ആലപ്പുഴ: പള്ളിപ്പുറം പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ അദ്ധ്വാനം പൂത്തുലയുകയാണ്. സുഭിക്ഷ കേരളം പദ്ധതി അനുസരിച്ച് 17 വാർഡുകളിലായി നടത്തിയ പൂക്കൃഷി വിജയത്തിലേയ്ക്ക് നീങ്ങുകയാണ്.
പഞ്ചായത്തിലെ 17 വാർഡുകളിലായി ഓരോ വാർഡിലും അഞ്ചേക്കർ സ്ഥലത്ത് 20 പേരടങ്ങുന്ന തൊഴിലുറപ്പ് തൊഴിലാളികൾ ചേർന്നാണ് പൂക്കൃഷി ആരംഭിച്ചത്. ഓരോ വാർഡിലും സ്വന്തം സ്ഥലത്തോ മറ്റ് വ്യക്തികളുടെ ഒഴിഞ്ഞ പറമ്പുകളിലുമൊക്കെയായാണ് കൃഷിക്കായുള്ള സ്ഥലം കണ്ടെത്തിയത്. വീട്ടുമുറ്റത്തെ ഒരുസെന്റ് സ്ഥലം മുതൽ വലിയ പറമ്പുകൾ വരെ കൃഷിക്കായി ഒരുക്കിയെടുത്ത് നാളുകൾ നീണ്ട അദ്ധ്വാനത്തിലൂടെയാണ് കൃഷി നടത്തിയത്.
ബന്തി, ജമന്തി, അരളി, കുറ്റിമുല്ല എന്നീ പൂച്ചെടികൾ ആണ് പ്രധാനമായും കൃഷിചെയ്യുന്നത്. കൃഷിയിൽ നിന്ന് ലഭിക്കുന്ന വരുമാനം തൊഴിലുറപ്പ് തൊഴിലാളികൾക്ക് തന്നെ വീതിച്ചെടുക്കാം. ചെടികൾക്ക് വളമായി ഉപയോഗിക്കുന്ന എല്ലുപൊടി തുടങ്ങിയ വളത്തിന് വേണ്ട തുകയും തൊഴിലുറപ്പ് ഫണ്ടിൽ ഉൾപ്പെടുത്തി തൊഴിലാളികൾക്ക് നൽകുന്നുണ്ട്.
നട്ട് ഒന്നരമാസമായപ്പോൾതന്നെ പൂക്കൾ ലഭിച്ചുതുടങ്ങി. അമ്പലങ്ങളിലെ പൂജ ആവശ്യങ്ങൾക്കും ബൊക്ക, റീത്ത്, മാല എന്നിവ നിർമിക്കുന്നതിനും ആളുകൾ തൊഴിലാളികളെ ഇപ്പോൾ സമീപിക്കുന്നുണ്ട്.
.........................
17
പഞ്ചായത്തിലെ 17 വാർഡുകളിലാണ്
പൂക്കൃഷി നടത്തുന്നത്
.....................
5
ഓരോ വാർഡിലും അഞ്ചേക്കർ സ്ഥലത്ത്
പൂക്കൃഷി നടത്തുന്നു
..................
പള്ളിപ്പുറം ഗ്രാമത്തിൽ ഉപയോഗമില്ലാതെ കിടക്കുന്ന ധാരാളം സ്ഥലങ്ങൾ ഉണ്ട്. സ്വന്തമായി അദ്ധ്വാനിക്കാൻ മനസുള്ള സ്ത്രീകൾക്ക് മികച്ചൊരു വരുമാനമാർഗമായി ഇത്തരം സ്ഥലങ്ങളെ മാറ്റിയെടുക്കാം. ഇതുവഴി പ്രകൃതി സംരക്ഷണത്തിലേക്കും വഴി തുറക്കും.
ടി.എസ്.സുധീഷ്,
പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
.....................