ആലപ്പുഴ: ജില്ലയിൽ ഉള്ളാടർ വിഭാഗത്തിൽപ്പെട്ട ആദിവാസി കുടുംബങ്ങൾക്ക് വേണ്ടി പട്ടികവർഗ വകുപ്പിന്റെ സഹായത്തോടെ 2019 ഡിസംബറിൽ ആരംഭിച്ച പി.കെ.കാളൻ പദ്ധതി വിജയരമാകുന്നു. ഓരോ കുടുംബത്തിന്റെയും വ്യക്തിഗത മൈക്രോ പ്ലാൻ തയ്യാറാക്കി, ആ പ്ലാൻ അനുസരിച്ചുള്ള ആവശ്യങ്ങൾ നിറവേറ്റി വികസനം സാധ്യമാക്കുകയെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. വയനാട്ടിലെ ആദിവാസി വിഭാഗത്തിലെ പി.കെ.കാളനെന്ന ആദിവാസി നേതാവിന്റെ സ്മരണയിലാണ് പദ്ധതിയ്ക്ക് ഈ പേര് നൽകിയത്. പദ്ധതി ഫെബ്രുവരി മാസത്തോടെ ആലപ്പുഴയിൽ പൂർത്തിയാക്കാൻ കഴിയുമെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു.പുതിയ വീടുകളുടെ നിർമാണം, പാതിവഴിയിൽ മുടങ്ങിയ വീടുകളുടെ നിർമ്മാണം പൂർത്തിയാക്കൽ, വീടുകളുടെ അറ്റകുറ്റപ്പണികൾ, ശൗചാലയ സംവിധാനമാരുക്കൽ, വീടുകളുടെ ഇലക്ട്രിക്കൽ വർക്ക്, കുടിവെള്ള കണക്ഷൻ തുടങ്ങിയവ നടപ്പിലാക്കി. ഇതിന് ശേഷം ഇവർക്ക് ഉപജീവന മാർഗങ്ങൾ നേടിക്കൊടുക്കുന്ന പ്രവർത്തനങ്ങൾ ആരംഭിച്ചു. ആദിവാസി വിഭാഗത്തിൽപ്പെടുന്ന സ്ത്രീകൾക്ക് കയർ ഉത്പന്നങ്ങളുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ കയർ കോർപ്പറേഷനുമായി ചേർന്ന് പരിശീലനം നൽകുകയും 36 പേർക്ക് ഉപജീവനത്തിനുള്ള അവസരം ഒരുക്കുകയും ചെയ്തു. ഇവർക്ക് കുറഞ്ഞത് 8000 രൂപയോളം മാസ വരുമാനം ലഭിക്കുന്നുണ്ടെന്നാണ് കണക്ക്. കൂടാതെ എ.ടി.എം സംവിധാനങ്ങൾ ഉപയോഗിക്കുവാനുള്ള പരിശീലനവും നൽകി. മരം മുറിയ്ക്കൽ ഉപജീവന മാർഗമായി സ്വീകരിച്ചിരിക്കുന്ന 70 ആദിവാസി പുരുഷന്മാർ ചേരുന്ന 'ഉള്ളാട ട്രഡീഷണൽ വുഡ് ക്രാഫ്റ്റ് സൊസൈറ്റി' പ്രവർത്തനം ആരംഭിച്ചു.
5.06: 5.06 കോടി രൂപയാണ് പദ്ധതിക്ക് വേണ്ടി പട്ടികവർഗ വകുപ്പ് കുടുംബശ്രീയ്ക്ക് നൽകിയത്
142 : പദ്ധതിക്കായി ആദ്യഘട്ടത്തിൽ 142 കുടുംബങ്ങളെ കണ്ടെത്തി
165 : പദ്ധതി വികസിപ്പിച്ചപ്പോൾ 165 കുടുംബങ്ങളെ ഉൾപ്പെടുത്തി.
മാതൃകാ പദ്ധതി
ഫീൽഡ് തലത്തിൽ വിജയകരമായ പി.കെ.കാളൻ പദ്ധിതയുടെ മാതൃക ഉൾക്കൊണ്ട് പുതിയ പദ്ധതി സർക്കാർ പൊതു ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. കേവല ദാരിദ്ര്യം തുടച്ചു നീക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
മൈക്രോ പ്ലാനുകൾ തയ്യാറാക്കി അവയ്ക്കനുസരിച്ച് പ്രവർത്തിച്ചാൽ ഏറ്റവും ദരിദ്ര കുടുംബങ്ങളിലേക്ക് വികസനമെത്തിക്കാൻ കഴിയുമെന്നത് ഈ പദ്ധതിയുടെ മികച്ച വിജയത്തോടെ തെളിഞ്ഞിരിക്കുകയാണ്.
- മോൾജി റഷീദ്,
ജില്ലാ പ്രോഗ്രാം ഓഫീസർ