ആലപ്പുഴ: മത്സ്യഫെഡ് ജില്ലാ ഓഫീസ്, മത്സ്യത്തൊഴിലാളികളുടെ ഔട്ട് ബോർഡ് എൻജിനുകൾ സർവീസ് ചെയ്യുന്ന ഔട്ട് ബോർഡ് മോട്ടോർ വർക്ക് ഷോപ്പ്, മത്സ്യബന്ധന ഉപകരണങ്ങളുടെ വില്പനശാലയായ വ്യാസ സ്റ്റോർ, മത്സ്യഫെഡിന്റെ ക്ലസ്റ്റർ ഓഫീസ് എന്നിവ ഒരു സമുച്ചയത്തിന്റെ കീഴിലാക്കുന്നതിനായി നിർമിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം 27ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ നിർവഹിക്കും. വളഞ്ഞവഴിയിൽ രാവിലെ 11ന് നടക്കുന്ന യോഗത്തിൽ മന്ത്രി ജി.സുധാകരൻ അദ്ധ്യക്ഷത വഹിക്കും. എ.എം.ആരിഫ് എം. പി, മത്സ്യ ഫെഡ് ചെയർമാൻ പി.പി.ചിത്തരഞ്ജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ഹാരിസ്, ജില്ലാ പഞ്ചായത്ത് അംഗം പി.അഞ്ചു, ബ്ലോക്ക് പഞ്ചായത്ത് അംഗം സുമിത, മത്സ്യഫെഡ് ഭരണസമിതി അംഗങ്ങളായ പി.എം.മിനി, രാജ ദാസ്, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടർ ഡോ. ലോറൻസ് ഹാരോൾഡ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ രാജീവ് തുടങ്ങിയവർ പങ്കെടുക്കും. ഫിഷറീസ് വകുപ്പിന് കീഴിൽ വളഞ്ഞവഴിയിലുള്ള 50 സെന്റ് സ്ഥലത്താണ് പുതിയ കെട്ടിടം.