അമ്പലപ്പുഴ : മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ 2016 മുതലുള്ള ശമ്പളകുടിശ്ശിക നല്കാത്തതിൽ പ്രതിഷേധിച്ച് വിവിധ സമരപരിപാടികൾ നടത്തുവാൻ കെ.ജി.എം.സി.ടി.എ സംസ്ഥാനസമിതി തീരുമാനിച്ചു. 25ന് രാവിലെ 11 ന് എല്ലാ മെഡിക്കൽ കോളേജുകൾക്ക് മുന്നിലും ഡി .എം. ഇ ഓഫീസിന്റെ മുന്നിലും പ്രതിഷേധധർണ നടത്തും. മെഡിക്കൽ കോളേജ് ആശുപത്രികളിൽ 29ന് രാവിലെ 8 മുതൽ 11 മണിവരെ 3 മണിക്കൂർ സൂചന പണിമുടക്ക് നടത്തും. കൊവിഡ് ചികിത്സ, അടിയന്തര ശസ്ത്രക്രിയകൾ, ഐ. സി. യു, ലേബർ റൂം, അത്യാഹിതവിഭാഗം, വാർഡ് സേവനങ്ങൾ എന്നിവയെ പണിമുടക്കിൽ നിന്നും ഒഴിവാക്കും. ഫെബ്രുവരി 5ന് എല്ലാ മെഡിക്കൽ കോളേജുകളിലും 24 മണിക്കൂർ റിലേ നിരാഹാരസമരം നടത്തും. ഫെബ്രുവരി 9 മുതൽ അനിശ്ചിതകാലസമരം നടത്തുമെന്നും കെ.ജി.എം.സി.ടി.എ സംസ്ഥാന പ്രസിഡന്റ്‌ ഡോ.എസ്.ബിനോയ് , സംസ്ഥാനസെക്രട്ടറിഡോ .നിർമ്മൽ ഭാസ്കർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു