കാൽനടയാത്ര പോലും അസാദ്ധ്യമാക്കിയ കുരുക്ക്
ആലപ്പുഴ : എങ്ങനെ ഈ കുരുക്കിൽ നിന്ന് പുറത്തു കടക്കും ? ഇന്നലെ ഉച്ച സമയം മുതൽ ആലപ്പുഴ നഗരത്തിലകപ്പെട്ട ഓരോരുത്തരുടെയും ചിന്ത ഇതായിരുന്നു. റോഡുകളിലൂടെ തിങ്ങിഞെരുങ്ങി നീങ്ങുന്ന വാഹനങ്ങൾക്കിടയിലൂടെ കാൽ നടയാത്ര പോലും അസാദ്ധ്യമായ സ്ഥിതി. ഒരു പോയിന്റു കടക്കാൻ വാഹനങ്ങൾക്ക് മണിക്കൂറുകൾ കാത്തുകിടക്കേണ്ടി വന്നു.
ദേശീയ പാതയും സംസ്ഥാന പാതകളും ഇട റോഡുകളും കുരുക്കിൽ അമർന്നു. കളക്ടറേറ്റ് പരിസരത്തുൾപ്പടെ നഗരത്തിന്റെ പല ഭാഗത്തായി പുരോഗമിക്കുന്ന കാന, റോഡ് നിർമ്മാണവും, ഒപ്പം പകൽ സമയത്ത് നഗരത്തിൽ നടന്ന കാൽനട പ്രചാരണ ജാഥയുമാണ് ഗതാഗതകുരുക്ക് രൂക്ഷമാക്കിയത്. സ്വകാര്യ ബസുകളുൾപ്പെടെ വഴിയിൽ അകപ്പെട്ടതോടെ കാത്ത് നിൽപ്പു കേന്ദ്രങ്ങളിൽ യാത്രക്കാർ മണിക്കൂറുകളോളം ബസ് കാത്ത് നിൽക്കേണ്ടി വന്നു. പല സ്ഥലത്തും ആംബുലൻസുകൾക്ക് സഞ്ചരിക്കാൻ പാത ലഭിക്കാതെ വിഷമിച്ചു. ഓട്ടോറിക്ഷകളിൽ കയറിയ പലരും സമയത്ത് എത്തിപ്പെടാനാവാതെ പാതി വഴിക്കിറങ്ങി നടന്നു പോകുന്ന സ്ഥിതി വരെയുണ്ടായി. റോഡ് സൈഡിലെ ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന സത്ക്കാര പാർട്ടികൾക്കെത്തുന്നവരുടെ വാഹനങ്ങൾ റോഡ് സൈഡിൽ പാർക്ക് ചെയ്തതും കുരുക്ക് വർദ്ധിപ്പിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്കിനെക്കുറിച്ച് അറിഞ്ഞ് എസ്.പി, ഡിവൈ.എസ്.പി എന്നിവർ ഇടപെട്ട് പ്രധാന ജംഗ്ഷനുകളിൽ ഉൾപ്പടെ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചാണ് തിരക്ക് നിയന്ത്രിച്ചത്.
പൊതുവേ ശനിയാഴ്ച്ചകളിൽ നഗരത്തിൽ തിരക്ക് കൂടുതലാണ്. ഇന്നലെ നടന്ന കാൽനട ജാഥ, വിവിധ സ്ഥലങ്ങളിൽ നടക്കുന്ന റോഡ്, കാന നിർമ്മാണം എന്നിവ മൂലമാണ് തിരക്ക് അധികരിച്ചത്. മേലുദ്യോഗസ്ഥർ ഇടപെട്ട് കൂടുതൽ ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് ഇട്ടതിനാലാണ് തിരക്ക് ഒരുവിധം നിയന്ത്രിക്കാനായത്. അടുത്തയാഴ്ച്ച് ബൈപാസ് തുറക്കുന്നതോടെ കുരുക്കിന് ആശ്വാസം ലഭിക്കുമെന്നാണ് പ്രതീക്ഷ
- ട്രാഫിക് പൊലീസ്