ ആരംഭിക്കാത്ത പശ്ചാത്തലത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ജലസേചന വകുപ്പ് മെക്കാനിക്കൽ വിഭാഗം കരാറുകാരന് ഒഴിവാക്കൽ നോട്ടീസ് നൽകിയത്. ഷട്ടറുകളുടെ നവീകരണ പദ്ധതിക്ക് കരാർവ്യവസ്ഥയ്ക്ക് വിരുദ്ധമായ നിലപാടാണ് ഏജൻസി സ്വീകരിച്ചത്. ഷട്ടറുകളുടെ അറ്റകുറ്റപണിക്ക് മണൽ ബണ്ട് നിർമ്മിക്കാനായിരുന്നു വ്യവസ്ഥ. എന്നാൽ കരാർ ഏറ്റെടുത്ത ഏജൻസി ബദൽ നിർദ്ദേശവുമായി എത്തി. മണൽ ബണ്ടിന് പകരം സമാന്തര ഷട്ടർ നിലവിലെ ഷട്ടറിന് ഇരുവശവും സ്ഥാപിക്കണമെന്നായിരുന്നു നിർദേശം. പുതിയ നിർദ്ദേശം പദ്ധതി നടത്തിപ്പിന് തടസമാകും. ഇത് സംബന്ധിച്ച് ചീഫ് എൻജിനി​യർ വിളിച്ച് ചേർത്ത യോഗത്തിൽ ഏജൻസി മൂന്ന് ഷട്ടറുകളുടെ പുനരുദ്ധാരണം കരാർ വ്യവസ്ഥ അനുസരിച്ച് നടപ്പാക്കാൻ നിർദേശിച്ചെങ്കിലും കരാറുകാരൻ പാലിക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ അനുമതിയോടെ ഒഴിവാൻ നോട്ടീസ് നൽകിയത്. പാലത്തിൽ 40 ഷട്ടറുകളാണ് ഉള്ളത്.

28 ഷട്ടറുകളുടെ കേബി​ൾ കള്ളൻ കൊണ്ടുപോയി​

പാലത്തിൽ ഘടിപ്പിച്ച 40ഷട്ടറുകളിൽ 28ഷട്ടറുകളുടെ കേബിൾ കഴിഞ്ഞ 9നാണ് മോഷ്ടി​ക്കപ്പെട്ടത്. ഇത് സംബന്ധിച്ച് ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം കളക്ടറുടെ അനുമതിയോടെ പൊലീസിൽ പരാതി നൽകി. എന്നാൽ അന്വേഷണം എങ്ങും എത്തിയില്ല. രാത്രികാല ഡ്യൂട്ടിക്ക് നിയോഗിച്ച ഇറിഗേഷൻ ജീവനക്കാരെ ചോദ്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥർ തയ്യാറായില്ല. സ്ഥിരം ജീവനക്കാർ വിരമിച്ചതിനാൽ ആറ് താത്കാലിക ജീവനക്കാരെയാണ് ഇപ്പോൾ നിയോഗിച്ചി​ട്ടുള്ളത്. രണ്ടുമാസം മുമ്പ് പാലത്തിൽ ഉണ്ടായ വാഹനാപകടത്തിൽ 12ഷട്ടറുകളുടെ കേബിൾ പൊട്ടിയിരുന്നു. പ്രവർത്തന ക്ഷമതയുള്ള ഷട്ടറുകളുടെ കേബിളുകളാണ് മുറിച്ചത്. ഷട്ടറിന്റെ പ്രവർത്തനങ്ങൾ അറിയാവുന്ന ആളുകളാണ് കേബിൾ മോഷണത്തിനു പിന്നിലെന്ന് സംശയം. ഷട്ടറുകളുടെ മോട്ടോറും കൺട്രോൾ പാനലുമായി ബന്ധിപ്പിക്കുന്ന കേബിളുകൾ മൂന്ന് മീറ്റർ നീളത്തിലുള്ള കേബിളുകൾ മുറിച്ചി നീക്കിയത്. ശുദ്ധമായ ചെമ്പ് കമ്പിയായതിനാൽ തങ്കത്തിൽ ചേർത്ത് ആഭരണ നിർമ്മാണത്തിന് ഉപയോഗിക്കുന്നതിനാൽ വിറ്റാൽ നല്ല വില ലഭിക്കും. നേരത്തെ പാലത്തിന്റെ പൽചക്രങ്ങളും കേബിൾ, ഇരുമ്പ് റോപ്പ് എന്നിവ മോഷണ പോയ സംഭവും അന്വേഷണം എങ്ങും എത്തിയില്ല.

