g-sudhakaran

ആലപ്പുഴ : ബൈപ്പാസിന്റെ പേരിൽ ഇപ്പോൾ അവകാശവാദം ഉന്നയിക്കുന്നവർ, കേന്ദ്രത്തിലും സംസ്ഥാനത്തും ഭരിച്ചിട്ട് എന്തുകൊണ്ട് നിർമ്മാണം പൂർത്തീകരിക്കാൻ കഴിഞ്ഞില്ലെന്ന വിവരം ജനങ്ങളോട് തുറന്ന് പറയണമെന്ന് മന്ത്രി ജി.സുധാകരൻ ആവശ്യപ്പെട്ടു. ആലപ്പുഴ ബൈപ്പാസിലെ വഴിവിളക്കുകളുടെ സ്വിച്ച് ഓൺ നിർവഹിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

ബൈപ്പാസിനെ ചൊല്ലി ഞാൻ ഒരു രാഷ്ടീയ അവകാശവാദവും ഉന്നയിക്കുന്നില്ല. ഈ സർക്കാർ ചെയ്ത കാര്യങ്ങൾ ജനങ്ങൾക്ക് നേരിട്ട് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. ബൈപ്പാസ് എല്ലാവരുടേതുമാണ്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഭൂമിക്ക് അടിയിലുള്ള ജോലികൾ പൂർത്തീകരിച്ചു. ശേഷിച്ച 85ശതമാനം ജോലികളും ഈ സർക്കാരിന്റെ കാലത്താണ് നടത്തിയത്. റെയിൽവേ കാലതാമസം വരുത്തിയില്ലായിരുന്നെങ്കിൽ ഒന്നേമുക്കാൽ വർഷം മുമ്പ് ഉദ്ഘാടനം നടക്കുമായിരുന്നു. ടോൾ പിരിക്കുന്ന നയം എൽ.ഡി.എഫിനില്ല. 36 ടോൾ പിരിവ് കേന്ദ്രങ്ങൾ ഉണ്ടായിരുന്നു. ഇതിൽ 24 സ്ഥലത്ത് ടോൾ പിരിവ് നിർത്തി. 12എണ്ണത്തിന്റെ നിർമ്മാണത്തിന് വായ്പ എടുത്തതിനാൽ ആ ബാധ്യത സർക്കാർ ഏറ്റെടുക്കേണ്ടി വരും. അത് ഒഴിവാക്കാൻ നൽകിയ ഫയലിൽ ധനകാര്യ വകുപ്പ് ചോദ്യചിഹ്നമിട്ട അവസ്ഥയാണ്. ആലപ്പുഴ ബൈപ്പാസിൽ ടോൾ പിരിക്കരുതെന്ന നയമാണ് സംസ്ഥാന സർക്കാരിന്റേത്. എന്നാൽ ടോൾ പിരിക്കണമെന്ന നിലപാടിലാണ് കേന്ദ്രം. ഇതിനെതിരെ രണ്ട് തവണ കേന്ദ്രസർക്കാരിന് കത്തു നൽകിയിരുന്നു. കഴിഞ്ഞ ദിവസം ദേശീയപാതയുടെ സംസ്ഥാനത്തെ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ ആവശ്യപ്രകാരം തൽക്കാലം ടോൾ പിരിവ് മാറ്റിവെക്കണമെന്ന കത്ത് നൽകി. ടോൾ പിരിക്കാനുള്ള തീരുമാനം എടുക്കുകയാണെങ്കിൽ കേന്ദ്ര വിഹിതം മാത്രം പിരിക്കാവൂ എന്നത് ഉൾപ്പെടെ മൂന്ന് കാര്യങ്ങൾ കത്തിലൂടെ നിർദേശിച്ചിട്ടുണ്ടെന്നും ജി.സുധാകരൻ പറഞ്ഞു.