ജില്ലയിലെ മൂന്നു മന്ത്രിമാരും അദാലത്തിൽ പങ്കെടുക്കും
പരാതികൾ ഓൺലൈനായും അക്ഷയ വഴിയും 28വരെ രജിസ്റ്റർ ചെയ്യാം
ആലപ്പുഴ : ജനങ്ങളുടെ പരാതികൾക്ക് വേഗത്തിൽ പരിഹാരം കാണുക എന്ന ലക്ഷ്യത്തോടെ, മന്ത്രിസഭായോഗ തീരുമാനമനുസരിച്ച് മന്ത്രിമാർ പങ്കെടുത്ത് സംഘടിപ്പിക്കുന്ന 'സാന്ത്വന സ്പർശം' അദാലത്ത് ഫെബ്രുവരി 1, 2, 4 തീയതികളിൽ ജില്ലയിൽ നടക്കുമെന്ന് മന്ത്രി ജി.സുധാകരൻ പറഞ്ഞു.
ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.സുധാകരൻ, മന്ത്രി ഡോ. ടി.എം.തോമസ് ഐസക്ക്, മന്ത്രി പി.തിലോത്തമൻ എന്നിവർ പങ്കെടുക്കും . പരാതികൾ അദാലത്തിൽ പരിഗണിക്കുന്നതിന് രജിസ്‌റ്റർ ചെയ്യണം. അക്ഷയ കേന്ദ്രങ്ങളിൽ പരാതികൾ സമർപ്പിക്കുന്നതിന് അപേക്ഷാഫീസ് ഈടാക്കുന്നതല്ല. അക്ഷയ സെന്ററുകൾക്കുള്ള ഫീസ് സർക്കാർ നൽകും.
പരാതികൾ 28ന് മുമ്പ് സ്വന്തം നിലയിൽ ഓൺലൈനായോ അക്ഷയ കേന്ദ്രങ്ങൾ വഴിയോ സമർപ്പിക്കാം. 24ന് ഉച്ച മുതൽ ഇതിനുള്ള സൗകര്യം ഉണ്ടാകും.
കളക്ടർ എ.അലക്‌സാണ്ടർക്കാണ് ജില്ലയിലെ അദാലത്തുകളുടെ മേൽനോട്ടച്ചുമതല. അപേക്ഷകൾ തരംതിരിക്കുന്നതിനായി ഉദ്യോഗസ്ഥ സംഘം രൂപീകരിച്ചു. സംഘം പരാതികളുടെ പ്രാഥമിക പരിശോധന നടത്തിയ ശേഷം അതത് വകുപ്പുകൾക്ക് കൈമാറും. വകുപ്പുകൾ ഇത് സംബന്ധിച്ച മറുപടിയും ഉടൻ നൽകും. പരാതികൾക്ക് അടിയന്തരമായി പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ജില്ലാതല ഉദ്യോഗസ്ഥർക്ക് മന്ത്രി ജി.സുധാകരൻ നിർദ്ദേശം നൽകി. എല്ലാ വകുപ്പുകളിലും ഇക്കാര്യത്തിനായി ഒരു നോഡൽ ഓഫീസറെ നിയമിക്കും.
ഹാളിന്റെ സജ്ജീകരണവും മറ്റു ക്രമീകരണങ്ങളും താലൂക്ക് ഓഫീസുകളുടെ നേതൃത്വത്തിൽ നിർവഹിക്കും. രാവിലെ 10 മുതൽ വൈകിട്ട് അഞ്ചുമണിവരെയാണ് അദാലത്ത്.
കളക്ടറേറ്റിൽ ഇതിനായി പ്രത്യേക സെൽ രൂപീകരിക്കും. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും അദാലത്തുകൾ സംഘടിപ്പിക്കുക. അകലം പാലിക്കുന്നതിന് പ്രത്യേക ക്രമീകരണങ്ങൾ വരുത്തും. എം.പിമാർ, എം.എൽ.എമാർ, തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ എന്നിവരെ അവരവരുടെ താലൂക്കുകളിൽ നടക്കുന്ന അദാലത്തിൽ പങ്കെടുപ്പിക്കും.
അദാലത്ത് നടക്കുന്ന കേന്ദ്രങ്ങൾ
രണ്ടു താലൂക്കുകൾക്ക് ഒന്ന് എന്ന രീതിയിൽ ജില്ലയിൽ മൂന്നു സ്ഥലങ്ങളിലായി അദാലത്ത് നടക്കും. അമ്പലപ്പുഴ,ചേർത്തല താലൂക്കുകൾക്ക് ഫെബ്രുവരി ഒന്നിന് ലജ്‌നത്തുൽ സ്‌കൂൾ, കുട്ടനാട് , ചെങ്ങന്നൂർ താലൂക്കുകൾക്ക് രണ്ടിന് ചമ്പക്കുളം ഫാദർ തോമസ് പോരൂർക്കര സെൻട്രൽ സ്‌കൂൾ, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകൾക്ക് നാലിന് മാവേലിക്കര കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയം എന്നിങ്ങനെയായിരിക്കും അദാലത്തുകൾ.