ആലപ്പുഴ: പക്ഷിപ്പനി മൂലം ജില്ലയിലെ താറാവ്, ഇറച്ചിക്കോഴി വില്പന മേഖല കടുത്ത പ്രതിസന്ധിയിൽ. കോഴി ഫാം ഉടമകളും വലയുകയാണ്. 10,000ൽ അധികം കുടുംബങ്ങളുടെ ഉപജീവിതമാണ് പക്ഷിപ്പനിയിലൂടെ ബുദ്ധിമുട്ടുന്നത്.
കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിൽപ്പെടുന്ന ചില പഞ്ചായത്തുകളിലെ ഒറ്റപ്പെട്ട സ്ഥലങ്ങളിലാണ് രോഗം സ്ഥിരീകരിച്ചത്. താറാവുകളെയാണ് ആദ്യം ബാധിച്ചതെങ്കിലും രോഗഭീതി മൂലം കോഴിവിപണിയിലും ഇറച്ചി വിലയിലും ഇടിവുണ്ടായി. പതിവായി താറാവ്, കോഴിയിറച്ചി വാങ്ങിയിരുന്നവർ പക്ഷിപ്പനി ഭീതിമൂലം ബീഫ്, മട്ടൻ എന്നിവയിലേക്കു മാറി. ജില്ലയിൽ ആയിരത്തോളം ഫാമുകളും 2500 കോഴി ഇറച്ചി വില്പന സ്റ്റാളുകളും പ്രവർത്തിക്കുന്നുണ്ട്.
പക്ഷിപ്പനിയെ തുടർന്ന് താറാവ്, കോഴി ഇറച്ചിക്ക് കഴിഞ്ഞ 25 ദിവസത്തിനിടെ വില കുത്തനേ ഇടിഞ്ഞു. 250 മുതൽ 300 രൂപ വരെ ലഭിച്ചിരുന്ന താറാവിന് ഇപ്പോൾ 200 രൂപയിൽ താഴെയായി. കിലോയ്ക്ക് 140 രൂപ ഉണ്ടായിരുന്ന ഇറച്ചിക്കോഴിക്ക് ഇന്നലെ 72 രൂപയായി. അൻപത് ശതമാനത്തോളം വില കുറഞ്ഞെങ്കിലും വില്പനയിൽ വർദ്ധനവില്ല. പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ, ഒരുകിലോ തൂക്കംവരുന്ന കോഴിയുടെ വിലയായി കർഷകന് ലഭിക്കുന്നത് വെറും 60 രൂപ! കോഴി ഇത്രയും തൂക്കത്തിലെത്താൻ തീറ്റയ്ക്കും മറ്റുമായി ഇരട്ടിയോളം തുക ചെലവാകും. വിലയിടിവ് കോഴി കർഷകർക്ക് വലിയ നഷ്ടമാണുണ്ടാക്കിയത്. ഫാം ഉടമകൾ കിട്ടുന്ന വിലയ്ക്ക് മൊത്തവ്യാപാരികൾക്ക് നൽകുന്ന അവസ്ഥയിലാണ്.
കുഴഞ്ഞു മറിഞ്ഞു
കൊവിഡ് നിയന്ത്രണത്തിന് മുമ്പ് ജില്ലയിൽ പ്രതിദിനം രണ്ട് ലക്ഷം കിലോ ചിക്കൻ വിറ്റിരുന്നു. ഇതിനെ പുറമേ താറാവിറച്ചിയും. നിലവിൽ വില്പനയിൽ 60 ശതമാനം വരെ കുറവുണ്ടായി. നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ മേഖല അല്പം മെച്ചപ്പെട്ടപ്പോഴാണ് ഇടിത്തീയായി പക്ഷിപ്പനി എത്തിയത്. ആദ്യം താറാവിനാണ് പനി ബാധിച്ചതെങ്കിലും ഇറച്ചിക്കോഴി വില്പനയും കൂപ്പുകുത്തി. കായിപ്പുറം, മണ്ണഞ്ചേരി, മുഹമ്മ, അരൂർ മേഖലകളിൽ പ്രവത്തിക്കുന്ന കോഴി ഫാമുകളിൽ നിന്നാണ് പ്രതിദിനം ആവശ്യമായ നാടൻ ഇറച്ചിക്കോഴികളെ വിവിധ സ്റ്റാളുകളിൽ എത്തിക്കുന്നത്. വിലകുറച്ച് തമിഴ്നാട്ടിൽ നിന്ന് കോഴികളെ എത്തിക്കുന്നത് ജില്ലയിലെ കോഴി കർഷകർക്ക് ഭീഷണിയുമാണ്. കൊവിഡിനെ തുടർന്ന് നാട്ടിലെത്തിയ പ്രവാസികളാണ് ഫാം ഉടമകളിൽ അധികവും.
