t
ഹരിപ്പാട് ആനന്ദപുരം കൊട്ടാരത്തിൽ അച്ചാറുകൾ തയ്യാറhക്കുന്ന ഗോപകുമാർ വർമ്മ

ആലപ്പുഴ: കൊതിപ്പിക്കുന്ന സ്വാദിന്റെ കലവറ കൂടിയാണിപ്പോൾ ഹരിപ്പാട് അനന്തപുരം കൊട്ടാരം. നൂറ്റാണ്ടുകൾ പഴക്കമുള്ള രാജകൊട്ടാരങ്ങളിലെ പരമ്പരാഗത തൊടുകറി വിഭവങ്ങളെ ജനകീയമാക്കുകയാണ് ഗോപകുമാർ വർമ്മ.
കുഞ്ഞുണ്ണി രാജയുടെയും അഹല്യ രാജയുടെയും മകനായ ഈ 64കാരൻ നാടൻ ചേരുവകൾ മാത്രം ഉപയോഗിച്ചാണ് കേടുകൂടാതെ ഇരിക്കുന്ന അച്ചാറുകൾ ഒരുക്കുന്നത്. കേട്ടു പരിചയമില്ലാത്ത വിവിധ രാജകീയ ചെറു വിഭവങ്ങളും 'മോദക്' എന്ന ബ്രാൻഡ് നാമത്തിൽ പുറത്തിറക്കുന്നുണ്ട്.

കൊട്ടാര പറമ്പിൽ നിന്ന് ലഭിക്കുന്ന മാങ്ങകളുപയോഗിച്ച് 700 രൂപമാത്രം മുതൽമുടക്കിലാണ് 1993ൽ അച്ചാർ ഉത്പാദനം ആരംഭിച്ചത്. കൊട്ടാരം വിഭവങ്ങളുടെ കൂട്ടുകൾ ഉപയോഗിക്കുന്നതിനാൽ മറ്റു കൊട്ടാരങ്ങളിലും വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന അനന്തരാവകാശികൾക്കിടയിലും അച്ചാർ ക്ലിക്കായി.

അനന്തപുരം കൊട്ടാരത്തിൽ തനിക്ക് ഭാഗം ലഭിച്ച സ്ഥലത്തോട് ചേർന്നാണ് വർമ്മയു‌ടെ 'മാമൂട്ടിൽ ഗണപതി സ്പെഷ്യൽ ഫുഡ്സ്' പ്രവർത്തിക്കുന്നത്. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവു വന്നതോടെ മാസം 500 കിലോയിലധികം അച്ചാർ വില്പന നടക്കുണ്ടെന്ന് ഗോപകുമാർ പറഞ്ഞു. അച്ചാറുകൾ, സ്റ്റഫ്ഡ് കണ്ണിമാങ്ങ, സ്റ്റഫ്ഡ് നാരങ്ങ, മാങ്ങാവട, എരുവ് മാങ്ങ, അയ്യങ്കാർ ചമ്മന്തി, ആവയ്ക്കാ മാങ്ങ, ലൈം ഇൻ ലൈം, മാങ്ങാത്തിര, തക്കാളി തൊക്ക്, വരട്ടു വാഴയ്ക്ക, കപ്പപപ്പടം, ഉദന്യഹാരി എന്നിങ്ങനെ നീളും വിഭവങ്ങൾ.

അയ്യങ്കാർ പാരമ്പര്യം

അയ്യങ്കാർമാരിൽനിന്ന് ലഭിച്ച രുചിക്കൂട്ടുകളാണ് അനന്തരപുരം കൊട്ടാരത്തിൽ ഉപയോഗിച്ചിരുന്നത്. അമ്മ അഹല്യ രാജയിൽ നിന്നാണ് കൈപ്പുണ്യം പകർന്നുകിട്ടിയത്. കൊട്ടാരവളപ്പിലെ എള്ളെണ്ണയും മാങ്ങയും നാരങ്ങയും ഇഞ്ചിയുമൊക്കെയായിരുന്നു അന്നത്തെ ചേരുവകൾ. ഇപ്പോൾ വിഭവങ്ങൾ പലതും പുറത്തുനിന്ന് വാങ്ങുകയാണ്. സഹായികളായി രതി, ജലജ എന്നിവരുമുണ്ട്.

ബന്ധുവായ രാധികാവർമ്മയുമായി പാർട്ണർഷിപ്പിലാണ് വ്യാപാരം. പുതിയ രുചിക്കൂട്ടുകൾ കണ്ടെത്തുന്നത് ഗോപകുമാറാണ്. വിവിധ കൊട്ടാരങ്ങളിലെ രുചിക്കൂട്ടുകളെപ്പറ്റി റിസർച്ച് നടത്തും. അങ്ങനെയാണ് ആന്ധ്രാ സ്റ്റൈൽ വെളുത്തുള്ളി അച്ചാറും മംഗലാപുരം രുചിയിലെ പാവയ്ക്ക അച്ചാറുമൊക്കെ വന്നെത്തിയത്.

''പല കൊട്ടാരങ്ങളുടെ അകത്തളങ്ങളിലും ഒരു പാട് രൂചിക്കൂട്ടുകൾ അറിയുന്ന സ്ത്രീകളുണ്ട്. ഇവർക്ക് സ്വയം സംരംഭം തുടങ്ങാൻ മടിയുണ്ടാകും. അത്തരക്കാരെ കണ്ടെത്തി പ്രാദേശിക യൂണിറ്റുകൾ ആരംഭിച്ച് പുതിയ വിഭവങ്ങൾ വിപണിയിലെത്തിക്കുകയാണ് ഭാവി പദ്ധതി

-ഗോപകുമാർ വർമ്മ