ജോലി ഏറ്റെടുക്കാത്തത് വിനയായി

മുറിച്ച് മാറ്റിയ കേബിൾ തകരാർ പരിഹരിക്കാൻ പൊതുവരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗം ജോലി ഏറ്റെടുക്കാത്തത് വിനയായി. ഇപ്പോൾ ഓരോഷട്ടറിലും സ്പിൽവേയിലെ മെയിൻ സ്വിച്ചിൽനിന്നു പ്രത്യേക കേബിളുകൾ വലിച്ച് ഷട്ടറുകളുടെ മോട്ടോറുകളിലെത്തിച്ചാണ് ഷട്ടറുകൾ ഉയർത്തിയത്.ഷട്ടറുകൾ ഉയർത്തിയത്. വൈദ്യുതി ഇല്ലെങ്കിൽ പകരം ഹാൻഡി​ൽ ഉപയോഗിച്ച് ഷട്ടറുകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യാനുള്ള സംവിധാനത്തോടെയാണ് ഷട്ടറുകൾ ഘടിപ്പിച്ചിട്ടുള്ളത്. ഇപ്പോൾ അത്തരത്തിലുള്ള ജോലികൾ നടക്കുന്നു മില്ല.

നിരീക്ഷണ കാമറ സ്ഥാപിക്കണം

ദേശീയപാതയിലെ ജില്ലയിലെ ഏറ്റവും നീളം കൂടിയതും വീതികുറഞ്ഞതുമായ പാലമാണ് തോട്ടപ്പള്ളി സ്പിൽവേയിലുള്ളത്. അപകടങ്ങളും ആത്മഹത്യകളും മോഷണവും നിത്യസംഭവമായി സ്പിൽവേയി​ൽ മാറിയ സാഹചര്യത്തിൽ പാലത്തിന്റെ ഇരുകരകളിലും നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. ജലസേചന വകുപ്പ് മുൻകൈയ്യെടുത്ത് പൊലീസും മോട്ടോർ വാഹന വകുപ്പി​നെ കൊണ്ടോ സ്ഥാപിക്കണം. ജനുവരിയിൽ മാത്രം പാലത്തിൽ നിന്ന് ചാടി മൂന്ന് ആത്മഹത്യകളാണ് നടന്നത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഒഴിവാക്കാനും മോഷണവും ജോലിക്കാരുടെ വീഴ്ചകളും കണ്ടെത്താൻ സാധിക്കും.

ഉപ്പിന്റെ അളവ് വർദ്ധിച്ചു

കൃത്യമായി ഓരുമുട്ട് നിർമ്മിക്കാത്തതും ഷട്ടറുകൾ വേലിയേറ്റ ഇറക്ക സമയങ്ങളിൽ താഴ്ത്തുകയും ഉയർത്തുകയും ചെയ്യാത്തത് കുട്ടനാടൻ പാടശേഖരത്തിലെ 27,000ഹെക്ടർ നെൽകൃഷിക്ക് ഭീഷണിയായി​. ഏഴ് ദിവസം മുതൽ വിളവെടുപ്പ് പ്രായമായ നെല്ലിനാണ് ഭീഷണി. അടിക്കണ കൂമ്പ് പ്രായമായ നെൽചെടികളിൽ വിളവ് കുറയും. 1.5ശതമാനത്തിന് താഴെ ഉണ്ടാകേണ്ട ഉപ്പിന്റെ അംശം ഇപ്പോൾ 2.5ന് മേൽ ആയത് കർഷകരെ കൂടുതൽ ആശങ്കപെടുത്തുന്നു.

................

'ഷട്ടറിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത ഏജൻസി നിർമ്മാണ പ്രവർത്തനങ്ങൾ നടത്താൻ കാലതാമസം വരുത്തിയതിനാൽ ഒഴിവാക്കൽ നോട്ടീസ് നൽകി. വേലിയേറ്റം മൂലം ഉയർന്ന വെള്ളം കടലിലേക്ക് ഒഴുക്കി വിടുന്നതിനുള്ള നടപടികൾ സ്വീകരിച്ചെങ്കിലും ഓരുമുട്ടുകളുടെ നിർമ്മാണം കൃത്യസമയത്ത് തീർക്കാഞ്ഞതി​നാലാണ് നെൽകൃഷിക്ക് ഉപ്പുവെള്ള ഭീഷണി ഉയരുന്നത്.

ഇറിഗേഷൻ മെക്കാനിക്കൽ വിഭാഗം