ഇടപെടൽ വേണം
പ്രളയം, പക്ഷിപ്പനി പ്രതിസന്ധികളിൽ കോഴി- താറാവ് കർഷകർക്കും വലിയ നഷ്ടമുണ്ടായി. പ്രതിസന്ധി മറികടക്കാൻ തീറ്റയുടെ വില കുറയ്ക്കാനോ സാമ്പത്തിക സഹായം നൽകാനോ നടപടി ഉണ്ടായില്ല. താറാവിനാണ് രോഗം ബാധിച്ചതെങ്കിലും ഉപഭോക്താക്കൾ കോഴിയിറച്ചിയും ഉപേക്ഷിക്കുന്ന സാഹചര്യത്തിൽ സർക്കാരിന്റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നാണ് കർഷകർ ആവശ്യപ്പെടുന്നത്. പ്രതിസന്ധി മറികടക്കാൻ കോഴിക്കുഞ്ഞുങ്ങളെ വിലകുറച്ച് നൽകണമെന്നും ആവശ്യമുണ്ട്.
മൊത്തം പ്രതിസന്ധി
പക്ഷിപ്പനിയെ തുടർന്ന് രണ്ട് താലൂക്കുകളിൽ മാത്രമാണ് കോഴി-താറാവ് ഇറച്ചി, മുട്ട എന്നിവയ്ക്ക് താത്കാലിക നിരോധനമെങ്കിലും ഫലത്തിൽ ജില്ലയിലാകെ കോഴിയിറച്ചി വില്പന പ്രതിസന്ധിയിലായി. ഹോട്ടൽ വ്യവസായത്തെയും നിരോധനം ബാധിച്ചു. ഇറച്ചിമാത്രം വിൽക്കുന്ന കോൾഡ് സ്റ്റോറേജുകാരും പ്രതിസന്ധിയിലായി. സ്റ്റോക്ക് ചെയ്തുവച്ചിരുന്ന മാംസം പോലും ചെലവാകാത്ത സ്ഥിതിയാണ്.
രോഗം പകരില്ല
കോഴി, താറാവ്, കാട എന്നിവയുടെ ഇറച്ചിയും മുട്ടയും നന്നായി പാകം ചെയ്ത് കഴിച്ചാൽ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാകില്ല. രോഗകാരിയായ വൈറസ് 60 ഡിഗ്രി ചൂടിൽ അരമണിക്കൂറിനുള്ളിൽ നശിക്കും.
........................
പക്ഷിപ്പനി ഭീതി കാരണം, വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് ലഭിച്ചിരുന്ന ഓർഡറിൽ 90 ശതമാനവും നഷ്ടമായി. ഇത് കച്ചവടക്കാരെയും ഫാം ഉടമകളെയും ബാധിച്ചു. താറാവ്, ഇറച്ചിക്കോഴി വില്പന കച്ചവടക്കാർക്ക് സഹായം നൽകാൻ സർക്കാർ തയ്യാറാകണം. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന തരത്തിൽ ഏർപ്പെടുത്തിയിട്ടുള്ള നിരോധനം പിൻവലിക്കണം
പി.ആർ.ഷിഹാബ്, ജില്ലാ സെക്രട്ടറി, ചിക്കൻ മർച്ചന്റ് അസോസിയേഷൻ
..........................................................
വില നിലവാരം (നിലവിൽ കിലോയ്ക്ക്)
ജീവനുള്ള ഇറച്ചിക്കോഴി: 72
ഇറച്ചി മാത്രം: 120
താറാവ് ഒന്നിന്: 180-200
...........................
പക്ഷിപ്പനി റിപ്പോർട്ട് ചെയ്യുന്നതിനു മുമ്പ്
(ഒരു കിലോ)
ജീവനുള്ള ഇറച്ചിക്കോഴി: 120-140
ഇറച്ചി മാത്രം: 190-240
താറാവ് ഒന്നിന്: 250-300