civil-station

ചാരുംമൂട് : ചാരുംമൂട് മിനിസിവിൽ സ്റ്റേഷന് സ്ഥലം കണ്ടെത്തി. സർവേ നടപടികൾ ആരംഭിച്ചു. ഫെബ്രുവരിയിൽ നിർമ്മാണത്തിന് അന്തിമാനുമതി ലഭിക്കത്തക്ക തരത്തിലാണ് നടപടിക്രമങ്ങളെന്ന് ആർ.രാജേഷ് എം.എൽ.എ പറഞ്ഞു.

ചാരുംമൂട്ടിലെ മിനി സിവിൽ സ്റ്റേഷൻ നിർമ്മാണത്തിന് അഞ്ചു കോടി രൂപയാണ് ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുള്ളത്. പട്ടണത്തിന് ഒരു കിലോമീറ്റർ പടിഞ്ഞാറ് മാറി കെ.പി റോഡിനോട് ചേർന്ന് ചുനക്കര ഗ്രാമ പഞ്ചായത്ത് മാർക്കറ്റ് മുമ്പ് പ്രവർത്തിച്ചിരുന്ന 36 സെന്റ് സ്ഥലമാണ് സിവിൽ സ്റ്റേഷനായി കണ്ടെത്തിയിരിക്കുന്നത്. ഇവിടെ ഇന്നലെ സർവേ നടപടികൾ തുടങ്ങി. മണ്ണു പരിശോധനയും ഉടൻ നടക്കും.

നേരത്തെ പട്ടണത്തിന്റെ സമീപത്തായുള്ള കെ.ഐ.പി വക സ്ഥലമാണ് സിവിൽ സ്റ്റേഷനായി പരിഗണിച്ചിരുന്നത്.

വിവിധ സർക്കാർ ഓഫീസുകൾ പ്രവർത്തിക്കുന്നതിനുള്ള സൗകര്യങ്ങൾക്കൊപ്പം മിനി കോൺഫ്രൻസ് ഹാളും നിർമ്മിക്കും. ചാരുംമൂട് പഞ്ചായത്ത് രൂപീകൃതമായാൽ പഞ്ചായത്ത് ഓഫീസിനുൾപ്പെടെയുള്ള സൗകര്യങ്ങൾ ഇവിടെ ലഭ്യമാക്കാൻ കഴിയും. വിശദമായ പ്ലാനും എസ്റ്റിമേറ്റും തയ്യാറാക്കി ഫെബ്രുവരിയിൽ തന്നെ സർക്കാരിന്റെ അന്തിമ അനുമതിയ്ക്കായി സമർപ്പിക്കുമെന്ന് എം.എൽ.എ പറഞ്ഞു.